കീവ്: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഉക്രൈന്‍ ഓഫീസ് മേധാവി രാജിവെച്ചു.
റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ ഉക്രൈന്‍ സര്‍ക്കാരിനും സൈന്യത്തിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആംനെസ്റ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് വിഷയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി പ്രതിഷേധിച്ചുകൊണ്ട് മേധാവി ഒക്‌സാന പൊകാല്‍ചുക് രാജി വെച്ചത്.
റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശ സമയത്ത് ജനവാസ മേഖലകളില്‍ സൈനിക ട്രൂപ്പുകളെ വിന്യസിച്ചുകൊണ്ട് ഉക്രൈന്‍ സായുധസേന രാജ്യത്തെ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്നായിരുന്നു ആംനസ്റ്റി ആരോപിച്ചത്. സ്‌കൂളുകളിലും ആശുപത്രികളിലും മിലിറ്ററി ബേസുകള്‍ സ്ഥാപിക്കുകയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് റഷ്യക്കെതിരെ പ്രത്യാക്രമണം നടത്തുകയുമാണ് ഉക്രൈന്‍ സേന ചെയ്യുന്നതെന്നും ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഈ ആരോപണത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് സംഘടനയുടെ ഉക്രൈന്‍ ഓഫീസ് മേധാവി ഒക്‌സാന പൊകാല്‍ചുക് രാജിവെച്ചത്. സമൂഹമാധ്യമങ്ങളിലൂടെയും അവര്‍ തന്റെ രാജി വിവരം അറിയിച്ചു.
ആംനെസ്റ്റി ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനെ എതിര്‍ക്കുന്നതിനാല്‍ രാജിവെക്കുകയാണെന്ന് ഒക്‌സാന പൊകല്‍ചുക് വെള്ളിയാഴ്ച വൈകീട്ട് ഫേസ്ബുക്കില്‍ കുറിച്ചു. ഈ റിപ്പോര്‍ട്ട് മാറ്റാനോ നീക്കം ചെയ്യാനോ കഴിയില്ലെന്ന് താനിപ്പോള്‍ മനസ്സിലാക്കുന്നതായും പൊകല്‍ചുക് പറഞ്ഞു.
‘മനപൂര്‍വമല്ലെങ്കില്‍ പോലും അധിനിവേശത്തെക്കുറിച്ചുള്ള റഷ്യയുടെ വിവരണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മെറ്റീരിയലാണ് ആംനെസ്റ്റി സൃഷ്ടിച്ചത്. ഉക്രൈനിലെ സാധാരണക്കാരെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ പേരില്‍ ഈ പഠനം റഷ്യന്‍ പ്രൊപ്പഗാണ്ടയുടെ ഒരു ടൂളായി മാറി.
അത് തുറന്ന് സമ്മതിക്കുന്നതില്‍ എനിക്ക് വേദനയുണ്ട്. പക്ഷേ ചില മൂല്യങ്ങളുടെ പേരില്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തോട് ഞങ്ങള്‍ വിയോജിച്ചു. അതുകൊണ്ടാണ് ഞാന്‍ സംഘടന വിടാന്‍ തീരുമാനിച്ചത്,” പൊകല്‍ചുക്ക് പ്രതികരിച്ചു.
”ഓക്‌സാന പൊകല്‍ചുക്ക് ആംനസ്റ്റി സ്റ്റാഫിലെ വിലയേറിയ അംഗമായിരുന്നു. കൂടാതെ കഴിഞ്ഞ ഏഴ് വര്‍ഷമായി നിരവധി മനുഷ്യാവകാശ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഉക്രൈന്‍ ഓഫീസിനെ അവര്‍ നയിച്ചിട്ടുണ്ട്.
അവര്‍ സംഘടനയില്‍ നിന്ന് പുറത്തുപോകുന്നതായി അറിഞ്ഞതില്‍ ഞങ്ങള്‍ക്ക് ദുഖമുണ്ട്, പക്ഷേ തീരുമാനത്തെ ഞങ്ങള്‍ മാനിക്കുന്നു, അവര്‍ക്ക് ആശംസകള്‍ നേരുന്നു,” പൊകല്‍ചുക്കിന്റെ രാജിയെക്കുറിച്ചുള്ള ചോദ്യത്തിന് ആംനസ്റ്റി വക്താവും ഓര്‍ഗനൈസേഷന്റെ സെക്രട്ടറി ജനറലുമായ ആഗ്നസ് കാലമര്‍ഡ് പ്രതികരിച്ചു.