ലണ്ടന്‍: ആറ് ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഫോണുകള്‍ പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വഴി എന്‍.എസ്.ഒ ചോര്‍ത്തിയിരുന്നതായി സ്ഥിരീകരിച്ച് ആംനെസ്റ്റി ഇന്റര്‍നാഷനല്‍. ഇസ്രഈല്‍ അധിനിവേശ വെസ്റ്റ്ബാങ്കിലുള്ള ആക്ടിവിസ്റ്റുകളുടെ ഫോണുകളാണ് ചോര്‍ത്തപ്പെട്ടതെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷനലും ഇന്റര്‍നെറ്റ് സെക്യൂരിറ്റി വാച്ച്‌ഡോഗായ സിറ്റിസണ്‍ ലാബും തിങ്കളാഴ്ച പറഞ്ഞത്.
വിവിധ രാജ്യങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകരുടേയും രാഷ്ട്രീയക്കാരുടേയും വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിരുന്നെങ്കിലും ഫലസ്തീന്‍ ആക്ടിവിസ്റ്റുകളെ ലക്ഷ്യമിട്ടെന്ന വാര്‍ത്ത പുറത്ത് വരുന്നത് ആദ്യമായാണ്.
അതേസമയം ആരാണ് ഇവരുടെ ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ കയറ്റിയതെന്ന വിവരം പുറത്ത് വന്നിട്ടില്ല.
ഇസ്രഈല്‍ ഭരണകൂടം എന്‍.എസ്.ഒ കമ്പനിയില്‍ സ്വാധീനം ചെലുത്തിയിരുന്നോ, കമ്പനിയേയും സോഫ്റ്റ്‌വെയറും ഫലസ്തീനെതിരായി ദുരുപയോഗം ചെയ്തിരുന്നോ എന്ന് സംശയമുണര്‍ത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
അമേരിക്കന്‍ പൗരനായ ഉബൈ അബൗദിയെന്ന 37കാരനാണ് ഈ ആറ് പേരില്‍ ഒരാള്‍. വെസ്റ്റ്ബാങ്കില്‍ ഗവേഷണ കേന്ദ്രം നടത്തുകയാണ് ഇദ്ദേഹം. പേര് പുറത്തുവന്നിട്ടുള്ള മറ്റുള്ളവരില്‍ ഒരു അഭിഭാഷകനും ഒരു ഗവേഷകനുമുണ്ട്.
ഐക്യരാഷ്ട്രസഭ ഇത് നേരിട്ട് അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.
നേരത്തെ എന്‍.എസ്.ഒയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരേയും ആക്ടിവിസ്റ്റുകളേയുമടക്കം ഉന്നം വെച്ചുകൊണ്ട് ദുരുദ്ദേശത്തോടെ അവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ചാര സോഫ്റ്റ്‌വെയറായ പെഗാസസ് നിര്‍മിക്കുകയും അത് വിദേശ രാജ്യങ്ങള്‍ക്ക് കൈമാറുകയും ചെയ്തു എന്ന കുറ്റത്തിനാണ് കമ്പനിയെ ബൈഡന്‍ ഭരണകൂടം ബ്ലാക്ക്‌ലിസ്റ്റ് ചെയ്തത്.