| Friday, 10th May 2019, 5:22 pm

അമൃത, രാജറാണി എക്സ്പ്രസുകള്‍ രണ്ടാക്കിയ നടപടി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; പരാതിയുമായി യാത്രക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷൊര്‍ണ്ണൂര്‍: മലബാറില്‍ നിന്നുമുള്ള യാത്രക്കാരുടെ ആശ്രയമായിരുന്ന അമൃത, രാജറാണി എക്സ്പ്രസുകള്‍ പ്രത്യേക ട്രെയിനുകളാക്കി മാറ്റി സമയം നേരത്തെയാക്കിയ നടപടിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

ട്രെയിനുകള്‍ രണ്ടാക്കിയ നടപടി യാത്രക്കാരെ ദുരിതത്തിലാത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അമൃത എക്സ്പ്രസും രാജ്യറാണി എക്സ്പ്രസും പ്രത്യേകം ട്രെയിനുകളായി ഓടാന് തുടങ്ങിയത്.

നിലമ്പൂര്‍ – തിരുവനന്തപുരം പ്രതിദിന തീവണ്ടിയാണ് രാജ്യറാണി എക്സ്പ്രസ്. 2011 നവംബര്‍ 16 മുതല്‍ ഓട തുടങ്ങിയ രാജ്യറാണി ലിങ്ക് എക്സ്പ്രസ്സ് ഷൊറണൂരില്‍ എത്തിയ ശേഷം അമൃത എക്സ്പ്രസ്സുമായി ചേര്‍ത്തു പോകുകയായിരുന്നു.

തിരുവനന്തപുരത്തു നിന്നും രാത്രി പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം ഉച്ചക്ക് മധുരയില്‍ എത്തിച്ചേരുകയും, മധുരയില്‍ നിന്നും ഉച്ച കഴിഞ്ഞ് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ തിരുവനന്തപുരത്ത് എത്തുകയും ചെയ്യുന്നതാണ് അമൃത എക്സ്പ്രസ്.

എന്നാല്‍ മധുര- തിരുവനന്തപുരം ട്രെയിനായ അമൃത എക്സ്പ്രസും നിലമ്പൂര്‍- കൊച്ചിവേളി ട്രെയിനായ രാജറാണി എക്സപ്രസും രണ്ട് ട്രെയിനുകളായതോടെ തെക്കന്‍ കേരളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന ആളുകള്‍ കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുയാണ്.

നേരത്തെ രാത്രി 10.30തോട് കൂടി പുറപ്പെട്ടിരുന്ന ട്രെയിന്‍ രണ്ട് ട്രെയിനുകള്‍ ആയതോടെ അമൃത എക്സ്പ്രസ് രാത്രി 8.30 നും രാജറാണി 8.50 നുമാണ് പുറപ്പെടുന്നത്. ഇതോടെ രാത്രി 9 മണിക്കും 11 മണിക്കും ഇടയില്‍ തിരുവനന്തപുരത്ത് നിന്ന് മറ്റു ട്രെയിനുകള്‍ ഇല്ലാതെ ആളുകള്‍ ബുദ്ധിമുട്ടുകയാണ്.

അതേ സമയം 8 മണിക്കും 9 മണിക്കും ഇടയില്‍ മൂന്ന് ട്രെയിനുകള്‍ യാത്ര തിരിക്കുകയും ചെയ്യും. ഇത് ആളുകളെ ബുദ്ധിമുട്ടിക്കുന്നതാണ് എന്ന് മനസിലാക്കിയാണ് കമ്മീഷന്‍ സ്വമേധയ കേസെടുത്തത്. രണ്ടു ട്രെയിനുകളും നേരത്തെ ആക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് കമ്മീഷന്‍ പറഞ്ഞിരുന്നു.

രാത്രി 9 മണി മുതല്‍ 11 മണി വരെ മറ്റു ട്രെയിനുകള്‍ ഇല്ലാത്തതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. പഴയ സമയത്ത് ഒരു ട്രെയിനെങ്കിലും ആവശ്യമാണ്. രണ്ടു ട്രെയിനുകളും നേരെത്തെയാക്കിയത് എന്ത് ഉദ്ദേശ്യത്തിലാണെന്നു മനസ്സിലാകുന്നില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം മോഹന്‍ കുമാര്‍ കൊല്ലത്തു പറഞ്ഞു. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജരോടും ചെന്നൈ ഡിവിഷനല്‍ മാനേജരോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

അതേ സമയം, ട്രെയിന്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അവിടെ നിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് ബസ് മാര്‍ഗം എത്തണം. മലബാറില്‍ നിന്നുള്ള ഈ ട്രെയിനില്‍ ഒട്ടുമിക്ക കംപാര്‍ട്ട്‌മെന്റിലും തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലേക്കും മറ്റുമുള്ള രോഗികളാണ് ഉണ്ടാവാറുള്ളത് ഇത്തരത്തില്‍ കൊച്ചു വേളിയില്‍ യാത്ര അവസാനിപ്പിക്കുന്നതോടെ ഇവരെ ഇത് പ്രയാസത്തിലാക്കയാണ് ചെയ്യുന്നതെന്ന് മാധ്യമ പ്രവര്‍ത്തന വിദ്യാര്‍ത്ഥിയും തിരുവന്തപുരം സ്വദേശിയുമായ അമൃത ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നു തന്നെ പുറപ്പെടണമെന്ന് റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടു. രാജ്യറാണി എക്‌സ്പ്രസ് തിരുവനന്തപുരത്തു നിന്നു തന്നെ പുറപ്പെടണമെന്നും രാത്രി ഒന്‍പതിനും 10നും ഇടയിലുള്ള സമയത്തും 10നും 11നും ഇടയിലുള്ള സമയത്തും അമൃത, രാജ്യറാണി എന്നീ ട്രെയിനുകള്‍ പുനഃക്രമികരിക്കണമെന്നു റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more