ഉക്രൈന്‍- റഷ്യ വിഷയത്തിലെ ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഇടപെടലുകളില്‍ കടുത്ത വിമര്‍ശനവുമായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ഉക്രൈനില്‍ നടക്കുന്ന യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ചും ആംനെസ്റ്റി തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
ഉക്രൈനില്‍ ഇപ്പോള്‍ നടക്കുന്ന റഷ്യന്‍ ആക്രമണങ്ങളെയും അത്യാഹിതങ്ങളെയും സിറിയയുമായും സിറയയിലെ യുദ്ധവുമായും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്നസ് കലമാഡ് പ്രതികരിച്ചത്.
”ഉക്രൈനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് സിറിയയില്‍ നമ്മള്‍ കണ്ടതിന്റെ തനിയാവര്‍ത്തനമാണ്,” ആംനെസ്റ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ലോഞ്ചില്‍ പങ്കെടുത്ത ശേഷം സെക്രട്ടറി ജനറല്‍ ആഗ്നസ് കലമാഡ് എ.എഫ്.പിയോട് പ്രതികരിച്ചു.
ജൊഹന്നാസ്ബര്‍ഗില്‍ വെച്ചായിരുന്നു, ലോകത്തെ മനുഷ്യാവകാശങ്ങളുടെ സ്ഥിതിയെക്കുറിച്ചുള്ള ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ലോഞ്ചിങ് നടന്നത്.
”പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മേല്‍ ആസൂത്രിതമായി ആക്രമണം നടത്തുന്നതിനിടയിലാണ് നമ്മള്‍ ജീവിക്കുന്നത്.
റഷ്യ സിറിയയില്‍ ചെയ്തത് പോലെ, അതേ കാര്യമാണ് നമ്മള്‍ ഇവിടെ (ഉക്രൈനില്‍) കാണുന്നത്,” ആഗ്നസ് കലമാഡ് പറഞ്ഞു.
മനുഷ്യത്വ ഇടനാഴികള്‍ റഷ്യ മരണക്കെണികളാക്കി മാറ്റുകയാണെന്നും ഉക്രൈന്‍ വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടുന്നതില്‍ അന്താരാഷ്ട്ര സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനെതിരെയായിരുന്നു പ്രധാന വിമര്‍ശനം.
”യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ യു.എന്‍ ഇന്‍സെക്യൂരിറ്റി കൗണ്‍സിലാണ് (UN Insecurity Council). മ്യാന്മറിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും നടന്ന, നടക്കുന്ന അക്രമങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതില്‍ അവര്‍ പരാജയപ്പെട്ടു,” ആഗ്നസ് കലമാഡ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Amnesty International secretary general Agnes Callamard criticize UN security council on Russia- Ukraine issue