| Monday, 20th April 2020, 5:17 am

നവലിബറല്‍ പ്ലേഗ് ബാധിച്ച ട്രംപിന്റെ കൈകളില്‍ ചോര പുരണ്ടിരിക്കുന്നു; സാന്‍ഡേഴ്സ്, കൊറോണ, ബൈഡന്‍: നോം ചോംസ്‌കി സംസാരിക്കുന്നു

അമി ഗുഡ്മാന്‍

കൊറോണ വൈറസ് ലോകത്തൊട്ടാകെയും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സവിശേഷമായും പുതിയ ചര്‍ച്ചകള്‍ക്കു വഴിതെളിയിച്ചിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ലോകപ്രശസ്ത രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമായ നോം ചോംസ്‌കി പ്രശസ്ത അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക അമി ഗുഡ്മാനുമായി ബെര്‍ണി സാന്‌ഡേഴ്‌സിന്റെ പിന്മാറ്റം, ജോ ബൈഡന്‍ പ്രതീക്ഷകള്‍, കോവിഡ് മഹാമാരി വിഷയങ്ങളില്‍ സംസാരിക്കുന്നു.

‘ഡെമോക്രസി നൗ’-ഇല്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ എന്താണ് സംഭവിക്കുന്നത്. നവംബറില്‍ എന്താണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?

വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ സമാനതകളില്ലാത്ത ദുരന്തമായിരിക്കും ഡൊണാള്‍ഡ് ട്രംപ് സമ്മാനിക്കുക. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ചെയ്തുകൂട്ടിയ വിനാശകരമായ രാഷ്ട്രീയ തീരുമാനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനാകും ലോകം സാക്ഷ്യം വഹിക്കുക. അമേരിക്കന്‍ ജനതയ്ക്ക് മാത്രമല്ല, ലോകത്തിനു തന്നെ ഭീഷണിയായി ട്രംപിന്റെ നയങ്ങള്‍ പരിണമിക്കും.

ആരോഗ്യ മേഖല തകര്‍ന്ന് തരിപ്പണമാകുമെന്നതിനു സംശയമില്ല. പരിസ്ഥിതിയും, ആണവായുധ ഭീഷണിയുമായി ബന്ധപ്പെട്ടും ലോകത്ത് സംഭവിക്കുന്നത് വിവരണാതീതമായിരിക്കും. എന്നാല്‍ ഗൗരവമായി ഇക്കാര്യങ്ങള്‍ എവിടെയും ചര്‍ച്ചയാകുന്നില്ല എന്നതാണ് ഖേദകരം.

നോം ചോംസ്‌കി

ബൈഡന്‍ തെരഞ്ഞെടുക്കപ്പെടുകയാണെന്ന് കരുതുക. ഒബാമ ഭരണത്തിന്റെ തുടര്‍ച്ച തന്നെയായിരിക്കും അടിസ്ഥാനപരമായി അത്. മഹത്തായ നേട്ടമൊന്നുമായിരിക്കില്ല, എന്നാല്‍ ട്രമ്പിനോളം വിനാശകരമായിരിക്കില്ല. സംഘടിതരായ ഒരു പൊതുസമൂഹത്തിന് തങ്ങള്‍ക്കുമേല്‍ നടപ്പാക്കപ്പെടുന്ന തീരുമാനങ്ങളില്‍ സമ്മര്‍ദം ചെലുത്തുവാനും മാറ്റങ്ങള്‍ കൊണ്ടുവരുവാനുമെങ്കിലും ചുരുങ്ങിയത് സാധ്യമായിരിക്കും.

സാന്‍ഡേര്‍സിന്റെ രാഷ്ടീയ ഇടപെടലുകള്‍ പരാജയപ്പെട്ടുവെന്നാണ് പൊതു വായന. എന്നാല്‍ അതൊരു തെറ്റിദ്ധാരണയാണ്. എന്റെ ബോധ്യത്തില്‍ സമാനതകളില്ലാത്ത വിജയമാണ് സാന്‌ഡേഴ്‌സ് കാമ്പയിന്‍. അമേരിക്കന്‍ രാഷ്ട്രീയ ചര്‍ച്ചകളുടെ ഗതിമാറ്റങ്ങള്‍ക്കു അടിസ്ഥാനമായത് തന്നെ സാന്‍ഡേഴ്‌സിന്റെ രാഷ്ട്രീയ ഇടപെടലുകളാണ്.

ഒന്നുരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ അന്ധത നടിച്ചിരുന്ന വിഷയങ്ങള്‍ ഇന്ന് പൊതു ചര്‍ച്ചകളുടെ കാമ്പും കാതലുമായി മാറിയിട്ടുണ്ട്.

ഭരണകൂടത്തിന്റെ കണ്ണില്‍ സാന്‌ഡേഴ്‌സ് ചെയ്ത രൂക്ഷമായ കുറ്റം അദ്ദേഹം മുന്നോട്ടു വെച്ച നയങ്ങളായിരുന്നില്ല. മറിച്ച് അമേരിക്കയില്‍ ഉണര്‍ന്നുവരികയായിരുന്ന ‘ഒക്കുപൈ വാള്‍ സ്ട്രീറ്റ്, ബ്ലാക് ലൈവ്‌സ്’ മാറ്റര്‍ ഉള്‍പ്പടെയുള്ള നിരവധി ജനകീയ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു എന്നുള്ളതായിരുന്നു.

ബേണി സാന്‍ഡേഴ്‌സ്‌

വര്‍ഷങ്ങളുടെ ഇടവേളകില്‍ വല്ലപ്പോഴും ഒരിക്കല്‍ പ്രത്യക്ഷപ്പെടുകയും ഏതെങ്കിലുമൊരു രാഷ്ടീയ വ്യക്തിത്വങ്ങള്‍ക്കു ശക്തിപകരുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തിരുന്ന ഈ ജനകീയ പ്രസ്ഥാനങ്ങളുടെ പതിവ് രീതികള്‍ പൊളിച്ച്, അവരുടെ ഇടപെടലുകളിലും സമരങ്ങളിലും നൈരന്തര്യം ഉറപ്പിച്ച് കൃത്യമായ സാമൂഹിക മുന്നേറ്റങ്ങളായി അവയെ പരിവര്‍ത്തിപ്പിക്കുന്നതില്‍ സാന്‍ഡേര്‍സ് വിജയിച്ചിട്ടുണ്ട്. ബൈഡന്‍ ഭരണത്തെ ഇത് സ്വാധീനിക്കുകയും ചെയ്യാം.

ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ പൊതു ലഭ്യത, സൗജന്യവും സാര്‍വത്രികവുമായ സര്‍വകലാശാല വിദ്യാഭ്യാസം തുടങ്ങി സാന്‍ഡേര്‍സ് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കാം. അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍, ഇടത് മുഖ്യധാരയില്‍ പോലും, ഈ ആശയങ്ങള്‍ അമേരിക്കന്‍ പൊതുജനത്തിന് നേര്‍ക്കുള്ള (റാഡിക്കല്‍) അതിപരിഷ്‌കരണവാദങ്ങളായാണ് കണക്കാക്കപെട്ടിരുന്നത്.

ശത്രുപക്ഷത്തു നിന്നും അമേരിക്കന്‍ സമൂഹത്തിന് നേര്‍ക്കുള്ള ആക്രമണം ആയിട്ടാണ് ഈ ആശയങ്ങളെ പ്രതിഷ്ഠിച്ചിരുന്നത്. ഫലപ്രദമായ ദേശീയ ആരോഗ്യ സംവിധാനങ്ങള്‍ ഉള്ള, സൗജന്യ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പിലാക്കുന്ന ലോകത്തെ മറ്റു രാജ്യങ്ങളോടൊപ്പം അമേരിക്കയും എത്തിച്ചേരണമെന്ന് വാദിക്കുന്നത് അതിപരിഷ്‌കരണവാദമാകുന്നതെങ്ങനെയാണ്! ഫിന്‍ലാന്‍ഡ്, ജര്‍മ്മനി പോലുള്ള രാജ്യങ്ങള്‍ ഒക്കെയും ഈ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ചു.

അമേരിക്കയുടെ തെക്കന്‍ ഭാഗത്തായുള്ള മെക്‌സിക്കോ ദരിദ്ര രാഷ്ട്രമായിരുന്നിട്ടു കൂടി ഉയര്‍ന്ന നിലവാരത്തിലുള്ള സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു. ലോകത്തെ മെച്ചപ്പെട്ട രാജ്യങ്ങളുടെ ശ്രേണിയിലേക്ക് ഒരു ജനത ഉയരണം എന്ന് വാദിക്കുന്നത് ‘റാഡിക്കല്‍’ ആശയങ്ങള്‍ എന്നുവിളിച്ച് തള്ളിക്കളയുന്നതെങ്ങനെ! ഞാന്‍ സൂചിപ്പിച്ചത് പോലെ, ഇതൊക്കെ ശത്രുരാജ്യങ്ങളുടെ പക്കല്‍ നിന്നുള്ള വിമര്‍ശനങ്ങളായാണ് വായിക്കപ്പെടുന്നത്.

ഡൊണാള്‍ഡ് ട്രംപ്‌

കേവലം ട്രംപിനും അപ്പുറം, വലിയ പ്രതിസന്ധികളാണ് അമേരിക്കയിലുള്ളത്. ട്രംപ് അവയൊക്കെ വഷളാക്കി എന്ന് മാത്രം. മൗലികമായ പ്രശ്‌നങ്ങള്‍ കിടക്കുന്നത് വളരെ ആഴത്തിലാണ്. വെന്റിലേറ്റര്‍ ലഭ്യതക്കുറവ് പരിശോധിക്കാം. ഞാന്‍ മറ്റൊരിക്കല്‍ സൂചിപ്പിച്ചത് പോലെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമാകാത്ത മുതലാളിത്ത യുക്തിയുടെ പരാജയമാണ് ഇത്. ട്രംപിനേക്കാള്‍ ഗൗരവമുള്ള, നേര്‍ക്കുനേര്‍ നേരിടേണ്ട വിഷയമാണത്.

ഡൂംസ് ഡേ ഘടികാരത്തിന്റെ മിനിറ്റ് സൂചി അതിന്റെ ദുരന്ത സൂചികയുടെ അടുത്തേയ്ക്കു കൂടുതല്‍ അടുത്തത് ട്രംപ് ഭരണകാലത്താണെന്നോര്‍ക്കുക. ഈ ജനുവരിയില്‍ അതിന്റെ തോത് പരിധി ലംഘിക്കുക വരെയുണ്ടായി. മിനിറ്റുകളുടെ കണക്കുകള്‍ വിട്ട് ഇനി മനുഷ്യജന്യ മഹാദുരന്തത്തിന് സെക്കന്‍ഡുകള്‍ മാത്രമാണ് ഡൂംസ് ഡേ ഘടികാരത്തില്‍ ബാക്കിയുള്ളത്. ക്രെഡിറ് ഡൊണാള്‍ഡ് ട്രംപിന്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന് വിളിക്കാനാവാത്ത വിധം ക്രൂരമായി കഴിഞ്ഞു. യജമാനന്‍ പറയുന്നതെന്തും ആരാധനാനിര്‍ഭരമായി അതേപടി ഉരുവിടുന്ന ഒരുകൂട്ടം പാദസേവകരുടെ (sycophants) കൂട്ടം മാത്രമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ആത്മാര്‍ത്ഥതയും സത്യസന്ധതയും മരുന്നിനുപോലുമില്ല. ആണവ യുദ്ധ ഭീഷണിയും, ആയുധ നിയന്ത്രണ സംവിധാനങ്ങളുടെ നശീകരണവുമാണ് ജനാധിപത്യത്തിന്റെ കശാപ്പിനൊപ്പം ഉയര്‍ന്നുവരുന്ന, മനുഷ്യരാശിയുടെ നിലനില്‍പിന് തന്നെ ചോദ്യം ചെയ്യുന്ന, മറ്റു ദുരന്തങ്ങള്‍.

അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെപി മോര്‍ഗന്റെ ഒരു കുറിപ്പില്‍ അമേരിക്ക പിന്തുടരുന്ന രാഷ്ട്രീയ നയങ്ങള്‍ എങ്ങനെയാണ് മനുഷ്യകുലത്തിനെ ഒന്നാകെ തന്നെ അപകടത്തിലാക്കുന്നതെന്നു വാദിക്കുന്നുണ്ട്. ബാങ്കുകള്‍ പെട്രോളിയം ഉല്പാദനത്തിന് നല്‍കുന്ന സഹായം വെട്ടിച്ചുരുക്കേണ്ടതുണ്ട് എന്നും പറഞ്ഞുവെക്കുന്നു. തങ്ങളുടെ സല്‍പ്പേരിനു കളങ്കം വരാതിരിക്കാനെങ്കിലും അത്തരം നടപടികളിലേക്ക് കടക്കണമെന്നു അവര്‍ കരുതുന്നു.

ബറാക് ഒബാമ

ഇത് നല്‍കുന്ന ചിത്രമെന്താണ്. ആക്ടിവിസ്റ്റുകളുടെ നിരന്തര സമ്മര്‍ദങ്ങളുടെ ഫലമാണ് അത്. പൊതുജന മധ്യത്തിലെ പ്രതിച്ഛായക്ക് കളങ്കം തട്ടാതിരിക്കാണെങ്കിലും അവര്‍ ഇങ്ങനെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നത് നല്ലൊരു മുന്നേറ്റമാണ്.

സമാനമായ മറ്റനുഭവങ്ങള്‍ നോക്കാം. നവീന പരിസ്ഥിതി കരാര്‍ (Green New Deal) കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ഒരു പരിഹാസ്യ വിഷയം മാത്രമായിരുന്നു. ഏതെങ്കിലും ഒരു തരത്തിലുള്ള പരിസ്ഥിതി സന്ധി മനുഷ്യരുടെ നിലനില്‍പിന് അത്യന്താപേക്ഷിതമാണ് എന്ന് സണ്‍റൈസ് മൂവ്‌മെന്റ് പോലെയുള്ള ആക്ടിവിസ്റ്റുകളുടെ ഗ്രൂപ്പുകള്‍ ശക്തമായി വാദിച്ചുകൊണ്ടേയിരുന്നു. ഇപ്പോള്‍ അത് പൊതു അജണ്ടയുടെ ഭാഗമായി മാറി. കാരണം എന്താണ്?

ശക്തവും ക്രിയാത്മകമായ ഇടപെടലുകള്‍ കൊണ്ടുതന്നെയാണ്. സാന്‍ഡേര്‍സ് തരംഗത്തിന്റെ ഭാഗമായി തന്നെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ എത്തിപ്പെട്ട അലക്‌സാന്‍ഡ്രിയ ഒകാഷ കോര്‍ട്ടസ് പോലുള്ള ജനപ്രതിനിധിയുടെ വലിയ പിന്തുണ സണ്‍റൈസ് മൂവേമെന്റിന് ലഭിച്ചു. വലിയൊരു വിജയമായിരുന്നു അത്. മസാച്യുസെറ് സെനറ്റര്‍ ആയ എഡ് മാര്‍ക്കെയും കൂടിച്ചേര്‍ന്നു. ഇപ്പോള്‍ നിയമനിര്‍മാണ പ്രക്രിയയുടെ ഭാഗമായിക്കഴിഞ്ഞു ഗ്രീന്‍ ന്യൂ ഡീല്‍.

പൊതുജനങ്ങളോട് അത്രമേല്‍ അനുകമ്പാപൂര്‍ണമായ ഭരണമൊന്നും ബൈഡന്‍ മുന്നോട്ട് വെച്ചില്ലെങ്കിലും, ജനസാമാന്യത്തിന് പ്രാപ്യമായ, ഇടപെടാന്‍ കഴിയുന്ന, സമ്മര്‍ദം ചെലുത്താന്‍ കഴിയുന്ന ഭരണസംവിധാനമായിരിക്കും അത്. അത് വളരെ പ്രധാനവുമാണ്. പ്രശസ്ത തൊഴിലാളിവര്‍ഗ ചരിതകാരനായിരുന്ന എറിക് ലൂമിസ് അഭിപ്രായപ്പെടുന്നത് പ്രകാരം തങ്ങളുടെയും സമൂഹത്തിന്റെയും പുരോഗതി ലക്ഷ്യമാക്കിയുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ ഭരണകൂടങ്ങളോടുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ വിജയം കണ്ടതൊക്കെയും സഹിഷ്ണുക്കളായവര്‍ അധികാരത്തിലിരിക്കുമ്പോള്‍ മാത്രമാണ്.

ജോ ബൈഡന്‍

ട്രംപും ബൈഡനും തമ്മിലുള്ള നിരവധി വ്യത്യാസങ്ങളില്‍ സുപ്രധാനമായത് ട്രംപ് കടുത്ത സമൂഹവിരുദ്ധനും (osciopath) ബൈഡന്‍ സാമൂഹിക സ്വാധീനങ്ങള്‍ക്കു വഴങ്ങുന്നയാളും ആണെന്നുള്ളതാണ്. ഇത് മനുഷ്യ ചരിത്രത്തിലെ തന്നെ സുപ്രധാനമായ തെരഞ്ഞെടുപ്പാണ്. ഇനിയൊരു നാല് വര്‍ഷംകൂടി ട്രംപിന് ലഭിച്ചാല്‍, നാമൊക്കെയും കരകയറാനാവാത്ത ദുരിതത്തിലാകും.

ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രം ഒരു മഹാമാരിയില്‍ ഇങ്ങനെ നട്ടതിരിയേണ്ടിവന്നതെങ്ങനെ?

ലോകരാജ്യങ്ങള്‍ പലതരത്തിലാണ് ഈ സന്ദര്‍ഭത്തില്‍ ഉരുത്തിരിഞ്ഞു വന്നത്. ചിലര്‍ വളരെ മികച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തു, മറ്റു ചിലര്‍ മോശമല്ലാത്ത തരത്തില്‍ വിജയം നേടി. ഒരു വിഭാഗം പടുകുഴിയില്‍ വീണു കിടക്കുകയാണ്. ലോകാരോഗ്യ സംഘടനക്ക് കൃത്യമായ കണക്കുകള്‍ പോലും നല്‍കാന്‍ അമേരിക്കക് കഴിഞ്ഞിട്ടില്ല.

