ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങളെ യുദ്ധക്കുറ്റമായി അന്വേഷിക്കണം: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍
World News
ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങളെ യുദ്ധക്കുറ്റമായി അന്വേഷിക്കണം: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th May 2024, 8:28 am

ഹേഗ്: ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങളെ യുദ്ധക്കുറ്റമായി അന്വേഷിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. 32 കുട്ടികളുള്‍പ്പെടെ 44 ഫലസ്തീന്‍ പൗരന്മാരെ കൊലപ്പെടുത്തിയ മൂന്ന് ഇസ്രഈലി ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘടന ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഏപ്രില്‍ 16ന് സെന്‍ട്രല്‍ ഗസയിലെ അല്‍ മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന മൂന്ന് ആക്രമണങ്ങളും ഏപ്രില്‍ 19, 20 തീയതികളില്‍ റഫാ അതിര്‍ത്തിയില്‍ നടന്ന രണ്ട് ആക്രമണങ്ങളും ഇസ്രഈല്‍ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ തെളിവുകളാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി.

ഈ ആക്രമണങ്ങള്‍ ഒക്ടോബര്‍ ഏഴ് മുതലുള്ള ഇസ്രഈലി അതിക്രമങ്ങളുടെ വ്യക്തമായ മാതൃക കാണിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി. ഫലസ്തീനികള്‍ക്കുള്ള ശിക്ഷയെന്നോണം പൗരന്മാരെ ഇസ്രഈല്‍ കൊന്നൊടുക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന് ആംനസ്റ്റിയുടെ സീനിയര്‍ ഡയറക്ടര്‍ എറിക്ക ഗുവേര റോസാസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച റഫയിലെ സൈനിക നടപടി ഇസ്രഈല്‍ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തവിട്ടിരുന്നു. ഗസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ ഹരജിയിലായിരുന്നു വിധി. ഗസയിലേക്ക് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഹമാസ് നിരുപാധികം ബന്ദികളെ വിട്ടയക്കണമെന്നും ഐ.സി.ജെ ഉത്തരവിട്ടിരുന്നു. റഫയിലെ ഇസ്രഈല്‍ ആക്രമണം ഒരു സമൂഹത്തെ മുഴുവനായും നശിപ്പിച്ചേക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇസ്രഈലിനെതിരെയുള്ള വംശഹത്യ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ യു.എന്നിന്റെ നിയന്ത്രണത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്നും ഐ.സി.ജെ ഉത്തരവിട്ടു. വസ്തുതാന്വേഷത്തിനായി എത്തുന്ന സംഘത്തിന്റെ ഗസയിലേക്കുള്ള പ്രവേശനം ഉറപ്പുവരുത്താന്‍ ഇസ്രഈല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഒരു മാസത്തിനുള്ളില്‍ കോടതി വിധിയില്‍ ഇസ്രഈല്‍ കൈക്കൊണ്ട നടപടികള്‍ അറിയിക്കണമെന്നും ഐ.സി.ജെ ഉത്തരവില്‍ പറയുന്നു. ഇതിനുപുറമെ ഫലസ്തീനെ സ്‌പെയിന്‍, നോര്‍വെ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെ മൂന്ന് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ ഇസ്രഈല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയുമുണ്ടായി.

Content Highlight: Amnesty International has called on the International Criminal Court to investigate Israel’s attacks on Gaza as war crimes