സിദ്ദിഖ് ഉള്‍പ്പെടെയുള്ള അമ്മയുടെ പഴയ കമ്മിറ്റി തിരിച്ച് വരാനൊരുങ്ങുന്നു; പ്രതികരണങ്ങള്‍
Kerala News
സിദ്ദിഖ് ഉള്‍പ്പെടെയുള്ള അമ്മയുടെ പഴയ കമ്മിറ്റി തിരിച്ച് വരാനൊരുങ്ങുന്നു; പ്രതികരണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2024, 11:14 am

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ പിരിച്ചുവിട്ട താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരിച്ച് വരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ അടക്കമുള്ളവര്‍ കമ്മിറ്റിയില്‍ തിരിച്ച് വരുമെന്ന് നടന്‍ ജയന്‍ ചേര്‍ത്തല അറിയിച്ചു. തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്നും പഴയ അംഗങ്ങളെ നിലനിര്‍ത്തുമെന്നുമാണ് മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ജയന്‍ ചേര്‍ത്തല അറിയിച്ചിരിക്കുന്നത്.

അമ്മ സംഘടന തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് താന്‍ തുടക്കം കുറിച്ചതായി കേന്ദ്ര സഹ മന്ത്രിയും സിനിമാ നടനുമായ സുരേഷ് ഗോപിയും പ്രതികരിച്ചിട്ടുണ്ട്. താന്‍ മോഹന്‍ലാല്‍ അടക്കമുള്ളവരുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

അതേസമയം ജനാധിപത്യ പ്രക്രിയയിലൂടെ വോട്ട് ചെയ്ത് വിജയിച്ച മുഴുവന്‍ കമ്മിറ്റി അംഗങ്ങളും തിരിച്ച് വരണമെന്നാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചിരിക്കുന്നത്.

തങ്ങള്‍ ചെയ്ത വോട്ട് പാഴായി പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും തിരിച്ച് വരണമെന്നും അല്ലാത്തപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത് സംഘടനയ്ക്ക് ചെലവാണെന്നും ധര്‍മജന്‍ പറഞ്ഞു. യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് അന്വേഷണം നേരിടുന്ന നടന്‍ സിദ്ദിഖായിരുന്നു മുന്‍ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി.

കഴിഞ്ഞ മാസമാണ് സംഘടനയിലെ നിരവധി അംഗങ്ങങ്ങള്‍ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെുള്ള എല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചിരുന്നു.

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ അഡ്‌ഹോക് കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത്‌വരെ അഡ്‌ഹോക് കമ്മിറ്റി തുടരുമെന്നും രണ്ട് മാസത്തിനു ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നുമാണ്  ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി അന്ന് പുറത്തിറക്കിയ പത്രക്കുറിപ്പ് അറിയിച്ചിരുന്നത്.

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് സിദ്ധിഖ് രാജിവെച്ച ഒഴിവില്‍ ജോയിന്റ് സെക്രട്ടറി ബാബു രാജിന് ചുമതല നല്‍കാനായിരുന്നു മുന്‍ കമ്മിറ്റി ആദ്യം തീരുമാനിച്ചത്. എന്നാല്‍ ബാബു രാജിന് നേരെയും ആരോപണം വന്നതോടെ ചുമതല നല്‍കാന്‍ പാടില്ലെന്ന് ഒരു വിഭാഗം നിര്‍ദേശിക്കുകയായിരുന്നു.

Content Highlight: Amma’s old committee, including Siddique, is set to return; responses