| Monday, 20th March 2023, 10:49 am

ലണ്ടന്‍ ഹൈക്കമ്മീഷനില്‍ ദേശീയ പതാക വലിച്ചൂരി അമൃത്പാല്‍ അനുകൂലികള്‍; പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഞ്ചാബില്‍ ഖലിസ്ഥാന്‍ അനുകൂല നേതാവ് അമൃത്പാല്‍ സിങിനെതിരായുള്ള പൊലീസ് നടപടിയിലെ പ്രതിഷേധത്തില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തില്‍ നിന്ന് പ്രതിഷേധക്കാര്‍ ദേശീയ പതാക വലിച്ച് താഴെയിട്ടു. ഞായറാഴ്ചയാണ് സംഭവം നടന്നത്.

എന്നാല്‍ വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം ബ്രിട്ടനിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്ത് സുരക്ഷ ഒരുക്കാന്‍ സാധിക്കാതിരുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിയന്ന കമ്മീഷന്റെ അധീനതയിലുള്ള ബ്രിട്ടീഷ് സര്‍ക്കാറിന്റെ അലംഭാവത്തെ കുറിച്ച് അവരെ ബോധ്യപ്പെടുത്തി എന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

‘ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതിഷേധക്കാരെ പെട്ടെന്ന് തന്നെ തിരിച്ചറിയുമെന്നും അറസ്റ്റ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ബ്രിട്ടന്‍ കൈക്കൊള്ളണം,’ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യ വിഷയത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദാം ബഗ്ച്ചിയും ട്വീറ്റ് ചെയ്തു.

അമൃത്പാലിനെതിരെയുള്ള പഞ്ചാബ് സര്‍ക്കാറിന്റെ നടപടിക്കെതിരെ ഖലിസ്ഥാന്‍ അനുകൂല നേതാക്കളാണ് പ്രതിഷേധിച്ചത്.

സംഭവത്തെക്കുറിച്ച് അറിവ് ലഭിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് അന്വേഷണ ഏജന്‍സിയായ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു.

ഖലിസ്ഥാനികള്‍ ഇന്ത്യന്‍ പതാക വലിച്ചെറിയുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഈ പ്രതിഷേധം തടയാന്‍ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഖലിസ്ഥാന്‍ നേതാവും അമൃത് പാല്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന ആരോപണവുമായി നിയമോപദേശകന്‍ ഇമാന്‍ സിങ് രംഗത്ത് വന്നിരിക്കുകയാണ്. ഷാഹ്‌കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാല്‍ ഉള്ളതെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത്പാലിനെ വധിക്കാന്‍ നീക്കം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ അറസ്റ്റിനെ കുറിച്ച് പഞ്ചാബ് പൊലീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. അമൃത്പാല്‍ സിംങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പഞ്ചാബ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.

അതേസമയം അമൃത്പാലിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സിങ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വന്‍ അറസ്റ്റ് ചെയ്യാന്‍ വന്ന പൊലീസ് സംഘത്തെ വെട്ടിച്ച് അമൃത്പാല്‍ സിംങ്‌ അസമിലേക്കു കടന്നുവെന്ന റിപ്പോര്‍ട്ടും വന്നിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പഞ്ചാബിലെ ഇന്റര്‍നെറ്റ് കണക്ഷനും റദ്ദാക്കിയിരുന്നു.

content highlight: Amritpal supporters hoist the national flag at the London High Commission; The Ministry of External Affairs protested

We use cookies to give you the best possible experience. Learn more