'കര്‍ഷക പ്രതിഷേധങ്ങൾക്ക് നൽകുന്ന വില മരണമാവരുത്'; കേന്ദ്ര സര്‍ക്കാരിന് താക്കീതുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
national news
'കര്‍ഷക പ്രതിഷേധങ്ങൾക്ക് നൽകുന്ന വില മരണമാവരുത്'; കേന്ദ്ര സര്‍ക്കാരിന് താക്കീതുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th February 2024, 10:53 pm

ന്യൂദല്‍ഹി: ദല്‍ഹി ചലോ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് വിലയായി നല്‍കേണ്ടത് മരണമല്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി.

പൊലീസിന്റെ അനാസ്ഥയും സംസ്ഥാന അധികാരികളുടെ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കുമിടയിലാണ് യുവ കര്‍ഷകനായ ശുഭ്കരണ്‍ സിങ് കൊല്ലപ്പെട്ടതെന്ന് ആംനസ്റ്റി പറഞ്ഞു. കര്‍ഷകന്റെ മരണത്തില്‍ കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സര്‍ക്കാര്‍ അതിന്റെ അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകള്‍ക്ക് അനുസൃതമായി, പൗരന്മാര്‍ക്ക് സമാധാനപരമായി ഒത്തുകൂടാനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും സുഗമമാക്കുകയും വേണമെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി.

കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയമാക്കരുതെന്നും ന്യായമായ വിചാരണയിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആംനസ്റ്റി പറഞ്ഞു.

കര്‍ഷകരുടെ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ പ്രതിഷേധക്കാരുടെ ആശങ്കകളെ സമാധാനപരമായി കൈകാര്യം ചെയ്യാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കണമെന്ന് സംഘടന വ്യക്തമാക്കി. കര്‍ഷകര്‍ക്ക് മരണവും പരിക്കുകളും സംഭവിക്കാതെ കേന്ദ്ര സര്‍ക്കാര്‍ നോക്കണമെന്നും മനുഷ്യാവകാശ സംഘടന പറഞ്ഞു.

ഖനൗരി അതിര്‍ത്തിയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റാണ് യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് ദല്‍ഹി ചലോ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു.

പഞ്ചാബിലെ ബതിന്ഡ ജില്ലയിലെ ബലോകേ സ്വാദേശിയാണ് കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്. അതേസമയം യുവകര്‍ഷകന്റെ മരണം ഹരിയാന പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

Content Highlight: Amnesty International warned the central government over the death of the young farmer