ന്യൂദൽഹി: താൻ ഖലിസ്ഥാൻ വാദിയല്ലെന്ന അമ്മയുടെ പ്രസ്താവനയിൽ മറുപടിയുമായി അമൃത്പാൽ സിങ്. ജയിലിൽ കഴിയുന്ന ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് ശനിയാഴ്ചയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ജൂലൈ 5 ന് മാധ്യമപ്രവർത്തകയോട് സംസാരിക്കവെയാണ് തന്റെ മകൻ ഖാലിസ്ഥാൻ വാദിയല്ലെന്നു അമൃത്പാലിന്റെ ‘അമ്മ പറഞ്ഞത്.
‘അമൃത്പാൽ സിങ് ഖലിസ്ഥാൻ്റെ പിന്തുണക്കാരനല്ല. പഞ്ചാബിൻ്റെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നതും യുവാക്കളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതും ആരെയും ഖലിസ്ഥാൻ്റെ അനുയായികളാക്കുന്നില്ല. ഇന്ത്യൻ ഭരണഘടനയുടെ പരിധിയിൽ നിന്നുകൊണ്ടാണ് അദ്ദേഹം തെരഞെടുപ്പിൽ മത്സരിച്ചത്.
ഇപ്പോഴിതാ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞയും ചെയ്തു. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹത്തെ ഖലിസ്ഥാൻ നേതാവ് എന്ന് പരാമർശിക്കേണ്ടതില്ല,’ എന്നായിരുന്നു അമൃതപാലിന്റെ അമ്മ ബൽവീന്ദർ കൗർ പറഞ്ഞത്.
ഈ പ്രസ്താവനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് നിരവധി സിഖ് വിഭാഗക്കാരുടെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് തൻ്റെ പ്രസ്താവന തെറ്റായ അർത്ഥത്തിൽ ഡീകോഡ് ചെയ്യരുതെന്ന് ശനിയാഴ്ച അമ്മ സിഖ് വിഭാഗങ്ങളോട് അഭ്യർത്ഥിച്ചു.
ഇതിന് പിന്നാലെയായിരുന്നു അമൃത് പാൽ സിങിന്റെ പ്രസ്താവന. ‘ഇന്നലെ അമ്മ നടത്തിയ പ്രസ്താവന കണ്ടപ്പോൾ എനിക്ക് വല്ലാത്ത വേദന തോന്നി. അമ്മ അറിയാതെയാണ് സംസാരിച്ചതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എൻ്റെ കുടുംബത്തിൽ നിന്നോ എന്നെ പിന്തുണയ്ക്കുന്ന ആരിൽ നിന്നോ ഇത്തരമൊരു പ്രസ്താവന ഉണ്ടാകരുത്.
ഖൽസാ രാജ് സ്വപ്നം കാണുന്നത് ഒരു അവകാശം മാത്രമല്ല, അഭിമാനത്തിൻ്റെ കാര്യവുമാണ്. ഈ സ്വപ്‌നത്തിനായി എണ്ണമറ്റ സിഖുകാർ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചു, ഈ പുണ്യ പാതയിൽ നിന്ന് പിന്നോട്ട് പോകുന്നത് നമുക്ക് ഉൾക്കൊള്ളാൻ പോലും കഴിയില്ല,’ അമൃത്പാൽ സിങ് പറഞ്ഞു.
സിഖ് രാഷ്ട്രം എന്ന ആശയത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ഇത്തരം വീഴ്ചകൾ ഇനി ഉണ്ടാകാൻ പാടില്ലെന്നും താൻ കുടുംബത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.