ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധം; ആറു ദിവസത്തിനുള്ളില്‍ ഇറാനില്‍ കൊല്ലപെട്ടത് നൂറിലേറെ പേരെന്ന് റിപ്പോര്‍ട്ട്
World
ഇന്ധനവില വര്‍ധനവിനെതിരായ പ്രതിഷേധം; ആറു ദിവസത്തിനുള്ളില്‍ ഇറാനില്‍ കൊല്ലപെട്ടത് നൂറിലേറെ പേരെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2019, 11:51 am

തെഹ്‌രാന്‍: ഇറാനില്‍ ഇന്ധന വില വര്‍ധിപ്പിച്ചതിനും സബ്‌സിഡികള്‍ ഒഴിവാക്കിയതിനും എതിരെ നടന്ന പ്രക്ഷോഭത്തിനു നേരൈ സുരക്ഷാ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് നൂറിലേറെ പേരെന്ന് റിപ്പോര്‍ട്ട്. ആംനസ്റ്റി ഇന്റര്‍നാഷണലാണ് കണക്കുകള്‍ പുറത്തു വിട്ടത്. പ്രക്ഷോഭം തുടങ്ങി ആറു ദിവസം പിന്നിടുമ്പോഴാണ് ഇത്രയും മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്.

ഇറാനിലെ 21 നഗരങ്ങളിലായി നടന്ന പ്രക്ഷോഭത്തിനു നേരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 106 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ആംനസ്റ്റിയുടെ കണക്കുകള്‍ പറയുന്നത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രക്ഷോഭത്തിനു നേരെ മാരകായുധാക്രമണങ്ങളാണ് ഇറാനിയന്‍ സൈന്യം നടത്തുന്നത് എന്നും ആരോപണമുണ്ട്. രാജ്യത്തെ പല നഗരങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചിരിക്കുകയാണ്. വിഷയത്തില്‍ ആശങ്കയുണ്ടെന്ന് യു.എന്നും അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിനോട് ഇറാനിയന്‍ സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസമാണ് ഇറാനില്‍ ഇന്ധനവില 50 ശതമാനം വര്‍ധിപ്പിച്ചതായും നിലവില്‍ ഇന്ധനവിതരണത്തില്‍ ലഭിക്കുന്ന സബ്‌സിഡികള്‍ എടുത്തുകളയുന്നതായും ഇറാന്‍ സര്‍ക്കാര്‍ അറിയിച്ചത്.

വില വര്‍ധന രാജ്യത്തെ പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡികള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും എന്ന് പ്രസിഡന്റ് ഹസ്സന്‍ റുഹാനി പറഞ്ഞിരുന്നു.
എന്നാല്‍ വില വര്‍ധന അംഗീകരിക്കാാവില്ലെന്ന് അറിയിച്ചു കൊണ്ട് പ്രക്ഷോഭം തുടങ്ങുകയായിരുന്നു.

ഞാറാഴ്ചത്തെ പ്രക്ഷോഭത്തില്‍ ഇറാനിലെ നൂറോളം ബാങ്കുകളും 57 കടകളും കത്തി നശിച്ചതായും 1000 ത്തിലേറെ പേരെ അറസ്റ്റ് ചെയ്തതായും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എസിന്റെ വ്യാപാര വിലക്കുകള്‍ മൂലം ഇറാനിലെ സാമ്പത്തിക നില മോശമായ അവസ്ഥയിലാണ് ഇദ്ധനവില വര്‍ധനവും കൂടി വന്നത്.