ആംവേ ചെയര്‍മാന്റെ അറസ്റ്റ്: അന്വേഷിക്കാന്‍ എ.ഡി.ജി.പിയോട് ആഭ്യന്തര വകുപ്പ്
India
ആംവേ ചെയര്‍മാന്റെ അറസ്റ്റ്: അന്വേഷിക്കാന്‍ എ.ഡി.ജി.പിയോട് ആഭ്യന്തര വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st May 2013, 12:20 pm

[]ന്യൂദല്‍ഹി:  മണിച്ചെയിന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആംവേ ഇന്ത്യന്‍ ഘടകം സി.ഇ.ഒ പിങ്ക്‌നി സ്‌കോട്ട് വില്യമിനെ അറസ്റ്റ് ചെയ്ത നടപടി ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി അന്വേഷിക്കും.[]

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആംവേയുടെ ഇന്ത്യന്‍ ഘടകം ചെയര്‍മാനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ രംഗതെത്തിയിരുന്നു.

ആംവേ ചെയര്‍മാനെ അറസ്റ്റ് ചെയ്ത കേരളാ പോലീസിന്റെ നടപടി നിരാശാജനകമാണെന്നും, രാജ്യത്തേക്കുള്ള നിക്ഷേപകരുടെ വരവിനെ ഇത് ഭീകരമായി ബാധിക്കുമെന്നും, നിയമാനുസൃത കമ്പനികളെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര മന്ത്രി സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിടാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

മെയ് 28നാണ് മണിച്ചെയിന്‍ തട്ടിപ്പ് കേസില്‍ ആംവേ ഇന്ത്യ ചെയര്‍മാനും സി.ഇ.ഒയുമായ വില്യം എസ്. പിങ്ക്‌നിയെ കോഴിക്കോട്  ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കമ്പനിയുടെ ഡയറക്ടര്‍മാരായ സഞ്ജയ് മല്‍ഹോത്രയെയും അന്‍ഷു ബുധ്‌രാജയെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ആംവേ കമ്പനി 1000 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു.