ജലന്ധര്‍: വാരിസ് പഞ്ചാബ് ദേയുടെ അധ്യക്ഷന്‍ അമൃത്പാല്‍ സിങ്ങിനായി തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര നിര്‍ദേശം. പാകിസ്ഥാനുമായും നേപ്പാളുമായുമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനും സശസ്ത്ര സീമാ ബല്ലിനും നിര്‍ദേശം നല്‍കി. അമൃത്പാല്‍ രാജ്യം വിടാനുള്ള സാധ്യത പരിഗണിച്ചാണ് പുതിയ നീക്കം.
ഖലിസ്ഥാന്‍ അനുകൂല വാദിയായ അമൃത്പാല്‍ സിങ്ങിനായി നാലാം ദിവസവും പൊലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റ് ഒഴിവാക്കാനായി അമൃത്പാല്‍ രാജ്യം വിടാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെയും സശസ്ത്ര സീമാ ബല്ലിന്റെയും മേധാവികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പൊതുജനങ്ങള്‍ക്ക് തിരിച്ചറിയാനായി അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളില്‍ അമൃത്പാല്‍ സിങ്ങിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.
ഇതിനിടെ അമൃത്പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പഞ്ചാബ് ഹൈക്കോടതി രംഗത്തെത്തി.
അമൃത്പാലിനെയൊഴികെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സമയമാണ് കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. 80,000 പൊലീസുകാരുണ്ടായിട്ടും എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് അമൃത്പാലിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്നതെന്ന് കോടതി ചോദിച്ചു.
ഇന്റലിജന്‍സ് പരാജയമാണ് രക്ഷപ്പെടലിന് വഴിവെച്ചതെന്നും കോടതി വിമര്‍ശിച്ചിരുന്നു. അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Content Highlights: Amritpal Singh is likely to leave the country