| Friday, 5th July 2024, 8:57 pm

പരോളിലിറങ്ങി ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അമൃത്പാൽ സിങ്ങും എഞ്ചിനീയർ റാഷിദും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പരോളിൽ പുറത്തിറങ്ങി ലോക്സഭാം​ഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് ഖലിസ്ഥാനി നേതാവ് അമൃത്പാൽ സിങ്ങും കശ്മീരി നേതാവ് എഞ്ചിനീയർ റാഷിദും. പാർലമെൻ്റ് മന്ദിരത്തിലും പരിസരത്തും കനത്ത സുരക്ഷാ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നത്.

ലോക്‌സഭാ സ്പീക്കറുടെ ചേംബറിൽ വച്ചാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ പാർലമെൻ്റ് സമുച്ചയത്തിലേക്ക് കൊണ്ടുവന്നത്.

സത്യപ്രതിജ്ഞക്ക് വേണ്ടി ജൂലൈ അഞ്ച് മുതൽ അമൃത്പാൽ സിങ്ങിന് നാല് ദിവസത്തെ പരോളാണ് അനുവദിച്ചത്. എ‍‍ഞ്ചിനിയർ റാഷിദിന് രണ്ട് മണിക്കൂർ സമയത്തേക്കാണ് പരോൾ അനുവദിച്ചത്.

സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ഇരുവർക്കും എൻ.ഐ.എ അനുമതി നൽകിയിരുന്നു.

പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഖാദൂർ സാഹിബിൽ നിന്നാണ് അമൃത്പാൽ സിങ് വിജയിച്ചത്. അസമിലെ ദിബ്രുഗഢ് ജയിലിലായിരുന്നു അദ്ദേഹം തടവിൽ കഴിഞ്ഞത്. കശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ നിന്ന് വിജയിച്ച റാഷിദ് യു.എ.പി.എ നിയമപ്രകാരം തിഹാർ ജയിലിൽ തടവിലായിരുന്നു.

അമൃത്പാൽ സിങ്ങിനെ കുടുംബത്തെ കാണാൻ അനുവദിക്കുമെന്നും എന്നാൽ ദൽഹിയുടെ പ്രദേശിക അധികാരപരിധി വിട്ടുപോകാൻ കഴിയില്ലെന്നും കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് ദിവസം ജാമ്യം അനുവദിച്ചത്.

Content Highlight:  Amritpal Singh and Engineer Rashid take oath as Lok Sabha members

We use cookies to give you the best possible experience. Learn more