| Thursday, 5th December 2024, 6:00 pm

ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യ തന്നെയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍; അമേരിക്കയ്ക്കും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യ തന്നെയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഇസ്രഈലിന് പുറമെ അവരുടെ സഖ്യകക്ഷികളായ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ക്കും വംശഹത്യയില്‍ പങ്കുണ്ടെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

1948 ലെ വംശഹത്യ കണ്‍വെന്‍ഷന്‍ നിരോധിച്ച അഞ്ച് പ്രവൃത്തികളില്‍ മൂന്നെണ്ണമെങ്കിലും ഇസ്രഈല്‍ സൈന്യം ഗസയില്‍ ചെയ്തിട്ടുണ്ടെന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിവിലിയന്മാരെ വിവേചനരഹിതമായി കൊലപ്പെടുത്തുക, ഗുരുതരമായ ശാരീരിക മാനസിക ഉപദ്രവങ്ങള്‍ക്ക് ഇരയാക്കുക എന്നിവയെല്ലാം നിരോധിത പ്രവര്‍ത്തനങ്ങളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗസയില്‍ മാരകമായ ആക്രമണങ്ങള്‍ നടത്തിയും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തുമാണ് ഇസ്രഈല്‍ആക്രമണം നടത്തുന്നത്. കൂടാതെ ആവശ്യമായ ഭക്ഷണവും മരുന്നും നല്‍കാതെ ഗസയിലെ ജനങ്ങളെ കരുതിക്കൂട്ടി ഇല്ലായ്മ ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അതിനാല്‍ മറ്റ് ലോകരാജ്യങ്ങള്‍ ഇസ്രഈലുമായി ഒരു കാര്യത്തിലും സഹകരിക്കരുതെന്നും റിപ്പോര്‍ട്ടില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ നിര്‍ദേശിക്കുന്നുണ്ട്. യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രഈലിന് ഇനി ആയുധം നല്‍കരുതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഇസ്രഈല്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും മനുഷ്യത്വ രഹിതമായ ആക്രമണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തലുകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ഗസയിലെ ജനങ്ങളില്‍ നിന്ന് സ്വീകരിച്ച വിവരങ്ങളും ഇസ്രഈല്‍ സൈന്യം ഗസയില്‍ സൃഷ്ടിച്ച നാശനഷ്ടടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ആംനസ്റ്റി മേധാവി ആഗ്നസ് കാലര്‍മാഡ് പറഞ്ഞു. 296 പേജുകളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

അതേസമയം ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ഇസ്രഈല്‍ പാടെ തളളിക്കളയുകയാണുണ്ടായത്. റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും കള്ളങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചതാണെന്നും ഇസ്രഈല്‍ വിദേശകാര്യം മന്ത്രി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഇതാദ്യമായല്ല ഇസ്രആഈലിന് നേരെ വംശഹത്യ ആരോപണം ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ഇസ്രഈല്‍ ഗസയില്‍ വംശഹത്യ നനടത്തുന്നുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. തുര്‍ക്കി അടക്കമുള്ള രാജ്യങ്ങളും ഈ കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

Content Highlight: Amnesty International says Israel is committing genocide in Gaza and  America is also have role

We use cookies to give you the best possible experience. Learn more