| Saturday, 28th October 2017, 8:49 am

'ഹിമാചല്‍ പിടിക്കാന്‍ ട്രംപിനെ ഇറക്കി ബി.ജെ.പി'; അമേരിക്കയില്‍ ട്രംപ് ജയിച്ചത് മോദിയെ പോലെ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞത് കൊണ്ടാണെന്ന് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: നവംബര്‍ 9 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്തും ചെയ്യാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. അതിനായി അവര്‍ കൂട്ടുപിടിച്ചിട്ടുള്ളത് സാക്ഷാല്‍ ഡൊണാള്‍ഡ് ട്ംപിനെ തന്നെയാണ്.

കഴിഞ്ഞ ദിവസം ടിസ്സയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ ജാഥയിലായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ പ്രേം കുമാര്‍ ധുമാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രംഗത്തിറക്കിയത്. റിപ്പബ്ലിക്കന്‍ പ്രസിഡന്റായിരുന്ന ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചത് മോദിയെ കുറിച്ച് പറഞ്ഞതു കൊണ്ടാണെന്നായിരുന്നു പ്രേം കുമാറിന്റെ അവകാശവാദം.

“ഞാനിനി ലോകത്തെ ഏറ്റവും ശക്തരായ രാജ്യത്തെ കുറിച്ച് സംസാരിക്കാം. അമേരിക്ക, അവിടുത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. എല്ലാവരും കരുതിയത് ഹിലരി ക്ലിന്റണ്‍ ജയിക്കുമെന്നായിരുന്നു. പക്ഷെ ട്രംപാണ് ജയിച്ചത്. അദ്ദേഹം ജയിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ” പ്രേം കുമാര്‍ പറയുന്നു.

” എന്നാല്‍ തന്റെ പ്രചരണത്തിന്റെ അവസാന ദിവസങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ മുന്നോട്ട് കൊണ്ടു പോകാന്‍ മോദി പ്രവര്‍ത്തിക്കുന്നതു പോലെ താന്‍ യു.എസിലും പ്രവര്‍ത്തിക്കും എന്നു പറഞ്ഞു. എന്തുണ്ടായി, അദ്ദേഹം ജയിച്ചു”. പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു.


Also Read: വായടക്കണം; 15 ദിവസത്തിനുള്ളില്‍ നിന്നെ കണ്ടോളാം; ആരോപണങ്ങളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി രാധേ മാ


ഇതാണ് അമേരിക്കയില്‍ മോദിയുണ്ടാക്കിയ ഇംപാക്ട് എങ്കില്‍, നമ്മള്‍ നേരത്തെ തന്നെ നമ്പര്‍ വണ്‍ ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രണ്ട് മാസം മുമ്പ് ടിസ്സയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ കലാപത്തെ കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മറിച്ച് വികസനത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നത്.

ജാതിയും മതവും നോക്കാതെ വികസനം മുന്നോട്ട് കൊണ്ടു പോയിട്ടുള്ളവരാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളേയും ഒരുമിച്ച് കൊണ്ടു വരാനും അവരുടെ വികസനവുമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും മുസ് ലിങ്ങളും ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more