| Wednesday, 24th February 2021, 5:05 pm

പുടിന് ആശ്വാസം; നവാല്‍നിയെ തള്ളി ആംനസ്റ്റി ഇന്റര്‍നാഷണല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ രാഷ്ട്രീയ തടവുകാരനായി പ്രഖ്യാപിച്ച തീരുമാനം പിന്‍വലിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍.

നവാല്‍നി അക്രമത്തിന് പ്രേരിപ്പിച്ചു, വിവേചനപരമായി പെരുമാറി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവാല്‍നിയെ രാഷ്ട്രീയ തടവുകാരനായി കരുതാന്‍ സാധിക്കില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കിയത്.

നവാല്‍നി വംശീയപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് പിന്‍വലിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ആംനസ്റ്റി കൂട്ടിച്ചേര്‍ത്തു.

നവാല്‍നിയെ രാഷ്ട്രീയ തടവുകാരനായി പ്രഖ്യാപിച്ച തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റിയിലേക്ക് നിരവധി കത്തുകള്‍ എത്തിയിരുന്നു. നിലവില്‍ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിന് നവാല്‍നി തടവിലാണ്.

ജനുവരി 17ന് നടന്ന അറസ്റ്റിന് തൊട്ടുപിന്നാലെ തന്നെ നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ സമരങ്ങള്‍ ആരംഭിച്ചിരുന്നു.

രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തില്‍ മോസ്‌കോയില്‍ മാത്രം 40,000ത്തിലേറെ പേരാണ് പങ്കെടുത്തതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 300 പേര്‍ മാത്രമേ സമരത്തില്‍ പങ്കെടുത്തിട്ടുള്ളൂവെന്നാണ് അധികൃതരുടെ വാദം.

പ്രതിഷേധക്കാരെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെയും വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെയും നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന ജനങ്ങളെ പൊലീസ് അടിച്ചമര്‍ത്തിയതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സൈബീരിയയില്‍ നിന്നും മോസ്‌കോവിലേക്കുള്ള വിമാനയാത്രക്കിടെയാണ് അലക്സി നവാല്‍നിയ്ക്ക് വിഷബാധയേറ്റത്. തുടര്‍ന്ന് ഇദ്ദേഹം ആഴ്ചകളോളം കോമയിലായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Amnesty strips Alexei Navalny of ‘prisoner of conscience’ status
We use cookies to give you the best possible experience. Learn more