ചണ്ഡീഗഢ്: ഖാദൂർ സാഹിബ് എം.പിയും ഖലിസ്ഥാൻ നേതാവുമായ അമൃത്പാൽ സിങിന്റെ സഹോദരൻ ഹർപ്രീത് സിങ് മയക്കു മരുന്ന് കേസിൽ അറസ്റ്റിൽ. ലുധിയാനയിലേക്കുള്ള യാത്രാമധ്യേയാണ് ജലന്ധർ റൂറൽ പൊലീസ് ഹർപ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തത്. ട്രാൻസ്‌പോർട്ടേഷൻ ഡിപ്പാർട്മെന്റിൽ ഡെസ്പാച്ചിങ് ജോലിയാണ് ഹർപ്രീത് സിങിന്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ തന്റെ മകനെതിരെയുള്ള കേസ് പൊലീസ് മനഃപൂർവം കെട്ടിച്ചമച്ചതാണെന്ന് ഹർപീത് സിങ്ങിന്റെ പിതാവ് തർസെം സിങ് പറഞ്ഞു.
‘ഇത് ഞങ്ങളുടെ കുടുംബത്തിനും അമൃത്പാൽ സിങിനും അനുയായികൾക്കും എതിരായ ഗൂഢാലോചനയാണ്. ഞങ്ങളെ അപകീർത്തിപ്പെടുത്താൻ വേണ്ടി സർക്കാരിന് ഇങ്ങനെയൊരു ഗൂഢാലോചന കെട്ടിച്ചമക്കാൻ കഴിയുമെന്ന് ഞങ്ങൾ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്.
തങ്ങളുടെ പരാജയം മറച്ചുവെക്കാനാണ് സർക്കാർ ഇത്തരമൊരു കാര്യം ചെയ്യുന്നത്. യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അമൃത്പാൽ സിങ്ങിൻ്റെ ദൗത്യത്തിന് തടയിടുകയാണ് അവരുടെ ലക്ഷ്യം,’ തർസെം സിങ് പറഞ്ഞു.
മോഗ ജില്ലയിലെ ബാഗപുരാണയിൽ സിഖ് ബന്ദികളെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു മാർച്ച് നടന്നിരുന്നു. അതിൽ ഹർപീത് സിങ്ങും പങ്കെടുക്കേണ്ടതായിരുന്നെന്നും എന്നാൽ പൊലീസ് ഇങ്ങനെയൊരു നടപടി ഇപ്പോൾ എടുത്തതിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് പുതിയ കാര്യമല്ല, ഇത്തരം കള്ളക്കേസുകൾ സർക്കാർ ഇതിനു മുമ്പും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിനകം നിരവധി സിഖുകാരെ വ്യാജ ഏറ്റുമുട്ടലുകളിൽ അവർ കൊന്നു കളഞ്ഞിട്ടുണ്ടെന്നും സിങ് കൂട്ടിച്ചേർത്തു.
Content Highlight: Amritpal Singh’s brother Harpreet held in drug case, father terms it ‘conspiracy’