[share]
[]കോഴിക്കോട്: പെണ്‍കൂട്ടിന്റെയും അസംഘടിത മേഖല തൊഴിലാളി യൂണിയന്റെയും (എ.എം.ടി.യു) നേതൃത്വത്തില്‍ സ്ത്രീ തൊഴിലാളികള്‍ ഇരിക്കല്‍ സമരപ്രഖ്യാപനവും പ്രകടനവും നടത്തി.
ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം സ്ത്രീ തൊഴിലാളികള്‍ക്ക് അനുവദിക്കപ്പെട്ട ഇരിപ്പിടങ്ങള്‍ തൊഴിലിടങ്ങളില്‍ അനുവദിക്കണമെന്നാണ് അവകാശ പ്രഖ്യാപനം നടത്തിയത്.
അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു.
വയലിലെ വിശുദ്ധ ചെളിയില്‍ നിന്ന് നഗരമാലിന്യങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട സ്ത്രീ തൊഴിലാളികള്‍ ഇരിക്കല്‍ സമരപ്രഖ്യാപനത്തിലൂടെ പുതിയ മുന്നേറ്റത്തിന്റെ ബീജം വിതയ്ക്കുകയാണെന്ന് സാറാ ജോസഫ് പറഞ്ഞു.
കാര്‍ഷികമേഖലയുടെ തകര്‍ച്ചയെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട സ്ത്രീകളെ നഗരകേന്ദ്രീകൃത സമ്പദ് വ്യവസ്ഥയിലേക്ക് ആട്ടിത്തെളിച്ച് കൊണ്ടുവന്നപ്പോള്‍ ഇവര്‍ പുതിയ സാമ്പത്തിക നയങ്ങളുടെ ഇരകളായി തീരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ടെക്‌സ്റ്റൈല്‍ ഷോപ്പിലും മറ്റും ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് അനുഭവിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തക കെ.അജിത പറഞ്ഞു.
തൊഴില്‍ നിയമങ്ങളെ ഷോപ്പ് ഉടമകള്‍ വെല്ലുവിളിക്കുകയാണെന്നും ഇത് അങ്ങേയറ്റത്തെ മനുഷ്വാവകാശലംഘനമാണെന്നും കെ.അജിത അഭിപ്രായപ്പെട്ടു.