| Sunday, 24th June 2018, 4:52 pm

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. കേരളകൗമുദിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കണമെന്ന് അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. നടന്‍ സിദ്ദീഖും നടി ഊര്‍മ്മിള ഉണ്ണിയുമാണ് ആവശ്യവുമായി രംഗത്തെത്തിയത്.

ALSO READ: ‘പ്രിയപ്പെട്ട ജയസൂര്യ, മേരിക്കുട്ടിയില്‍ നിന്നും ഞാന്‍ മോചിതനായിട്ടില്ല’: മേരിക്കുട്ടിയുമായി പ്രണയത്തിലായെന്ന് ശ്രീകുമാര്‍ മേനോന്‍

ദിലീപിനെ പെട്ടെന്ന് പുറത്താക്കിയത് ശരിയായില്ലെന്ന് ഊര്‍മ്മിള ഉണ്ണി അഭിപ്രായപ്പെട്ടു. സംഘടനയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ദിലീപ് കോടതിയില്‍ പോകാതിരുന്നത് ആശ്വാസമായെന്ന് സിദ്ദീഖും തന്റെ കാലത്ത് സംഘടനയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്ന സാഹചര്യം ഉണ്ടാകാതിരുന്നതില്‍ ആശ്വസിക്കുന്നതായി മുന്‍ പ്രസിഡന്റ് ഇന്നസെന്റും പറഞ്ഞു.

ദിലീപിന് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടെന്നും കുറ്റം ചെയ്തവന് തന്റെ ഭാഗം ന്യായീകരിക്കാന്‍ അവകാശമുണ്ടെന്നും താരങ്ങള്‍ വാദിച്ചു. പ്രത്യേക സാഹചര്യത്തിലാണ് ദിലീപിനെ പുറത്താക്കിയതെന്നും സംഘടനയുടെ നിയമാവലി അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ സ്വീകരിച്ചിരുന്നില്ലെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിശദീകരിച്ചു.

ദിലീപിനെ തിരിച്ചെടുക്കുന്നതിനായി എക്‌സിക്യൂട്ടിവ് യോഗത്തിലും ആവശ്യമുയര്‍ന്നതോടെ വിഷയത്തില്‍ ദിലീപിന്റെ കൂടെ അഭിപ്രായം അറിയാന്‍ തീരുമാനിച്ചു. ഇക്കാര്യം ദിലിപീനെ അറിയിക്കുകയും അദ്ദേഹത്തിന്റെ തീരുമാനം കൂടി അറിഞ്ഞശേഷം മതി അന്തിമ തീരുമാനമെന്നും മോഹന്‍ലാല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ALSO READ: രണ്ടാം ലോക മഹായുദ്ധകാലത്തെ കുട്ടനാടിന്റെ കഥയുമായി ജയരാജിന്റെ ഭയാനകം

അതേസമയം അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ നിന്ന് സിനിമപ്രവര്‍ത്തകരുടെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി വിട്ടുനിന്നു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ തുടര്‍ന്നുള്ള പ്രതിഷേധമാണ് യോഗത്തില്‍ നിന്ന് വിട്ട് നിന്നതെന്നാണ് സൂചന.

നടന്‍ പൃഥ്വിരാജും ഫഹദ് ഫാസിലും യോഗത്തില്‍ എത്തിയിരുന്നില്ല. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് അമ്മയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നത്.

കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു. പകരം അമ്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റ് നടത്തുന്നുണ്ട്.

ALSO READ: മോഹന്‍ലാല്‍ ലോകത്തിലെ തന്നെ മികച്ച അഭിനേതാക്കളില്‍ ഒരാള്‍; പൃഥ്വിരാജ്

കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും സംഘടനയുടെ ഭാരവാഹിയുമായിരുന്ന ദിലീപുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയരുകയും വിവാദമുണ്ടാകുകയും ചെയ്തിരുന്നു.

അതേസമയം അമ്മയുടെ നേതൃസ്ഥാനത്തേക്ക് നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ചുമതലയേറ്റു. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എം.പിയും നടനുമായ ഇന്നസെന്റ് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ പ്രസിഡന്റായത്. നിലവിലെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയും ഈ സ്ഥാനമൊഴിഞ്ഞു പകരം ഇടവേള ബാബുവാണ് പുതിയ ജനറല്‍ സെക്രട്ടറി.

സംസ്ഥാന നിയമസഭയിലെ ഇടതുപക്ഷ എംഎല്‍എമാര്‍കൂടിയായ കെ.ബി.ഗണേഷ് കുമാറും മുകേഷും ആണ് വൈസ് പ്രസിഡന്റുമാര്‍. സിദ്ദീഖ് പുതിയ സെക്രട്ടറിയാവും. മുന്‍പു ട്രഷററായിരുന്ന ജഗദീഷ് ആ സ്ഥാനത്തേക്കു മടങ്ങിയെത്തി.

ALSO READ: 308 സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയ ആളാണ് സഞ്ജയ് ദത്ത്; സഞ്ജു പ്രമോഷന്റെ ഭാഗമായി സംവിധായന്റെ ‘വെളിപ്പെടുത്തല്‍’

എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വനിതകളുടെ എണ്ണം നാലായി വര്‍ധിച്ചു. ശ്വേത മേനോന്‍, മുത്തുമണി, ഹണിറോസ്, രചന നാരാണന്‍ കുട്ടി, എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങള്‍.

പ്രധാന സ്ഥാനങ്ങളിലേക്കൊന്നും മത്സരം നടക്കാത്തതിനാല്‍ നേരത്തെ തന്നെ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനല്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നേരത്തെ ഇന്നസെന്റിനു പകരം കുഞ്ചാക്കോ ബോബനെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി വനിതാ കൂട്ടായ്മ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പൊതുസമ്മതനായ മോഹന്‍ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

We use cookies to give you the best possible experience. Learn more