| Tuesday, 29th November 2016, 10:48 am

വീണ്ടും പ്രഹസനം: പിന്‍വലിക്കുവാനുള്ള ഇളവ് അസാധുവാക്കപ്പെടാത്ത നോട്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉദാഹരണത്തിന് നിങ്ങള്‍ ബാങ്കില്‍ ഇന്ന് 10000 രൂപ നിക്ഷേപിച്ചെന്ന് കരുതുക, അതില്‍ 6000 രൂപയുടെ പഴയ നോട്ടും 4000 രൂപയുടെ പുതിയ കറന്‍സിയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഈയാഴ്ച പിന്‍വലിക്കാവുന്ന തുകയായ 24000 രൂപയ്‌ക്കൊപ്പം പുതിയ കറന്‍സിയില്‍ നിക്ഷേപിച്ച 4000 രൂപ കൂടി പിന്‍വലിക്കാം.


ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ വീണ്ടും പ്രഹസനവുമായി കേന്ദ്രസര്‍ക്കാര്‍. അസാധുവാക്കപ്പെടാത്ത തുക ഉപയോഗിച്ച് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് മാത്രം പിന്‍വലിക്കല്‍ ഇളവ് പ്രഖ്യാപിച്ചാണ് ആര്‍.ബി.ഐ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ഇന്നുമുതല്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ നിയന്ത്രണം ഉണ്ടാവില്ലെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ ഈ വാര്‍ത്ത ആഘോഷിക്കുന്നത്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിലാണ് അസാധുവാക്കാത്ത കറന്‍സി ഉപയോഗിച്ച് ഇന്ന് മുതല്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് പിന്‍വലിക്കല്‍ ഇളവ് നല്‍കിയത്.

ഉദാഹരണത്തിന് നിങ്ങള്‍ ബാങ്കില്‍ ഇന്ന് 10000 രൂപ നിക്ഷേപിച്ചെന്ന് കരുതുക, അതില്‍ 6000 രൂപയുടെ പഴയ നോട്ടും 4000 രൂപയുടെ പുതിയ കറന്‍സിയുമാണെങ്കില്‍ നിങ്ങള്‍ക്ക് ഈയാഴ്ച പിന്‍വലിക്കാവുന്ന തുകയായ 24000 രൂപയ്‌ക്കൊപ്പം പുതിയ കറന്‍സിയില്‍ നിക്ഷേപിച്ച 4000 രൂപ കൂടി പിന്‍വലിക്കാം.

ബാങ്കില്‍നിന്നു സ്ലിപ് എഴുതി എപ്പോള്‍ വേണമെങ്കിലും ഈ തുക എടുക്കാം. ഇളവ് ഇന്നു മുതലുള്ള അസാധുവാക്കപ്പെടാത്ത തുകയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് മാത്രമാണ്.

അതേസമയം മുന്‍ നിക്ഷേപങ്ങള്‍ക്കെല്ലാം നിയന്ത്രണം തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. എന്നാല്‍ എടിഎം മുഖേനെ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം തുടരും. പിന്‍വലിക്കുന്നതിന് നിയന്ത്രണമുള്ളതിനാല്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ ഉപഭോക്താക്കള്‍ മടിക്കുന്നു എന്നതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ റിസര്‍വ്വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയ അന്ന് തന്നെയാണ് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിലവില്‍ വന്നത്.

ഇതുപ്രകാരം ആഴ്ചയില്‍ 24,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയുമായിരുന്നുള്ളൂ. പ്രതിദിന പരിധി 2,500 രൂപയായിരുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ സമ്പദ്‌വ്യവസ്ഥയിലെ കറന്‍സിയുടെ ഓഴുക്കിനെ തടസപ്പെടുത്തുന്നതാണെന്നാണ് റിസര്‍വ്വ് ബാങ്ക് പറയുന്നത്.

ഇതൊഴിവാക്കാനാണ് പുതിയ ഇളവ് എന്നും റിസര്‍വ്വ് ബാങ്കിന്റെ പുതിയ അറിയിപ്പില്‍ പറയുന്നു. പുതിയ 2,000ത്തിന്റേയും 500ന്റേയും നോട്ടുകളാണ് പണം പിന്‍വലിക്കുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുക എന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.

പുതിയ കറന്‍സി വാങ്ങിയവര്‍ അതു കയ്യില്‍ സൂക്ഷിക്കുന്നതു തടയുന്നതിനും വിപണിയില്‍ പുതിയ നോട്ട് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനും ആണ് റിസര്‍വ് ബാങ്കിന്റെ നടപടി.

അതേസമയം വിവാഹ ആവശ്യങ്ങള്‍ക്കു പിന്‍വലിക്കാവുന്ന തുകയുടെ പരിധി രണ്ടര ലക്ഷമാക്കി കുറച്ചതിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്നു പരിഗണിക്കും. വിവാഹാവശ്യങ്ങള്‍ക്ക് ഈ തുക മതിയാവില്ലെന്നും ഇളവു വേണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

മാസാവസാനമായതോടെ ശമ്പളം പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പുതിയ ഇളവ് സഹായകമാവും. വിതരണത്തിന് മതിയായ പണമില്ലാത്തതിനാല്‍ ശമ്പളത്തിനും പെന്‍ഷനുമായി ബുധനാഴ്ച മുതലുള്ള ഒരാഴ്ച എത്തുന്നവരെ എങ്ങനെ നേരിടുമെന്ന് അറിയാത്ത അവസ്ഥയിലാണ് ബാങ്കുകളും ട്രഷറികളും.

Latest Stories

We use cookies to give you the best possible experience. Learn more