ലക്‌നൗ : അലിഗഢ് സര്‍വകലാശാല വാര്‍ഷികത്തിന് യു.പി മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ കൊച്ചുമകന്‍ സന്ദീപ് സിംഗിനൊപ്പം ബി.ജെ.പി അലിഗഢ് പ്രസിഡണ്ട് ദേവരാജ് സിംഗ് പങ്കെടുത്തതില്‍ പ്രതിഷേധം. സര്‍വകാലശാല വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിന് കത്തയച്ചു.
രാജസ്ഥാന്‍ ഗവര്‍ണറായ കല്യാണ്‍ സിംഗ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ലഹളയില്‍ മുസ്‌ലിങ്ങളടക്കം നിരവധിപ്പേരെ കൊല്ലപ്പെടുത്തിയതിലെ സൂത്രധാരരിലൊരാളാണ്. അത്തരത്തില്‍ സമൂഹമധ്യത്തില്‍ മോശം പ്രതിച്ഛായ ഉള്ള വ്യക്തിയുടെ കൊച്ചുമകനെ ചടങ്ങിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.
Also Read: പൊതു നിരത്തില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്നു; പ്രതികള്‍ പിടിയില്‍
അലിഗഢ് സര്‍വകലാശാലയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന സര്‍ സയ്യിദ് ദിനത്തില്‍ സന്ദീപ് സിംഗിന് ബഹുമതി നല്‍കിയതിനെയും വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. വിഷയത്തില്‍ 24 മണിക്കൂറിനകം വി.സി വിശദീകരണം നല്‍കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ അന്ത്യശാസനം.
ബി.ജെ.പി സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ് സര്‍വകലാശാല നടപടിയെങ്കില്‍ അത് വ്യക്തമാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.