Kerala
അമ്മയുടെ മക്കളാണെന്ന പേരില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നു: സന്ദീപാനന്ദഗിരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Mar 02, 03:24 am
Sunday, 2nd March 2014, 8:54 am

[share]

[] പയ്യന്നൂര്‍: മാതാ അമൃതാനന്ദമയിയെ വിമര്‍ശിച്ചതിന്റെ പേരില്‍ അമ്മയുടെ മക്കളാണെന്ന് പറഞ്ഞ് ഫോണില്‍ വിളിച്ച് ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് സന്ദീപാനന്ദഗിരി.

വയനാട് ചുരം കയറി പ്രഭാഷണം നടത്താന്‍ അനുവദിക്കില്ലെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് പ്രഭാഷണം നടത്തും. ജനിച്ചാല്‍ മരണം സുനിശ്ചിതമാണെന്നും തനിക്കതില്‍ തെല്ലും ഭയമില്ലെന്നുംഅദ്ദേഹം പറഞ്ഞു.

സനാദന ധര്‍മ്മത്തിന്റെ അടിസ്ഥാന തത്വങ്ങളെയും ഭാരതീയ ഇതിഹാസ പുരാണങ്ങളെയും വിശകലനം ചെയ്ത് താന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലുമായി പ്രഭാഷണം നടത്തിയിട്ടുണ്ട്.

അതിലൊന്നിലും ആരെയും പേരെടുത്ത് വിമര്‍ശിച്ചിട്ടില്ലെന്നും എന്നാല്‍ വിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ വിമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആര്‍.എസ്.എസ്, വി.എച്ച്.പി, അമൃതാനന്ദ മയിയുടെ മക്കള്‍ എന്നൊക്ക പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്.

സ്വന്തം അമ്മയെ തള്ളേയെന്ന് വിളിച്ച് മറ്റ് കേന്ദ്രങ്ങളില്‍ ചെന്ന് അമ്മേയെന്ന് വിളിക്കുന്നവരാണ് തന്നെ ഭീഷണിപ്പെടുത്തുന്നത്.

ഇങ്ങനെ വരുന്ന ഭീഷണികള്‍ക്ക് പിറകില്‍ തങ്ങളല്ലെന്ന് പരസ്യമായി പറയാന്‍ ആര്‍.എസ്.എസ്, വി.എച്ച്.പി അമൃതാനന്ദമയി മഠം തുടങ്ങിയവയ്ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വം അറിയില്ലെന്ന് പറയുകയും അണികളെക്കൊണ്ട് ചെയ്യിക്കുകയുമാണ്. തന്നെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഇതില്‍ പ്രതികരിക്കാനുള്ള ബാധ്യത സാംസ്‌കാരിക കേരളത്തിനുണ്ടെന്നും ഒരു ഭീഷണിയിലും കീഴടങ്ങാതെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.