ന്യൂദല്‍ഹി: ആഗോള സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നരേന്ദ്രമോദി സര്‍ക്കാരിന് വിമര്‍ശനം.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതും വന്‍ കിട കോര്‍പറേറ്റ് പദ്ധതികളുടെ പേരിലുള്ള ജനവിരുദ്ധ പ്രവര്‍ത്തനം, പൊതുതിരഞ്ഞെടുപ്പ് സമയത്ത് നടന്ന അക്രമസംഭവങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് സദ്ഭരണം, സമഗ്രവികസനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു മോദി പ്രചരണം നയിച്ചിരുന്നത്. എന്നാല്‍ അധികാരത്തിലേറിയ ശേഷം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ജനാഭിപ്രായം കണക്കിലെടുക്കുന്നതില്‍ മോദി പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
റിപ്പോര്‍ട്ടില്‍ രാജ്യത്ത് നില നില്‍ക്കുന്ന ജാതിയധിഷ്ഠിതമായ വിവേചനങ്ങള്‍, ഘര്‍വാപസി വിവാദം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ സര്‍ക്കാരിന്റെ ഇടപെടലുകള്‍ എന്നിവയെ കുറിച്ചെല്ലാം പരാമര്‍ശങ്ങളുണ്ട്.
ലോകത്താകെയുള്ള മില്ല്യണ്‍ കണക്കിന് ജനങ്ങള്‍ക്ക് 2014 വിപത്തുകളുടെ കാലഘട്ടമാണെന്നും ആംനസ്റ്റി വിലയിരുത്തുന്നുണ്ട്. സിറിയ, ഗാസ, ഉക്രൈന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലായി നിരവധി കൊല്ലപ്പെട്ടതായും ലോകത്ത് അഭയാര്‍്ത്ഥികളായി കഴിയുന്നവരുടെ എണ്ണം 50വ മില്ല്യണായി വര്‍ധിച്ചതായും ഇതില്‍ പറയുന്നു.
ഇത് കൂടാതെ യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ രാജ്യങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് വീറ്റോ അധികാരം തെറ്റായി പ്രയോഗിക്കുന്നതായും ഉക്രൈന്‍ വിഷയത്തില്‍ കൗണ്‍സിലിന്റെ ഇടപെടലുകള്‍ തടഞ്ഞു കൊണ്ടുള്ള റഷ്യയുടെ വീറ്റോ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പറയുന്നു