മുസ്‌ലിങ്ങളുടെ വീടുകള്‍ ബുള്‍ഡോസറുകളാല്‍ തകര്‍ത്ത് സര്‍ക്കാരുകള്‍; ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം: ആംനസ്റ്റി ഇന്റര്‍നാഷണല്‍
national news
മുസ്‌ലിങ്ങളുടെ വീടുകള്‍ ബുള്‍ഡോസറുകളാല്‍ തകര്‍ത്ത് സര്‍ക്കാരുകള്‍; ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം: ആംനസ്റ്റി ഇന്റര്‍നാഷണല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th February 2024, 5:02 pm

ന്യൂദല്‍ഹി: ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മുസ്‌ലിം സമുദായത്തില്‍ പെടുന്നവരുടെ വീടുകള്‍ തകര്‍ക്കുന്ന സര്‍ക്കാരുകളുടെ നീക്കം ഉടനെ അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍.

ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളിലായി മുസ്‌ലിങ്ങളുടെ വീടുകളും വ്യാപാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും നിയമവിരുദ്ധമായി അധികാരികള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ക്കുന്ന സാഹചര്യത്തിലാണ് സംഘടനയുടെ പ്രതികരണം.

നിങ്ങള്‍ സംസാരിച്ചാല്‍ നിങ്ങളുടെ വീട് തകര്‍ക്കപ്പെടും: ഇന്ത്യയിലെ ബുള്‍ഡോസര്‍ അനീതി, ഉത്തരവാദിത്വം കണ്ടെത്തല്‍: ഇന്ത്യയിലെ ബുള്‍ഡോസര്‍ അനീതിയില്‍ ജെ.സി.ബിയുടെ പങ്കും ഉത്തരവാദിത്തവും എന്നിങ്ങനെ തലക്കെട്ടുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലാണ് മനുഷ്യാവകാശ സംഘടനയുടെ വിമര്‍ശനം.

ഈ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയിലെ മുസ്‌ലിം സമുദായക്കാരുടെ സ്വത്തുവകകള്‍ നിയമവിരുദ്ധമായി തകര്‍ക്കപ്പെടുന്ന സര്‍ക്കാരിന്റെ അനീതിയെ തുറന്നുകാണിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലാണ് മുസ്‌ലിം സമുദായത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണത്തിനായി ജെ.സി.ബി ബ്രാന്‍ഡായ
ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അനധികൃതമായി ആളുകളുടെ വീടുകള്‍ പൊളിച്ചു മാറ്റുന്ന നയം ഉടനെ അവസാനിപ്പിക്കണമെന്നും കുടിയൊഴിപ്പിക്കുന്നതിനെ തുടര്‍ന്ന് ആരും തന്നെ ഭവനരഹിതരാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത വീടുകളുടെ ഉടമകള്‍ക്ക് തക്കതായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഈ നിയമലംഘനങ്ങള്‍ക്ക് ഉത്തരവാദികള്‍ തങ്ങളാണെന്ന് സര്‍ക്കാര്‍ സമ്മതിക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള കടന്നുകയറ്റവും കയ്യേറ്റവും വിവേചനപരവും നിയമവിരുദ്ധവുമാണെന്നും റിപ്പോര്‍ട്ടില്‍ സംഘടന ഊന്നി പറയുന്നു.

Content Highlight: Amnesty International against central govt for demolishing houses with bulldozers