'ദേശീയ പൗരത്വ ബില്ലിനെതിരെ സമരത്തില്‍ പങ്കെടുക്കണം'; അധ്യാപകര്‍ക്ക് ഷോ-കോസ് നോട്ടീസ് നല്‍കി അലിഗഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍
national news
'ദേശീയ പൗരത്വ ബില്ലിനെതിരെ സമരത്തില്‍ പങ്കെടുക്കണം'; അധ്യാപകര്‍ക്ക് ഷോ-കോസ് നോട്ടീസ് നല്‍കി അലിഗഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2019, 9:14 pm

ആഗ്ര: ദേശീയ പൗരത്വ ബില്ലിനെതിരെ സമരത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കി. സമരത്തില്‍ പങ്കെടുത്തിട്ടില്ലെങ്കില്‍ അധ്യാപകരും ബില്ല് നടപ്പിലാക്കുന്ന ഭരണാധികാരികള്‍ക്കൊപ്പമാണെന്ന് കരുതുമെന്നും നോട്ടീസില്‍ പറയുന്നു.

വലതുപക്ഷ തീവ്രവാദികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ദേശീയ പൗരത്വ ബില്‍ ബോധപൂര്‍വ്വം നടപ്പിലാക്കിയ ബില്ലാണ്. അത് മുസ്‌ലിം സമുദായത്തെ രണ്ടാം തരം പൗരന്മാരായി മാറ്റുക എന്ന ഉദ്ദേശം മാത്രമല്ല വംശഹത്യ, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍, ഇന്ത്യയുടെ മുസ്‌ലിംങ്ങളുടെ ഉന്മൂലനം എന്നിവയും ലക്ഷ്യമിടുന്നു. അത് എല്ലാവരെയും ബാധിക്കും. നിങ്ങളെയും നിങ്ങളുടെ കുട്ടിയെയും. ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ഷോകോസ് നോട്ടീസില്‍ പറയുന്നു.

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ നിങ്ങളോട് ദേശീയ പൗരത്വ ബില്ലിനെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ബില്ല് നടപ്പിലാക്കുന്ന ഭരണാധികാരികള്‍ക്കൊപ്പമാണെന്ന് കരുതുമെന്നും നോട്ടീസില്‍ പറയുന്നു.

സര്‍വകലാശാല കേന്ദ്രീകരിച്ച് ദേശീയ പൗരത്വ ബില്ലിനെതിരെ വിദ്യാര്‍ത്ഥികള്‍ വലിയ പ്രക്ഷോഭമാണ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് അധ്യാപകര്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കിയത്.