റിയാദ്: സൗദി അറേബ്യന്‍ തുറമുഖ നഗരമായ ജിദ്ദയില്‍ നടക്കുന്ന സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കലുകളും കെട്ടിടം പൊളിക്കലും രാജ്യത്തെ പ്രവാസികള്‍ക്കെതിരായ വിവേചനമാണെന്ന് റിപ്പോര്‍ട്ട്.
സര്‍ക്കാരിന്റെ നിര്‍ബന്ധിത ഒഴിപ്പിക്കലുകള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സ്റ്റാന്‍ഡേര്‍ഡുകളെ ലംഘനമാണെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
2021ന്റെ അവസാനം മുതല്‍ 2022ന്റെ തുടക്കം വരെ ജിദ്ദയുടെ തെക്കന്‍ പ്രദേശങ്ങളില്‍ നടത്തിയ കെട്ടിടം പൊളിക്കലുകളിലും കുടിയൊഴിപ്പിക്കലുകളിലുമായി ആയിരക്കണക്കിന് ജനങ്ങള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. ജിദ്ദയുടെ വിശാലമായ വികസന പദ്ധതിയുടെ ഭാഗമായാണ് അധികൃതര്‍ ഇവരെ ഒഴിപ്പിക്കുന്നത്.
5,58,000ലധികം പ്രവാസി താമസക്കാരെ ഈ കുടിയൊഴിപ്പിക്കല്‍ ബാധിച്ചെന്നും മുനിസിപ്പാലിറ്റി രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജിദ്ദയിലെ, കുടിയൊഴിക്കപ്പെടുന്നവരില്‍ 47 ശതമാനം പേരും പ്രവാസികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി സൗദി അധികൃതര്‍ നഷ്ടപരിഹാര സ്‌കീം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രവാസികളെ ഇതില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.
മാറിത്താമസിക്കുന്നത് സംബന്ധിച്ച് ചിന്തിക്കാന്‍ പോലും അധികൃതര്‍ സമയം നല്‍കിയില്ലെന്നും ചിലര്‍ക്ക് തങ്ങളുടെ ഫര്‍ണിച്ചറുകള്‍ റോഡുകളിലുപേക്ഷിച്ച് പാലങ്ങള്‍ക്കും മറ്റും താഴെ അഭയം പ്രാപിക്കേണ്ടി വന്നതായും പ്രവാസികളും ദൃക്‌സാക്ഷികളും പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
”പുറംലോകത്തിന് മുന്നില്‍ സൗദി അറേബ്യ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന പുരോഗമനപരവും തിളങ്ങുന്നതുമായ ഈ ഇമേജിന് പിന്നില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെയും ചൂഷണങ്ങളുടെയും ഭയാനകമായ കഥകളാണുള്ളത്.
കൃത്രിമമായ ഈ മോടി കാണിക്കല്‍ കൊണ്ട് ലോകത്തെ മണ്ടന്മാരാക്കാനാകില്ല,” ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ മിഡില്‍ ഈസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡയാന സെമാന്‍ പറഞ്ഞു.
താമസസ്ഥലം ഒഴിയാന്‍ മതിയായ സമയമോ വേറെ വീട് കണ്ടെത്താന്‍ വേണ്ട നഷ്ടപരിഹാരമോ നല്‍കാതെയാണ് ഇവരെ വീടുകളില്‍ നിന്നും അടിച്ചിറക്കിയതെന്നും ഡയാന സെമാന്‍ കൂട്ടിച്ചേര്‍ത്തു.
വികസന സംബന്ധമായ കുടിയൊഴിപ്പിക്കലുകളുമായി ബന്ധപ്പെട്ട ഐക്യാരാഷ്ട്രസഭയുടെ പ്രിന്‍സിപ്പലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായി ജിദ്ദയിലെ ആളുകള്‍ക്ക് വിവേചനരഹിതമായി നഷ്ടപരിഹാരം നല്‍കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ സൗദി സര്‍ക്കാരിനോട് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
നഷ്ടപരിഹാരം നല്‍കുന്നതില്‍ സൗദി പൗരന്മാരെന്നോ പ്രവാസികളെന്നോ ഉള്ള വ്യത്യാസമോ രേഖകള്‍ ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ ഉള്ള വ്യത്യാസമോ കാണിക്കരുതെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.
സൗദി അറേബ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ജിദ്ദയില്‍ 45 ലക്ഷമാണ് ജനസംഖ്യ.
20 ബില്യണ്‍ ഡോളര്‍ പദ്ധതിയുടെ വികസന പദ്ധതിയാണ് ജിദ്ദയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. മ്യൂസിയം, സ്‌പോര്‍ട്‌സ് സ്‌റ്റേഡിയം എന്നിവ അടങ്ങുന്നതാണ് പദ്ധതി.
Content Highlight: Amnesty International report says Saudi Arabian gov evictions in Jeddah discriminate against foreign nationals, without compensation