ഇതാണ് അമേരിക്കയുടെ നിലവിലെ അവസ്ഥ. അസാധാരണമായ ഒരു സാഹചര്യത്തെപ്പോലും നേരിടാന്‍ കെല്പില്ലാത്ത ഒരു പൊതുജനാരോഗ്യ സംവിധാനമാണ് ഇതിനൊക്കെയും പ്രധാന കാരണം. അതുപയോഗിച്ചു ഈ പ്രശ്‌നങ്ങളെ നേരിടാന്‍ സാധ്യമാകില്ല. കൂടെ വാഷിങ്ടണില്‍ ഒരു കൊള്ളസംഘം കൂടി ആയപ്പോള്‍ സ്ഥിതി വഷളായി. ആരോഗ്യ സംവിധാനങ്ങളെ കൃത്യമായി നശിപ്പിക്കുവാനുള്ള ഓരോ പടിയും അവര്‍ കണക്കുകൂട്ടി നടപ്പിലാക്കി എന്ന തരത്തിലായിരുന്നു കാര്യങ്ങള്‍.

കഴിഞ്ഞ നാല് വര്‍ഷവും ആരോഗ്യമേഖലിയിലെ സര്‍ക്കാര്‍ ചെലവുകളെയും സംവിധാനങ്ങളെയും ഒക്കെ ട്രംപ് വെട്ടിയൊതുക്കി നശിപ്പിച്ചു. പെന്റഗണും മതിലുകളുമൊക്കെ വാനോളമുയരുന്നുണ്ടായിരുന്നു. സാമാന്യ ജനതക്ക് ഉപകാരപ്പെടുന്നതെല്ലാം, പ്രത്യേകിച്ച് ആരോഗ്യരംഗം, കീഴേക്കു കൂപ്പുകുത്തുകയായിരുന്നു.

വിചിത്രമായ കാര്യങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. ഉദാഹരണത്തിന്, ചൈനയുള്‍പ്പടെയുള്ള മൂന്നാംലോക രാജ്യങ്ങളിലേക്കുള്ള വികസനസഹായ പദ്ധതി (USAID) ഒക്ടോബറില്‍ ട്രംപ് നിര്‍ത്തലാക്കി. മഹാമാരികളായി മാറാന്‍ സാധ്യതയുള്ള വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിന് നല്‍കുന്ന ധനസഹായമായിരുന്നു അത്. 2003-ലെ സാര്‍സ് രോഗം മുതല്‍ തന്നെ ശാസ്ത്രലോകം ഇത്തരം ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കുറെയധികം ഘടകങ്ങളാണ് സ്ഥിതി ഗുരുതരമാക്കിയത്, അവയില്‍ ചിലത് അമേരിക്കക്ക് സവിശേഷമായതും.

ആഗോളതാപനം ഉയര്‍ത്തുന്ന ഭീഷണികള്‍ കൂടി കണക്കിലെടുത്ത് ഭാവിയില്‍ ഇത്തരമൊരു മഹാമാരി, അല്ലെങ്കില്‍ ഇതിനേക്കാള്‍ മാരകമായ മറ്റൊന്ന്, വരാതിരിക്കണമെങ്കില്‍ ഈ വൈറസിന്റെ ഉല്പത്തി അന്വേഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ശാസ്ത്രജ്ഞര്‍ വൈറസുകളെക്കുറിച്ചു വര്‍ഷങ്ങളായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സാര്‍സ് രോഗത്തെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചെങ്കിലും വൈറസ് വാക്‌സിനുകളെക്കുറിച്ച് തുടങ്ങിവെച്ച ഗവേഷണങ്ങള്‍ എങ്ങുമെത്തിയില്ല.

അന്നുതന്നെ വ്യക്തമായിരുന്നു അതിലും ഭീതിദമായത് സംഭവിക്കുമെന്ന്. എന്നാല്‍ അതുകൊണ്ടു കാര്യമില്ല. ആരാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക? സ്വാഭാവികമായും മരുന്ന് കമ്പനികള്‍ തന്നെയാണ് ആദ്യം മുന്നോട്ട് വരേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ക്ക് താല്പര്യമുണ്ടായില്ല. കമ്പോളത്തിന്റെ സൂചികകള്‍ നോക്കി ലാഭത്തിനു വേണ്ടി മാത്രം എന്ന മുതലാളിത്ത യുക്തിയില്‍ മുന്നോട്ട് പോകുന്ന കമ്പനികള്‍ ഭാവിയില്‍ എപ്പോഴോ വരാനിരിക്കുന്ന മഹാമാരിക്ക് വേണ്ടി പണിയെടുക്കില്ലലോ. അവര്‍ക്ക് താല്‍പ്പര്യമുണ്ടായില്ല.

ആ ഘട്ടത്തില്‍ അടുത്ത സാധ്യത ഗവണ്‍മെന്റുകള്‍ രംഗപ്രവേശം ചെയ്യുക എന്നതാണ്. പോളിയോ തടയാന്‍ സാധിച്ച സാല്‍ക് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത് സര്‍ക്കാര്‍ ധനസഹായത്തോടെയായിരുന്നു. ബൗദ്ധിക സ്വത്തവകാശമില്ലാത്ത സൗജന്യ വാക്‌സിന്‍ ആയിരുന്നു സാല്‍ക്. സൂര്യപ്രകാശം പോലെ സൗജന്യമായിരിക്കണം വാക്‌സിന്‍ എന്നാണ് ഗവേഷകനായിരുന്ന ജോനാസ് സാല്‍ക് പറഞ്ഞത്.

പോളിയോയും മീസില്‍സും ഒക്കെ അങ്ങനെ നേരിട്ടു. എന്നാല്‍ ഗവര്‍മെന്റുകള്‍ ഇപ്പോള്‍ ഇടപെടുന്നില്ല, കാരണം മറ്റൊരു ആധുനിക അസുഖം അവരെ ബാധിച്ചിരിക്കുന്നു, ‘നവലിബറല്‍ പ്ലേഗ്.’ സര്‍ക്കാരുകള്‍ പരിഹാരമല്ല കമ്പോളത്തില്‍ പ്രശ്‌നങ്ങളാണ് സമ്മാനിക്കുകയെന്ന റൊണാള്‍ഡ് റീഗന്റെ പ്രസ്താവന ചേര്‍ത്ത് വായിക്കാം.

