ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്‌സ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ ഇസ്‌ലാമോഫോബിയ വലിയ തോതില്‍ വളരുന്നതായും സമൂഹത്തില്‍ നോര്‍മലൈസ് ചെയ്യപ്പെടുന്നതായും റിപ്പോര്‍ട്ട്.
ആംസ്റ്റര്‍ഡാം മുനിസിപ്പാലിറ്റി തന്നെ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
തങ്ങളുടെ പേരിന്റെയും വേഷത്തിന്റെയും പേരില്‍ മുസ്‌ലിങ്ങള്‍ വിവേചനവും വിദ്വേഷകുറ്റകൃത്യങ്ങളും നേരിടുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇസ്‌ലാമോഫോബിയയെക്കുറിച്ചും മുസ്‌ലിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചും നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
സ്‌കൂളുകള്‍, പാര്‍ക്കുകള്‍, കടകള്‍, ജോലി സ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മുസ്‌ലിങ്ങള്‍ തങ്ങളുടെ മതത്തിന്റെ പേരില്‍ തുടര്‍ച്ചയായി വിവേചനങ്ങള്‍ നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇസ്‌ലാമോഫോബിയ എന്നത് നോര്‍മലൈസ് ചെയ്യപ്പെടുന്നതിന് രാഷ്ട്രീയത്തിലെ തീവ്രവലത് സ്‌പെക്ട്രത്തിന്റെ സ്വാധീനം വലിയരീതിയില്‍ കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
മാധ്യമങ്ങള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. ഒരു പോളറൈസിങ് എഫക്ടോടെയാണ് മുസ്‌ലിങ്ങളെ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്. ഇത് സമൂഹത്തില്‍ മുസ്‌ലിങ്ങള്‍ക്ക് ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാവാന്‍ കാരണമാകുന്നുണ്ട്, എന്നും സര്‍വേയില്‍ നിരവധി പേര്‍ പ്രതികരിച്ചു.
ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകളും വിവേചനം നേരിടുന്നതായി ആംസ്റ്റര്‍ഡാം മുനിസിപ്പാലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിജാബ് ധരിക്കുന്നവരെ പല മോശം പേരുകള്‍ വിളിച്ചും അഭിസംബോധന ചെയ്യുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇക്കാര്യങ്ങളിലെന്തെങ്കിലും പരാതിപ്പെട്ടാല്‍ തങ്ങള്‍ ‘വര്‍ഗീയ കാര്‍ഡ്’ ഇറക്കി കളിക്കുകയാണെന്ന് ആളുകള്‍ ആരോപിക്കുന്നുണ്ടെന്നും ആംസ്റ്റര്‍ഡാമിലെ നിരവധി മുസ്‌ലിങ്ങള്‍ സര്‍വേയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലും ഇവര്‍ക്കെതിരെ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.
Content Highlight: Amsterdam Study report says Dutch Muslims discriminated in Islamophobic crimes