| Friday, 5th July 2024, 11:47 am

ലോക്‌സഭാ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി അമൃത്പാൽ സിങ്ങും എഞ്ചിനീയർ റാഷിദും; എത്തുന്നത് നാല് ദിവസത്തെ പരോളിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ജയിലിൽ കഴിയുന്ന ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങും തീവ്രവാദ ഫണ്ടിംഗ് കേസ് ചുമത്തി ജയിലിലടക്കപ്പെട്ട പ്രതിയായ ‘എൻജിനീയർ റാഷിദ്’ എന്നറിയപ്പെടുന്ന ഷെയ്ഖ് അബ്ദുൾ റാഷിദും ലോക്‌സഭാ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ദൽഹിയിലേക്കെത്തും. എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി എൻ.ഐ.എ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് റാഷിദിനൊപ്പം അമൃത്പാൽ സിങ്ങും സത്യപ്രതിജ്ഞ ചെയ്യുമെന്ന റിപ്പോർട്ടുകൾ.

Also Read: ഉറപ്പായും ഫസ്റ്റ് പാർട്ടിനേക്കാൾ മികച്ചതായിരിക്കും രണ്ടാം ഭാഗം, കാരണം ആ ചിത്രത്തിനൊരു ഫാൻ ബേസുണ്ട്: ധ്യാൻ ശ്രീനിവാസൻ

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഖാദൂർ സാഹിബിൽ നിന്നാണ് അമൃത പാൽ സിങ് വിജയിച്ചത്. അസമിലെ ദിബ്രുഗഢ് ജയിലിലാണ് അമൃത്പാൽ. കശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ നിന്ന് വിജയിച്ച റാഷിദ് യു.എ.പി.എ നിയമപ്രകാരം തിഹാർ ജയിലിലാണ് കഴിയുന്നത്.

ദൽഹി പൊലീസ് പാർലമെൻ്റിൽ കൊണ്ടുവന്ന് സ്പീക്കറുടെ ചേംബറിലെത്തിച്ച് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇരുവരെയും തിരികെ ജയിലിലേക്ക് കൊണ്ടുപോകും.

എന്നാൽ നാലു ദിവസത്തെ പരോൾ അനുവദിച്ചിട്ടുണ്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്യുന്നതിനപ്പുറത്ത് മറ്റൊരു കാര്യത്തിനും പുറത്തു പോകാൻ അനുവദിക്കില്ലെന്ന് അമൃത്പാലിൻ്റെ അഭിഭാഷകൻ രാജ്‌ദിയോ സിങ് ഖൽസ പറഞ്ഞു.

അമൃത്പാലിനെ കുടുംബത്തെ കാണാൻ അനുവദിക്കുമെന്നും എന്നാൽ ദൽഹിയുടെ പ്രദേശിക അധികാരപരിധി വിട്ടുപോകാൻ കഴിയില്ലെന്നും ഖൽസ കൂട്ടിച്ചേർത്തു. മാത്രമല്ല, അദ്ദേഹത്തിൻ്റെ കുടുംബം മാധ്യമങ്ങളുമായി സംസാരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് ദിവസത്തേക്കാണ് പരോൾ നൽകിയതെങ്കിലും അതേ ദിവസം തന്നെ അസമിലേക്ക് തിരികെ കൊണ്ടുപോകുമെന്നാണ് റിപ്പോർട്ടുകൾ. തിഹാർ ജയിലിൽ നിന്നും സത്യപ്രതിജ്ഞക്കായി എത്തുന്ന റാഷിദിനെയും അന്നേ ദിവസം തന്നെ തിരികെ ജയിലിലേക്ക് കൊണ്ട് പോകും എന്നാണ് സൂചനകൾ.

പഞ്ചാബിലെ ഖദൂർ സാഹിബ് ലോക്‌സഭാ സീറ്റിൽ നിന്നും 4,04,430 വോട്ടുകൾക്കാണ് അമൃത്പാൽ വിജയിച്ചത്. കോൺഗ്രസിന്റെ കുൽബീർ സിങ് സിറയായിരുന്നു എതിർ സ്ഥാനാർത്ഥി. ഖലിസ്ഥാൻ നേതാവായ ഇദ്ദേഹത്തിന്റെ പേരിൽ പത്തോളം പൊലീസ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Content Highlight: Amritpal to be flown to Delhi, will take oath as MP along with Engineer Rashid in LS Speaker’s chamber

We use cookies to give you the best possible experience. Learn more