എന്നിരുന്നാലും പേരിനെങ്കിലും ചില ശ്രമങ്ങള്‍ നടന്നിരുന്നു. ഇന്ന് ന്യൂയോര്‍ക്കിലെയും മറ്റിടത്തെയും ഡോക്ടര്‍മാരും നഴ്സുകളും ആരെ മരണത്തിനു വിട്ടുകൊടുക്കണം എന്ന കഠിന തീരുമാനം ഏടുക്കേണ്ടി വരുന്ന അവസ്ഥയിലാണ്. ആവശ്യത്തിന് ചികിത്സാ സാമഗ്രികള്‍ അവര്‍ക്കില്ല. ഗുരുതരമായ പ്രശ്‌നം ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ഇല്ലായെന്നതാണ്.

ഒബാമ ഭരണകൂടം ഇതിനുവേണ്ടി ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നതാണ് വാസ്തവം. ഈ ദുരന്തത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ നാടകീയമായാണ് പുറത്തേക്കു വരുന്നത്. ഒബാമ സര്‍ക്കാര്‍ കുറഞ്ഞ പൈസക്ക് ഗുണമേന്മയുള്ള വെന്റിലേറ്ററുകള്‍ നിര്‍മിച്ചു നല്‍കുന്ന ഒരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

എന്നാല്‍ പിന്നീട് കോവിഡീന്‍ എന്ന പേരിലുള്ള ഭീമന്‍ കമ്പനി ആദ്യ കമ്പനിയെ സ്വന്തമാക്കി. വിലകൂടിയ സാനിറ്റൈസറുകള്‍ ഉണ്ടാകുന്ന കോവിഡീന്‍ ഒബാമ സര്‍ക്കാരുമായില്ല കരാറുമായി മുന്നോട്ട് പോയില്ല. സത്യത്തില്‍ അവരുടെ വിലകൂടിയ ഉല്പന്നവും വിലകുറഞ്ഞ ഗുണമേന്മയുള്ള വെന്റിലേറ്ററുമായി ഒരു മത്സരം ഒഴിവാക്കുക എന്നതായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. പദ്ധതി ലാഭകരമല്ലാത്തതിനാല്‍ കരാറില്‍ നിന്നും പിന്മാറുകയാണെന്ന് അവര്‍ സര്‍ക്കാരിനെ അറിയിച്ചു.

ഇത് തന്നെയാണ് ഹോസ്പിറ്റലുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവലിബറല്‍ കാലത്തെ ആശുപത്രികള്‍ മികച്ച സൗകര്യങ്ങളുള്ള കാര്യക്ഷമമായ സംവിധാനങ്ങള്‍ ആവണമെന്നുള്ളതാണല്ലോ സങ്കല്‍പം. എന്നാല്‍ കൊവിഡ് പ്രതിസന്ധികള്‍ ഒക്കെ തുടങ്ങുന്നതിന് മുന്‍പ് തന്നെ അമേരിക്കയിലെ വലിയ ആശുപത്രികളില്‍ പോലും ബുദ്ധിമുട്ടുകള്‍ മാത്രമായിരുന്നു എന്ന് ഞാനുള്‍പ്പെടെയുള്ള നിരവധി രോഗികള്‍ക്ക് സാക്ഷ്യപ്പെടുത്താന്‍ സാധിക്കും. ലാഭം മാത്രം ലക്ഷ്യം വെച്ചുള്ള സ്വകാര്യ ആരോഗ്യ സംവിധാനങ്ങളുടെ പരിണതിയാണിത്. അസാധാരണമായ യാതൊരു സന്ദര്ഭങ്ങളെയും നേരിടാന്‍ അവയ്ക്കു ത്രാണിയില്ല. മൊത്തം ആരോഗ്യ മേഖലയിലും ഇതാണ് സ്ഥിതി.

മുതലാളിത്ത യുക്തിചില സന്ദര്‍ഭങ്ങളില്‍ എങ്കിലും നിയത്രണ വിധേയമാണെന്നു പരിഗണിക്കാമെങ്കിലും നവലിബറല്‍ പരിപാടികളുമായി ചേരുമ്പോള്‍ മാരകമായൊരു മിശ്രണമായി മാറുന്നു. സ്വകാര്യ മേഖല മാറി നിന്നാല്‍ പോലും ഗവണ്‍മെന്റുകള്‍ക്ക് ഇടപെടാനാവില്ല എന്നതാണ് നവലിബറല്‍ നിലപാട്.

സര്‍വോപരിയായി, അമേരിക്കയുടെ മാത്രം പ്രശ്‌നമായി, വിചിത്രമായ കാര്യങ്ങളാണ് വാഷിംഗ്ടണില്‍ നടക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും കുത്തഴിഞ്ഞ ഗവണ്‍മെന്റ് ചെറിയ കുഴപ്പങ്ങളൊന്നുമല്ല രാജ്യത്തിന് സമ്മാനിക്കുന്നത്. ട്രംപിന്റെ കാലയളവില്‍ ഉടനീളയ്ക്കും, ഒരുപക്ഷെ അതിന് മുന്‍പ് തന്നെയും ഒരു മഹാമാരിയുടെ മുന്നറിയിപ്പ് അമേരിക്കക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ അതിനുവേണ്ടിയുള്ള തയാറെടുപ്പുകളെയെല്ലാം വെട്ടിച്ചുരുക്കുകയാണ് ട്രംപ് ചെയ്തത്. അത്ഭുതമെന്ന് പറയട്ടെ, മഹാമാരി വ്യാപിച്ചിട്ടും ഈ നിലപാടാണ് ട്രംപ് തുടര്‍ന്നത്.

ലോക സഹാചര്യം അനുദിനം വഷളായിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ തന്നെ ആയിരുന്നു ഫെബ്രുവരി 10-ന് ട്രംപിന്റെ ബജറ്റ് പ്രഖ്യാപനം. കോവിഡ് വ്യാപനം തുടങ്ങിയിട്ട്‌പോലും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പോലെയുള്ള ആരോഗ്യ മേഖലയിലെ നെടുംതൂണുകളായ നിരവധി സ്ഥാപനങ്ങള്‍ക്കു ഫണ്ട് നിഷേധിച്ചുകൊണ്ടുള്ള ബഡ്ജറ്റ് ആയിരുന്നു അത്. ഫോസില്‍ ഇന്ധന മേഖലക്ക് കൂടുതല്‍ പണവും സബ്‌സിഡികളും ഇതേ ബഡ്ജറ്റില്‍ തന്നെ അനുവദിച്ചു. അതായത്, ഈ രാജ്യമിന്ന് കുറച്ചു സമൂഹ വിരുദ്ധരുടെ കൈവശമാണെന്നു കരുതണം.

ഒരു മഹാമാരിയെ നേരിടാനുള്ള ശ്രമങ്ങള്‍ പരമാവധി ദുര്‍ബലപ്പെടുത്തുന്നു. അതേസമയം പരിസ്ഥിതി നശിപ്പിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഒക്കെയും ശക്തിപ്പെടുത്തുന്നു. ട്രംപിന് കീഴില്‍ അമേരിക്ക ഒരു പടുകുഴിയിലേക്കാണ് പതിച്ചുകൊണ്ടിരിക്കുന്നത്. കൊറോണ വൈറസിനേക്കാള്‍ ഗുരുതരമായിരിക്കും ഇതിന്റെ പരിണിത ഫലം. അങ്ങേയറ്റം ഗൗരവമായ അവസ്ഥയിലാണ് ഈ മഹാമാരി കൊണ്ടെത്തിച്ചതെങ്കിലും നമ്മള്‍ വലിയ വിലകൊടുത്ത് കരകയറുമായിരിക്കും. എന്നാല്‍ ദ്രുവങ്ങളിലെ മഞ്ഞുപാളികള്‍ ഉരുകിയൊഴുകുന്നതില്‍ നിന്നും നമ്മള്‍ രക്ഷപ്പെടില്ല. കാര്യമായെന്തെങ്കിലും ചെയ്യാത്തിടത്തോളം കാലം, ഇനിയും ഭൂമി കടലിന്റെ ഇരുളിലേക്ക് താഴ്ന്നുകൊണ്ടേയിരിക്കും.

ഇതൊരു രഹസ്യമൊന്നുമല്ല. ഈ അടുത്തിടെയാണ് ജെപി മോര്‍ഗന്റെ കുറിപ്പ് പുറത്തുവരുന്നത്. ഫോസില്‍ ഇന്ധനകള്‍ക്കു ഉള്‍പ്പടെ ധനസഹായം ചെയ്യുന്ന നിലവിലെ സാമ്പത്തിക രീതികള്‍ തുടരുകയാണെങ്കില്‍ ‘മനുഷ്യരാശിയുടെ നിലനില്‍പ്’ തന്നെ അപകടത്തിലാകും എന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ട്രംപ് ഭരണത്തെ ഒന്ന് കണ്ണുതുറന്നു വീക്ഷിക്കുന്നവര്‍ക്കൊക്കെയും എളുപ്പത്തില്‍ മനസിലാകും ഇത്.

തന്റെ പരാജയങ്ങള്‍ക്കും പിടിപ്പുകേടുകള്‍ക്കും മറ്റുള്ളവരെ ബലിയാടാക്കുവാനാണ് ട്രംപ് ശ്രമിക്കുന്നത്. ലോകാരോഗ്യ സംഘടനക്ക് നേരെയും ചൈനക്ക് നേരെയും തിരിയുന്നതും അതുകൊണ്ടാണ്, സ്വന്തം കുറ്റത്തിന് മറ്റുള്ളവരെ പഴിക്കാന്‍.

പക്ഷെ വസ്തുതകള്‍ കൃത്യമാണ്. ന്യൂമോണിയയുടേതിന് സമാനമായ ആരോഗ്യ പ്രശ്‌നങ്ങളുമായി രോഗികളെ കണ്ടെത്തി തുടങ്ങിയിട്ടുണ്ട് എന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അത് എന്ത് അസുഖമാണെന്ന് അറിവുണ്ടായിരുന്നില്ല. ഒരാഴ്ച കഴിഞ്ഞു ജനുവരി 7 ന് അവര്‍ ലോകാരോഗ്യ സംഘടനയോടും ശാസ്ത്രജ്ഞരോടും ഔദ്യോഗികമായി ചൈനയില്‍ സാര്‍സിന് സമാനമായ കൊറോണ വൈസറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു.

വൈറസിന്റെ പിന്തുടര്‍ച്ച ക്രമവും (sequence) ജനിതക ഘടനയും (genome ) ഉള്‍പ്പടെ അവര്‍ അതിനോടകം തിരിച്ചറിഞ്ഞിരുന്നു. ലോകത്തിന് അത് കൈമാറുകയും ചെയ്തിരുന്നു.

അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗവും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നു. ലോകത്തൊരു മഹാമാരി പടരുന്നു എന്ന് വൈറ്റ് ഹൗസിനെ ധരിപ്പിക്കാന്‍ ജനുവരിയിലും ഫെബ്രുവരിയിലും അവര്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഒരാള്‍ പോലും ചെവികൊടുക്കുകയുണ്ടായില്ല. ട്രമ്പ് ഗോള്‍ഫ് കളിക്കുകയോ തന്റെ ടെലിവിഷന്‍ റേറ്റിംഗ് തിരക്കി നടക്കുകയോ ആയിരിക്കാം അപ്പോള്‍. ഉയര്‍ന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥനായ പീറ്റര്‍ നവാരോ ജനുവരി അവസാനം തന്നെ സ്ഥിതി വളരെ ഗുരുതരമാണ് എന്ന മുന്നറിയിപ്പ് സന്ദേശം വൈറ്റ് ഹൗസിനു നല്‍കിയിരുന്നു. ട്രംപ് ഭരണത്തോട് അടുത്ത് നില്‍ക്കുന്ന ആളായിരുന്നിട്ട്കൂടിയും യാതൊരു തീരുമാനവും ഉണ്ടായില്ല.

ഈ മുന്നറിയിപ്പുകളും ടെസ്റ്റിംഗും വ്യക്തി സുരക്ഷാ ഉപകരണങ്ങളും എന്തുകൊണ്ടാണ് ഇത്ര പ്രാധാന്യമര്ഹിക്കുന്നത്?

