| Friday, 26th July 2024, 10:34 am

അവനുമായി ഇപ്പോഴും കോണ്‍ടാക്റ്റുണ്ട്; വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങള്‍ സുഹൃത്തുക്കളാണ്: അമൃത പ്രകാശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഞ്ഞുപോലൊരു പെണ്‍കുട്ടി. രണ്ടാനച്ഛനാല്‍ ശാരീരികമായി പീഡനം നേരിടേണ്ടി വരുന്ന കൗമാരക്കാരിയായ പെണ്‍കുട്ടിയെ കുറിച്ചായിരുന്നു സിനിമ പറഞ്ഞിരുന്നത്. ലാലു അലക്‌സ്, സുരേഷ് കൃഷ്ണ, ജയകൃഷ്ണന്‍, ഭാനുപ്രിയ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.

നിധി എന്ന പെണ്‍കുട്ടിയായി എത്തിയത് അമൃത പ്രകാശ് ആയിരുന്നു. ഈ ഒരൊറ്റ സിനിമ കൊണ്ടുതന്നെ അമൃത മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. സിനിമ വന്ന് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കൂടെ അഭിനയിച്ച ജയകൃഷ്ണനുമായി ഇന്നും കോണ്‍ടാക്റ്റുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അമൃത പ്രകാശ്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞങ്ങള്‍ ഇപ്പോഴും കോണ്‍ടാക്റ്റുണ്ട്. ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങള്‍ ഇപ്പോഴും ഫ്രണ്ട്‌സ് തന്നെയാണ്. ഇടക്ക് സംസാരിക്കാറുമുണ്ട്. ലാലു അലക്‌സ് സാറുമായി കോണ്‍ടാക്റ്റ് ഉണ്ടോയെന്ന് ചോദിച്ചാല്‍, അദ്ദേഹവുമായി ഇല്ല. സാറുമായി കോണ്‍ടാക്റ്റ് ഉണ്ടായിരുന്നെങ്കില്‍ എന്ന് എനിക്ക് ആഗ്രഹമുണ്ട്. ആ സിനിമയുടെ ടീം മുഴുവന്‍ ഞാനുമായി വളരെ ക്ലോസായിരുന്നു. അവരൊക്കെ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ തന്നെയാണ്,’ അമൃത പ്രകാശ് പറഞ്ഞു.

മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമ കന്നടയിലും തെലുങ്കിലും ഡബ്ബ് ചെയ്ത് വീണ്ടും റിലീസ് ചെയ്തിരുന്നു. ആ വര്‍ഷം അമൃതയെ മികച്ച നടിയായി ദേശീയ അവാര്‍ഡിന് നോമിനേറ്റ് ചെയ്തിരുന്നു. നാല് വയസുള്ളപ്പോള്‍ പരസ്യത്തിലൂടെയാണ് താരം തന്റെ കരിയര്‍ ആരംഭിച്ചത്. രസ്‌ന, റഫില്‍സ് ലെയ്‌സ്, ഗ്ലൂക്കോണ്‍-ഡി, ഡാബര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി 50ലധികം പരസ്യങ്ങളില്‍ അമൃത അഭിനയിച്ചിരുന്നു. ആ സമയത്ത് ലൈഫ്‌ബോയ് സോപ്പ് പാക്കേജിങ്ങിന്റെ മുഖമാകാനും അമൃതക്ക് സാധിച്ചിരുന്നു.


Content Highlight: Amrita Prakash Talks About Her Friendship With Jayakrishnan After Manjupoloru Penkutti

We use cookies to give you the best possible experience. Learn more