സൂപ്പര്‍ സൈക്ലോണായി ഉംപുണ്‍; ബംഗാള്‍ ഒഡീഷ തീരത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്നു
national news
സൂപ്പര്‍ സൈക്ലോണായി ഉംപുണ്‍; ബംഗാള്‍ ഒഡീഷ തീരത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th May 2020, 7:47 am

ന്യൂദല്‍ഹി: ഉംപുണ്‍ ചുഴലിക്കാറ്റ് മാരക ശേഷിയുള്ള സൂപ്പര്‍ സൈക്ലോണായി മാറി. കഴിഞ്ഞ ദിവസം വൈകീട്ടോടെ ചുഴലിക്കാറ്റിന് ശക്തി പ്രാപിച്ച് അഞ്ചാം വിഭാഗത്തില്‍പ്പെടുന്ന സൂപ്പര്‍ സൈക്ലോണാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ബംഗാള്‍ ഒഡീഷ തീരങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ആളുകളെ ഒഴിപ്പിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ 37 സംഘങ്ങളാണ് രണ്ടു രാജ്യങ്ങളുടെയും തീര പ്രദേശത്ത് വിന്യസിച്ചിട്ടുള്ളതെന്ന് ദുരന്തനിവാരണ സേനയുടെ തലവന്‍ എസ് എന്‍ പ്രധാന്‍ പറഞ്ഞു.

കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടയില്‍ ആളുകളെ സാമൂഹിക അകലം പാലിച്ചായിരിക്കും മാറ്റി പാര്‍പ്പിക്കുകയെന്ന് ഒഡീഷ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒഡീഷയില്‍ നിന്നും 11 ലക്ഷം പേരെയാണ് ഒഴിപ്പിക്കേണ്ടി വരികയെന്നാണ് കണക്കുകള്‍.

ബുധനാഴ്ച തീരം തൊടുന്ന ചുഴലിക്കാറ്റിന് വഴിയില്‍ വെച്ച് അതിന്റെ തീവ്രത നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അതേസമയം ബംഗാളിനെ ഗുരുതരമായ തോതില്‍ ഉംപുണ്‍ ബാധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതേസമയം ബുധനാഴ്ച തീരം തൊടുന്ന സൈക്ലോണ്‍ പശ്ചിമ ബംഗാളിലെ ദിഗ ദ്വീപിനും ബംഗ്ലാദേശിലെ ഹത്യ ദ്വീപിനുമിടയില്‍ മണ്ണിടിച്ചില്‍ ഉണ്ടാക്കുമെന്നും ഇത് കനത്ത നാശത്തിന് കാരണമായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണിക്കൂറില്‍ 175 കിലോമീറ്ററായിരിക്കും കാറ്റിന്റെ വേഗത. ഇത് ബുധനാഴ്ച വൈകുന്നേരമാകുമ്പോഴേക്കും 195 കിലോമീറ്റര്‍ വേഗത്തിലാവുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പങ്കുവെക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.