ആഗ്ര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബേഗുസരായില്‍ സി.പി.ഐ ടിക്കറ്റില്‍ മത്സരിക്കുന്ന കനയ്യ കുമാറിനെ പിന്തുണച്ചതിന്റെ പേരില്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം. എ.എം.യു.എസ്.യു പ്രസിഡന്റായ സല്‍മാന്‍ ഇമിത്യാസിനെതിരെയാണ് പ്രമേയം കൊണ്ടുവന്നത്.
ഇമിത്യാസിനെതിരായ അവിശ്വാസ പ്രമേയം ഏപ്രില്‍ 25ന് നടന്ന ജനറല്‍ ബോഡീയോഗത്തില്‍ 107 വിദ്യാര്‍ഥികളുടെ ഒപ്പോടുകൂടി പാസായതായി വി.സിക്കു നല്‍കിയ കത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് ഹംസ സഫ്‌യാന്‍ പറയുന്നു.
14 ദിവസത്തിനുള്ളില്‍ ഇമിത്യാസ് തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടില്ലെങ്കില്‍ മെയ് 10ന് അവിശ്വാസ പ്രമേയം പരിഗണിക്കുമെന്നും കത്തില്‍ പറയുന്നു.
സുപ്രധാന വിവരങ്ങള്‍ ഇമിത്യാസ് എക്‌സിക്യുട്ടീവ് അംഗങ്ങളില്‍ നിന്നും മറച്ചുവെക്കുന്നുവെന്നും സഫ്‌യാന്‍ കത്തില്‍ ആരോപിക്കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക പാര്‍ട്ടിക്ക് പിന്തുണ നല്‍കിയ കാര്യം ഉള്‍പ്പെടെ മറച്ചുവെച്ചു. കൂടാതെ അദ്ദേഹം നിയമവിരുദ്ധമായി ആയുധം സൂക്ഷിച്ചതിന് പിടിയിലായിട്ടുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.
ഇമിത്യാസ് വിദ്യാര്‍ഥികളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുകയും അവരുടെ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നെന്നും കത്തില്‍ ആരോപിക്കുന്നു. ‘വിദ്യാര്‍ഥികള്‍ക്കും അഡ്മിനിസ്‌ട്രേഷനും ഹാനികരമായ അന്തരീക്ഷം അദ്ദേഹം സൃഷ്ടിച്ചിരിക്കുകയാണ്.’ എന്നും കത്തില്‍ പറയുന്നു.
എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ അത്തരമൊരു പ്രമേയം പാസാക്കിയിട്ടില്ലെന്നാണ് യൂണിയന്‍ സെക്രട്ടറിയായി ഹുസൈഫ അമിര്‍ പറയുന്നത്. ഏപ്രില്‍ 25ലെ യോഗത്തിന് താനും പങ്കെടുത്തിരുന്നു. യൂണിയന്‍ ഹാളിനു പുറത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെ യോഗത്തില്‍ നിന്നു വിട്ടുപോരുകയായിരുന്നും അമിര്‍ പറയുന്നു.