പാന്‍ഡെമിക് ആയി കോവിഡ് പ്രഖ്യാപിക്കപ്പെട്ടിട്ടും സ്ഥിതികള്‍ അതുപോലെ തുടരുകയാണുണ്ടായത്. ഫെബ്രുവരിയില്‍ ബജറ്റ് പ്രഖ്യാപിച്ചപ്പോള്‍ കോവിഡ് വ്യാപിച്ചു കഴിഞ്ഞിരുന്നു. എന്നിട്ടും ആരോഗ്യ മേഖലയിലേക്കുള്ള ധനവിനിയോഗം കുറക്കുകയാണുണ്ടായത്. ട്രംപിന്റെ തുടക്കം മുതല്‍ തന്നെ ഇതായിരുന്നു അവസ്ഥ.

ട്രംപ് ഇന്ന് ഒന്ന് പറയും, നാളെ അതിനു എതിര് പറയും മറ്റന്നാള്‍ വേറൊന്ന്. ഏതു ദിശയില്‍ കാര്യങ്ങള്‍ ഉരുത്തിരിഞ്ഞാലും അതൊക്കെ താന്‍ പറഞ്ഞിരുന്നു എന്ന് ട്രംപിന് പറയാന്‍ കഴിയും. അങ്ങനെ ന്യായീകരിക്കപ്പെടുകയും ചെയ്യും. പൊട്ടക്കണ്ണന്റെ മാവിലേക്കുപോലെയാണത്. ഫോക്‌സ് ന്യൂസും, അതിന്റെ കാണികളും ലിമ്പോയും നാളെ ട്രംപ് പറഞ്ഞു ശെരിയായതു മാത്രം പെറുക്കിയെടുക്കും. എന്നിട്ട് ‘എന്ത് മഹാനാണ് നമ്മുടെ പ്രസിഡന്റ്, എത്ര ദീര്‍ഘവീക്ഷണം. ശരിക്കും നമ്മുടെ രക്ഷകനാണ്’ എന്നൊക്കെ വിളമ്പും.

നിരന്തരമായി കള്ളങ്ങള്‍ ഉരുട്ടിവിട്ടുകൊണ്ടിരിക്കുകയെന്നത് ഒരു തന്ത്രമാണ്. കള്ളങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുക, സത്യം പതിയെ അപ്രത്യക്ഷമാകും.

അമേരിക്കന്‍ പ്രസിഡന്റിന്റെ കയ്യില്‍ ചോര പുരണ്ടിരിക്കുന്നു എന്ന് തോന്നുന്നുണ്ടോ?

അതില്‍ സംശയമേയില്ല. ട്രംപ് ഒരു വിഡ്ഢിത്തം പറയും. ഉടന്‍ ഫോക്‌സ് ന്യൂസ് ബ്രേക്കിംഗ് ന്യൂസ് ആകും. തൊട്ടടുത്ത ദിവസം നേരെ വിപരീതം പറയും, അതും ഫോക്‌സ് ന്യൂസില്‍ ഗംഭീര വാര്‍ത്ത. ആ റിപ്പോര്‍ട്ടര്‍ മാരുടെ അവതരണ രീതി തന്നെ ശ്രദ്ധിക്കണം. ഒരു കണ്‍ഫ്യൂഷനും ഇല്ല, തികഞ്ഞ ആതമവിശ്വാസത്തില്‍. പ്രിയ നേതാവ് എന്ത് പറയുന്നോ, അത് ഞങ്ങള്‍ക്ക് ആഘോഷം. സിയാന്‍ ഹന്നിറ്റി ടിവിയില്‍ വന്നു പറയും, ‘ലോക ചരിത്രത്തിലെ തന്നെ ഉദാത്തമായ ചുവടുവെപ്പാണ് ഇത്’ എന്നൊക്കെ. പിറ്റേന്ന് രാവിലെ ഫോക്‌സ് ന്യൂസ് വെച്ച് ട്രംപ് ഇതൊക്കെ കാണും. അന്നത്തേക്കുള്ള വകയായി. അമേരിക്കയെ മാത്രമല്ല ലോകം ഒട്ടാകെ നശിപ്പിക്കാനാണ് ട്രംപ്-മര്‍ഡോക് കൂട്ടുകെട്ട് ശ്രമിക്കുന്നത്.

ട്രംപ് ഒറ്റക്കല്ല. ഉന്മാദം ബാധിച്ച മറ്റൊരാള്‍ ദക്ഷിണാര്‍ത്ഥ ഗോളത്തിലുണ്ട്. ജൈര്‍ ബോള്‍സൊനാരോ. ഭൂമിയിലെ ഏറ്റവും വലിയ ക്രിമിനല്‍ ആരെന്ന മത്സരത്തിലാണ് ഇരുവരും. ‘ഇത് നിസാരമായ ജലദോഷമാണ്. ബ്രസീലുകാര്‍ക്ക് വൈറസ് പിടിപെടില്ല. നമ്മള്‍ പ്രതിരോധ ശേഷിയുള്ളവരാണ്,’ എന്നൊക്കെയാണ് സ്വന്തം ജനതയോട് അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബ്രസീലിന്റെ തന്നെ ആരോഗ്യ മന്ത്രിയും മറ്റു ഉദ്യോഗസ്ഥരും സംഗതിയുടെ ഗൗരവം ബോധ്യപ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

ആശ്വാസകരമെന്നത്, ഗവര്‍ണര്‍മാരില്‍ പലരും ബോള്‍സൊനാറോയുടെ വാക്കുകള്‍ക്കു ചെവികൊടുക്കുന്നില്ല എന്നുള്ളതാണ്. എന്നാലും അതിഗുരുതരമായ പ്രതിസന്ധിയാണ് ബ്രസീല്‍ അഭിമുഖീകരിക്കുന്നത്. ലക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ബ്രസീലിന്റെ ചേരികളില്‍ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊന്നും യാതൊരു സര്‍ക്കാര്‍ സംവിധാനവുമില്ല. ഇപ്പോള്‍ അവിടെ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ബ്രസീലിന്റെ ഗുണ്ടാ സംഘങ്ങള്‍ ആണ്. ജനതയെ പീഡിപ്പിച്ചും മുള്‍മുനയില്‍ നിര്‍ത്തിയും അരങ്ങു വാഴുന്ന ക്രിമിനല്‍ കൂട്ടങ്ങള്‍ ആണ് പൊതുജനാരോഗ്യം സംരക്ഷിക്കുന്നത്.

