| Tuesday, 7th August 2018, 9:04 am

A.M.M.A-നടിമാര്‍ നിര്‍ണായക കൂടിക്കാഴ്ച ഇന്ന്; നടി ആക്രമിക്കപ്പെട്ട സംഭവം പ്രധാന അജണ്ട

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി; അഭിനേതാക്കളുടെ സംഘടനയായ A.M.M.Aയുടെ നേതൃത്വവും നടിമാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് വൈകീട്ട് നടക്കും. വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി) അംഗങ്ങള്‍ കൂടിയായ പത്മപ്രിയ, പാര്‍വതി, രേവതി എന്നിവരുമായാണ് അമ്മ നേതൃത്വത്തിന്റെ ചര്‍ച്ച.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ A.M.M.Aയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ വിശദീകരം ആവശ്യപ്പെട്ടായിരുന്നു നടിമാര്‍ സംഘടനക്ക് കത്തു നല്‍കിയത്. കൂടാതെ അടിയന്തരമായി ജനറല്‍ ബോഡി യോഗം വിളിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.

Read: ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ തട്ടിപ്പ്; കര്‍ശന നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് നടിമാര്‍ കത്ത് നല്‍കിയത്. കേരളത്തിനു പുറത്തുള്ള തങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ജൂലായ് 13നോ 14നോ യോഗം വിളിക്കണമെന്നാണ് കത്തില്‍ അഭ്യര്‍ഥിച്ചിരുന്നത്.

എന്നാല്‍ കത്തില്‍ സൂചിപ്പിച്ചതില്‍ നിന്നും ഒരാഴ്ച മുമ്പെയാണ് A.M.M.A ഭാരവാഹികള്‍ നടിമാരുമായി ചര്‍ച്ച നടത്തുന്നത്. നടിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം നടന്മാരായ ജോയ്മാത്യു, ഷമ്മി തിലകന്‍ എന്നിവരുമായും അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തും.

അതേസമയം, ആക്രമത്തെ അതിജീവിച്ച നടി ദിലീപിനെതിരെ നല്‍കിയ പരാതിയില്‍ കക്ഷി ചേരാനുള്ള A.M.M.A ഭാരവാഹികളുടെ ശ്രമം വിവാദം സൃഷ്ടിച്ചിരുന്നു. താന്‍ അമ്മയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെയാണ് അമ്മയുടെ കക്ഷി ചേരാനുള്ള പദ്ധതി വിവാദത്തിലായത്.

നടിയുടെ ഹര്‍ജിയെ സഹായിക്കുക മാത്രമാണു തങ്ങളുടെ ഉദ്ദേശ്യമെന്ന നിലപാടുമായാണ് A.M.M.A എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരാനെത്തിയത്.

Read:  റോഡ് സുരക്ഷക്കുവേണ്ടിയുള്ള വിദ്യാര്‍ത്ഥി പ്രതിഷേധം;റോഡപകടങ്ങളിലെ മരണങ്ങളില്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കാനൊരുങ്ങി ബംഗ്ലാദേശ്

സ്വന്തമായി കേസ് നടത്താന്‍ പ്രാപ്തിയുണ്ടെന്നായിരുന്നു നടിയുടെ ഉറച്ച നിലപാട്. അതോടെ കക്ഷി ചേരാനെത്തിയവര്‍ക്ക് ഈ കേസിലുള്ള താല്‍പര്യമെന്താണെന്നായി കോടതി ചോദിച്ചു. സംഭവം വിവാദമായതോടെ ഭാരവാഹികള്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more