| Sunday, 25th August 2024, 9:03 am

ആരോപണമുണ്ടായാല്‍ സ്ഥാനത്ത് തുടരുന്നത് ഔചിത്യമല്ല: അമ്മ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ തന്നെയാണ് സിദ്ധിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെച്ചതെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല. ഇത്തരത്തില്‍ ഒരു ആരോപണം വന്നാല്‍ ഒരു സംഘടനയുടെ സ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്നാണ് തന്റെയും സംഘടനയുടെയും നിലപാടെന്നും അദ്ദേഹം പ്രതികരിച്ചു.

ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിദ്ധിഖ് അന്വേഷണവും നിയമ നടപടികളും നേരിടണമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു. അന്വേഷണത്തിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും ബാക്കി കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ ഇപ്പോള്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും ജയന്‍ ചേര്‍ത്തല പ്രതികരിച്ചു. താനായിരുന്നു രഞ്ജിത്തിന്റെ സ്ഥാനത്തെങ്കില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ രാജിവെക്കുമായിരുന്നെന്നും ജയന്‍ ചേര്‍ത്തല കൂട്ടിച്ചേര്‍ത്തു.

സിദ്ധിഖിനെതിരായ ലൈംഗികാരോപണ പരാതിയുമായി നടി വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണ് സിദ്ധിഖ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചത്. രാജിക്കത്ത് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് കൈമാറി.

ഈ ഘട്ടത്തില്‍ രാജിവെക്കുന്നതാണ് ഉചിതമെന്ന് കണ്ട് സിദ്ധിഖ് സ്വയം സ്ഥാനമൊഴിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് സിദ്ധിഖിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് യുവനടി രംഗത്തെത്തിയത്.

”പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.

അന്ന് എനിക്ക് 21 വയസ്സാണ്. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്ന് രക്ഷപ്പെട്ടതാണ്.

സിദ്ധിഖ് നമ്പര്‍ വണ്‍ ക്രിമിനലാണ്. ഇപ്പോള്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം.

ഇയാള്‍ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച് ഞാന്‍ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. എനിക്ക് എന്റെ അമ്മയും അച്ഛനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് മാത്രമല്ല എന്റെ പല സുഹൃത്തുക്കള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.

2019-ല്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍നിന്നുതന്നെ മാറ്റിനിര്‍ത്തി. എനിക്കൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടാണ് സധൈര്യം തുറന്ന് പറയുന്നത്’, നടി പറഞ്ഞു.

സിദ്ധിഖിന്റെ രാജിക്ക് പിന്നാലെ ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രഞ്ജിത് രാജിവെക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രാജിക്കത്ത് ഉടന്‍ കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: AMMA vice precedent Jayan Cherthala about Sidhique’s resignation

We use cookies to give you the best possible experience. Learn more