ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബെംഗളൂരു: ബെംഗളൂരുവിലെ അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അടക്കം 10 പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുത്തു. കഴിഞ്ഞയാഴ്ചയാണ് എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന വിശാഖപട്ടണം സ്വദേശി ശ്രീ ഹര്‍ഷ ആത്മഹത്യ ചെയ്തത്.
10 പേര്‍ക്കുമെതിരെ പരപ്പന അഗ്രഹാര പൊലീസ് ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാണിച്ച് നോട്ടീസയച്ചിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ ധനരാജ് സ്വാമി, അധ്യാപകരായ രാകേഷ് എസ്.ജി, ഭാസ്കര്‍ ബി, രവി കുമാര്‍, രമേശ് ടി.കെ, നിപുന്‍ കുമാര്‍, അമുദ, വെങ്കടേഷ് ബി., നാഗരാജ എസ്.ആര്, മൂര്‍ത്തി എന്‍.എസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികള്‍ ഹര്‍ഷയുടെ പിതാവിനെ തെറ്റിദ്ധരിപ്പിച്ചെന്നും മരണസമയം കോളേജിലെത്തിയ അദ്ദേഹത്തെ ഉള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തു നിന്ന് രക്തക്കറ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പ്രതികള്‍ കഴുകിക്കളയുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ നീക്കിയതായും ആരോപണമുണ്ട്.
ഹര്‍ഷയുടെ ആത്മഹത്യ കോളേജ് അധികൃതരുടെ പീഡനം മൂലമെന്നാരോപിച്ചു വിദ്യാര്‍ഥികള്‍ സമരം നടത്തിവരികയാണ്. തന്റെ മകനെ പീഡിപ്പിച്ചെന്ന് ഹര്‍ഷയുടെ പിതാവും പ്രതികള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായിരുന്ന ഹര്‍ഷ, കോളേജിന്റെ ഏഴാം നിലയില്‍ നിന്നാണ് താഴേക്കു ചാടിയത്.
കോളേജ് ഹോസ്റ്റലിലെ കുടിവെള്ളക്ഷാമത്തിനെതിരെയും നിലവാരമുള്ള ഭക്ഷണം ലഭിക്കണമെന്നാവശ്യപ്പെട്ടും സമരം ചെയ്തതിന് ഹര്ഷയടക്കമുള്ള വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു.
ഹര്‍ഷക്ക് ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ ലഭിച്ച ജോലി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു. ഇതിലുള്ള മനോവിഷമം മൂലമാണ് ഹര്‍ഷ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.