തദ്ദേശീയ ജനവിഭാഗം വംശഹത്യ നേരിടുകയാണ്. ബോള്‍സൊണാറോയ്ക്ക് ഇതൊന്നും ബാധകമേയല്ല. ആ വിഭാഗം ആളുകള്‍ അവിടെ ഉണ്ടാകേണ്ടവരാണെന്നു ബോള്‍സെനാരോ കരുതുന്നില്ല. ഇതിനിടയില്‍ വരുന്ന പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ആമസോണ്‍ വനങ്ങളുടെ കാര്‍ബണ്‍ സ്വീകരണ കഴിവ് നഷ്ടപ്പെടുമെന്ന് ഗവേഷക പ്രബന്ധങ്ങള്‍ അഭിപ്രായപ്പെടുന്നു. ബ്രസീലിനും, പൊതുവെ ലോകത്തിനും ശവപ്പെട്ടിയൊരുക്കലായിരിക്കും അത്.

ലോകത്തെയും സ്വന്തം രാജ്യത്തെയും എങ്ങനെ നശിപ്പിക്കാമെന്നു മാത്രം ചിന്തിക്കുന്ന ഒരുകൂട്ടം സാമൂഹിക വിരുദ്ധരുടെ കയ്യിലാണ് ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക. ബ്രസീലും ഏതാണ്ട് അതെ പാതയില്‍ തന്നെയാണ്.

എന്നാല്‍ മറ്റുരാജ്യങ്ങള്‍ ഗൗരവമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ചൈനയില്‍ നിന്നും വൈറസ് വാര്‍ത്തകള്‍ വന്നുതുടങ്ങിയ സമയത്ത് തന്നെ തായ്വാന്‍, സൗത്ത് കൊറിയ, സിങ്കപ്പൂര്‍ തുടങ്ങിയ സമീപ രാജ്യങ്ങള്‍ ചിട്ടയായ നടപടികള്‍ എടുത്തിരുന്നു. അവയില്‍ പലയിടത്തും സ്ഥിതി നിയത്രണ വിധേയവും ആണ്.

ദ്രുതഗതിയില്‍ ലോക്‌ഡൌണ്‍ പ്രഖ്യാപിക്കുകയു നടപ്പിലാക്കുകയും ചെയ്തു ന്യൂസിലാന്‍ഡ് കൊറോണ വൈറസ് രോഗം ഏതാണ്ട് ഇല്ലായ്മ ചെയ്തു എന്ന് പറയാം. യൂറോപ്പ് ഒന്നാകെ സംഭ്രമിച്ചിരിക്കുകയാണെങ്കിലും ഒറ്റപ്പെട്ട ചില രാജ്യങ്ങള്‍ കൃത്യമായി കോവിഡിനെ നേരിടുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്‌ധോരണികളും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കല്‍ കാര്യങ്ങള്‍ വസ്തുതാപരമായി ജര്‍മന്‍ ജനതയോട് വിശദീകരിക്കുന്നതും പരിശോദിക്കുന്നത് അമേരിക്കക്കാര്‍ക്ക് നന്നായിരിക്കും.

പ്രതീക്ഷ നല്കുന്നതെന്താണ്?

ലോകമൊട്ടാകെ ജനകീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരികയും ശക്തിപ്പെടുകയും ചെയ്യുന്നു എന്നുള്ളതാണ് എനിക്ക് പ്രതീക്ഷ നല്‍കുന്നത്. ലോകത്ത് സംഭവിക്കുന്ന നിരവധി കാര്യങ്ങള്‍ സത്യത്തില്‍ പ്രചോദനം നല്‍കുന്നവയാണ്. തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളില്‍, യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെ തീര്‍ത്തും ജോലിയെടുക്കേണ്ടി വരുന്ന നിരവധിയായ ഡോക്ടര്‍മാരെയും നഴ്‌സ്മാരെയും നോക്കൂ.

ആരെ മരിക്കാന്‍ വിടണം ആരെ രക്ഷിക്കണം എന്ന കഠിനമായ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരാകുമ്പോഴും, തീര്‍ത്തും അപകടകരമായ അവസ്ഥയിലും മുട്ടുപോകുവാനുള്ള തീരുമാനമെടുക്കാന്‍ ഇവര്‍ക്ക് കൈമുതലായുള്ള ഊര്‍ജവും ജനകീയ പോരാട്ടങ്ങളും ഒന്നിച്ചാല്‍, അത് പ്രതീക്ഷ തന്നെയാണ്.

എന്നാല്‍ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാല്‍ പ്രതീക്ഷക്കു യാതൊരു വകയും നല്‍കാത്ത സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. എന്റെ തന്നെ ചെറുപ്പത്തിലേ നാസി തേരോട്ടം തന്നെ മികച്ച ഉദാഹരണമാണ്. ഒന്നിനുപിറകെ ഒന്നായി അവര്‍ ജയിച്ചു കയറിക്കൊണ്ടേയിരുന്നു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീതിതമായ ഒരേട്. പക്ഷെ അത് മറികടന്നു.

യംഗ് ഫ്രീഡം റൈഡേഴ്സ് എന്ന സിവില്‍ റൈറ്‌സ് പ്രസ്ഥാനമുണ്ടായിരുന്നു ചരിത്രത്തില്‍. കൊല്ലപ്പെടുമെന്നോ, സ്വയം കൊല്ലേണ്ടിവരുമെന്നോ എന്ന രാഷ്ട്രീയാവസ്ഥയായിരുന്നിട്ടും അലബാമയില്‍ കറുത്തവര്‍ഗക്കാരെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു അവര്‍. മനുഷ്യര്‍ക്ക് എന്ത് സാധ്യമാകും എന്നതിന്റെ ഉദാഹരണം കൂടിയാണ് ഇത്. അതിന്റെ ലാഞ്ചനകള്‍ ഞാന്‍ ഇന്നും കാണുന്നു.

അമി ഗുഡ്മാന്‍

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

അമി ഗുഡ്മാന്‍

മാധ്യമപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more