Advertisement
National
'അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി തീവ്രവാദികളുടെ കേന്ദ്രം'; വിവാദ പ്രസ്താവനയെതുടര്‍ന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമിയെ രാജ്യസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സ്റ്റുഡന്റ്‌സ് യൂണിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 26, 07:45 am
Thursday, 26th April 2018, 1:15 pm

ആഗ്ര: അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ഭീകരവാദികളുടെയും തീവ്ര ആശയക്കാരുടെയും കേന്ദ്രമാണെന്ന പ്രസ്താവനയെത്തുടര്‍ന്ന് സുബ്രഹ്മണ്യന്‍ സ്വാമിയെ രാജ്യസഭയില്‍ നിന്ന് നീക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥി യൂണിയന്‍. ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് മെമ്മോറാണ്ടം അയച്ചതായും യൂണിയന്‍ അറിയിച്ചു.

എം.പിയുടേത് വര്‍ഗ്ഗീയമായ മനസാണെന്നും പ്രസ്താവനയ്‌ക്കെതിരെ പരാതിനല്‍കുമെന്നും യൂണിയന്‍ അറിയിച്ചു.

“കോണ്‍ഗ്രസിന്റെ കൈകളില്‍ മുസ്‌ലിങ്ങളുടെ രക്തമുണ്ട്” എന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവനയ്ക്ക് പ്രതികരണമായിട്ടാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവന.


Read | ആശാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസിലെ വിധിക്കു പിന്നാലെ ബി.ജെ.പിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി അനുയായികള്‍


“രാഷ്ട്രപതി രാംനാഥ് കോവിന്ദ് അലിഗഢ് യൂണിവേഴ്‌സിറ്റിയെ “സെക്യുലര്‍” എന്ന് വിശേഷിപ്പിച്ചപ്പോള്‍ സ്വാമി ഇത്തരം പ്രസ്താവന ഇറക്കുന്നത് വലിയ വൈരുധ്യമാണ്. സ്വാമി രാഷ്ട്രപതിയുടെ വാക്കുകളെ ഖണ്ഡിക്കുകയാണോ എന്ന് വ്യക്തമാക്കണം” – സ്റ്റുഡന്റ് യൂണിയന്‍ ചെയര്‍മാന്‍ മഷ്‌കൂര്‍ അഹമ്മദ് ഉസ്മാനി പറഞ്ഞു.

അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതും പഠിച്ചിറങ്ങിയതുമായ ലക്ഷക്കണക്കിന് പേരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് സുബ്രമണ്യന്‍ സ്വാമിയുടെ പ്രസ്താവനയെന്നും രാജ്യത്തിന്റെ മതേതര പ്രതിച്ഛായക്ക് കോട്ടം വരും വിധം പ്രസ്താവന നടത്തിയ എം.പിയെ രാജ്യസഭയില്‍ നിന്ന് പുറത്താക്കണമെന്നുമാണ് രാഷ്ട്രപതിക്ക് അയച്ച മെമ്മോറാണ്ടത്തില്‍ യൂണിയന്‍ ആവശ്യപ്പെട്ടത്.


Read | ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിന് ഗൂഗിള്‍ നല്‍കുന്ന ഉത്തരം മോദിയുടെ ചിത്രം; ആദ്യ ധനമന്ത്രിയെന്ന ചോദ്യത്തിന് അരുണ്‍ ജെയ്റ്റ്‌ലിയുടേയും


രാജ്യത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ സ്ഥാപനമാണ് എ.എം.യു എന്നും നിരവധി രാഷ്ട്രീയക്കാരെയും ശാസ്ത്രജ്ഞരെയും ചരിത്രകാരന്മാരെയും രാജ്യത്തിന് നല്‍കിയ സ്ഥാപനത്തെക്കുറിച്ചാണ് സുബ്രഹ്മണ്യന്‍ സ്വാമി വിഷം വമിക്കുന്ന പ്രസ്താവനകളിറക്കുന്നതെന്നും മുന്‍ യൂണിയന്‍ ചെയര്‍മാന്‍ ഫൈസുല്‍ ഹസന്‍ പറഞ്ഞു.

അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും സാമുദായിക മൈത്രി എന്നത് പരിചിതമല്ലെന്നും സ്വാമിയുടെ ഏക ജീവിതലക്ഷ്യം മുസ്‌ലിങ്ങളെ അപമാനിക്കുകയും ഇല്ലാതാക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.