| Tuesday, 27th October 2020, 10:44 am

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അമേരിക്കന്‍ സുപ്രീം കോടതിയിലേക്ക് പുതിയ ജസ്റ്റിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്തെ സുപ്രീം കോടതി ജഡ്ജിയായി  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്ത അമി കോണി ബാരറ്റിനെ തെരഞ്ഞെടുത്തു. റിപബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിക്ഷമുള്ള സെനറ്റില്‍ 48 വോട്ടുകള്‍ക്കെതിരെ 52 വോട്ടുകള്‍ നേടിക്കൊണ്ടാണ് ആമി കോണി ജഡ്ജിയാവുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ ഇവര്‍ വൈറ്റ് ഹൗസില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തു.

സ്ത്രീപക്ഷ അവകാശങ്ങള്‍ക്കായി നിലകൊണ്ടിരുന്ന ജസ്റ്റിസ് റുത്ത് ബാഡര്‍ ഗിന്‍സ്ബര്‍ഗ് സെപ്റ്റംബര്‍ മാസത്തില്‍ അന്തരിച്ചതിനു ശേഷമാണ് പുതിയെ ജഡ്ജിനെ തെരഞ്ഞെടുക്കുന്നത്.

അമേരിക്കന്‍ യാഥാസ്ഥിതിക ചിന്താഗതിക്കാരുടെ പ്രിയങ്കരിയാണ് പുതിയ ജഡ്ജ് അമി കോണി. ഭ്രൂണഹത്യ, സ്വവര്‍ഗ വിവാഹം എന്നിവക്കെതിരെ ഇവര്‍ നേരത്തെ നിലപാടെടുത്തിരുന്നു.

ജുഡീഷ്യല്‍ ബോഡിയിലേക്ക് പ്രസിഡന്റ് ട്രംപ് നിയമിക്കുന്ന മൂന്നാമത്തെ ആളാണ് പുതിയ ജഡ്ജ്.2017 ല്‍ അസോസിയേറ്റ് ജസ്റ്റിസായി നെയ്ല്‍ ഗൊര്‍സച്ചിനെയും 2018 ല്‍ ബ്രെട്ട് കവനോഫിനെയും നിയമിച്ചത് ട്രംപായിരുന്നു. യു.എസിന്റെ ജുഡീഷ്യല്‍ ബോഡിയില്‍ യാഥാസ്ഥിതികരുടെ ഭൂരിപക്ഷം ഉറപ്പിക്കുന്നതാണ് (6-3) ഇവരുടെ നിയമനം.

അമേരിക്കക്കും അമേരിക്കന്‍ ഭരണഘടനയ്ക്കും ന്യായവും നിഷ്പക്ഷവുമായ നിയമവാഴ്ചക്കുള്ള സുപ്രധാന ദിവസമാണിതെന്നാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ ട്രംപ് പ്രതികരിച്ചത്.

പുതിയ ജഡ്ജിനു മുമ്പില്‍ വരുന്ന കേസുകള്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നടപ്പിലാക്കിയ മിതമായ നിരക്കില്‍ എല്ലാ അമേരിക്കകാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന ഒബാമകെയര്‍ എന്ന ആരോഗ്യപദ്ധതിയെ എതിര്‍ത്തു കൊണ്ടുള്ള ഹരജിയാണ് ഇവര്‍ പരിഗണിക്കുന്നതില്‍ പ്രധാനം. നവംബര്‍ പത്തിനാണ് ഈ ഹരജി. ഹരജിയിക്ക് ട്രംപിന്റെ പിന്തുണയുമുണ്ട്.

ഇതിനൊപ്പം അമേരിക്കന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്രംപിന്റെ പിന്തുണയുള്ള പുതിയ ജഡ്ജിനെ നിയമിച്ചത് മറ്റു ആശങ്കകള്‍ക്കു വഴിവെക്കുന്നുണ്ട്. നവംബര്‍ മൂന്നുനുള്ള തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആളാണ് പുതിയ ജഡ്ജിയെ നോമിനേറ്റ് ചെയ്യേണ്ടതെന്ന് നേരത്തെ ഡെമോക്രാറ്റ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amy Coney Barrett confirmed to US Supreme Court

We use cookies to give you the best possible experience. Learn more