ഗിനി: ഗിനി സര്‍ക്കാരിനെതിരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍.
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിയതില്‍ സുരക്ഷാ സേനയുടെ ഉത്തരവാദിത്തം വ്യക്തമാക്കുന്നതില്‍ ഗിനി പരാജയപ്പെട്ടുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.
ഗിനിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്ത ആഴ്ച്ച നടക്കാനിരിക്കെയാണ് വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തിയത്.
2019 ഒക്ടോബര്‍ മുതല്‍ 2020 ജൂലയ് വരെയുള്ള കാലയളവില്‍ 50ല്‍ അധികം പേര്‍ ഗിനി പ്രസിഡന്റ് ആല്‍ഫ കോണ്ടേയ്‌ക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ കൊല്ലപ്പെട്ടിരുന്നു.
ഇതേ കാലയളവില്‍ 70 ഓളം പേരാണ് തടവിലാക്കപ്പെട്ടതും. പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെയും അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ച് കോണ്ടേയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരെയുമാണ് തടവിലാക്കിയത് എന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
ഒക്ടോബര്‍ 18നാണ് ഗിനിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്ടേയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഗിനിയില്‍ നിന്ന് ഉയരുമ്പോഴും മൂന്നാം തവണയും മത്സരകളത്തില്‍ അദ്ദേഹമുണ്ട്.
കഴിഞ്ഞ ഒക്ടോബറിലാണ് ഗിനിയന്‍ പ്രസിഡന്റിനെതിരെ വ്യാപകമായ വിമര്‍ശനവും ജനരോഷവും ഉയര്‍ന്നു വന്നത്.
ഇതിന് പിന്നാലെ ഭരണഘടന ഭേദഗതിയിലൂടെ ഒരാള്‍ക്ക് രണ്ട് തവണ മാത്രമേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടുള്ളുവെന്ന നിയമത്തില്‍ മാറ്റം വരുത്തുകയായിരുന്നു അദ്ദേഹം.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ അറുപത് പേജ് റിപ്പോര്‍ട്ടില്‍ ഭരണകൂടത്തില്‍ നിന്നുള്ള തിരിച്ചടികള്‍ ഭയന്ന് ജനങ്ങള്‍ നീതി നേടാന്‍ മടിക്കുകയാണ് എന്നും വ്യക്തമാക്കുന്നു.
പ്രസിഡന്റിനെതിരായ പ്രതിഷേധത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചുവെന്നും ഇവരില്‍ പലരും കഴുത്തിലും നടുവിലും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്നും ആംനസ്റ്റി പ്രതിനിധി പറയുന്നു.
നൂറില്‍ അധികം പേരുമായി അഭിമുഖം നടത്തിയതിന് ശേഷമാണ് ആംനസ്റ്റി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടയാളുകളുടെ മൃതദേഹം സ്വീകരിക്കാനും പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കാനും ആശുപത്രികള്‍ വിസമ്മതിച്ചതിനാല്‍ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറം ലോകം അറിയാതെ പോകുകയായിരുന്നുവെന്നും ജനങ്ങള്‍ പറയുന്നു. ഇക്കാരണത്താല്‍ മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഈ മനുഷ്യാവകാശ ലംഘനങ്ങളെല്ലാം ശിക്ഷിക്കപ്പെടാതെ പോയെന്നും ആംനെസ്റ്റി പറഞ്ഞു. കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നതിലും കുറ്റവാളികളെ ശിക്ഷിക്കുന്നതിലും കണ്ടെത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ആംനസ്റ്റി കുറ്റപ്പെടുത്തി.
മൗലിക സ്വാത്രന്ത്യങ്ങള്‍ ഗിനിയില്‍ ഇല്ലാതായെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Amnesty Slams Guinea’s lethal protest Crackdown