| Thursday, 19th May 2022, 10:15 am

ഖത്തര്‍ ലോകകപ്പ് ജോലികളുടെ ഭാഗമായി കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിനിരയായി; ഫിഫ 3000 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആംനെസ്റ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായി ജോലി ചെയ്യാനെത്തിയ കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാക്കപ്പെട്ടതില്‍ ഫിഫ
(FIFA) നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍.

ചൂഷണത്തിനിരയായ തൊഴിലാളികള്‍ക്ക് 440 മില്യണ്‍ ഡോളര്‍ (ഏകദേശം 3300 കോടി രൂപ) ഫിഫ നല്‍കണമെന്നാണ് ആംനെസ്റ്റി ആവശ്യപ്പെട്ടത്. ലോകകപ്പില്‍ മൊത്തം ടീമുകള്‍ക്ക് നല്‍കുന്ന പാരിതോഷിക തുകയ്ക്ക് സമാനമാണിത്.

മറ്റ് മനുഷ്യാവകാശ സംഘടനകളും ആംനെസ്റ്റിയുടെ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി വിവിധ ഇന്‍ഫ്രാസ്ട്രക്ചര്‍ ജോലികള്‍ക്കായി ഖത്തറിലെത്തിയ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും ചൂഷണം തടയുന്നതിലും ഫിഫ പരാജയപ്പെട്ടു എന്നാണ് ആംനെസ്റ്റി നിരീക്ഷിച്ചത്. സംഘടന പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

”2022 ലോകകപ്പിന്റെ തയാറെടുപ്പുകളുടെ ഭാഗമായുള്ള ജോലികള്‍ക്കിടെ, ഖത്തറില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാക്കപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഫിഫ കുറഞ്ഞത് 440 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണം,” ആംനെസ്റ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഖത്തറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്‍ടിനോയോട് ആംനെസ്റ്റി ആവശ്യപ്പെട്ടു.

2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ വേദിയായി ഖത്തറിനെ തെരഞ്ഞെടുത്ത 2010 മുതല്‍ തന്നെ ലോകകപ്പ് ജോലികളുടെ ഭാഗമായി ഇത്തരത്തില്‍ തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്നും ആംനെസ്റ്റി പറഞ്ഞു.

നവംബര്‍ 21നാണ് ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് ആരംഭിക്കുന്നത്.

Content Highlight: Amnesty International demands FIFA pay $440m to Qatar’s abused migrant workers

We use cookies to give you the best possible experience. Learn more