കൊച്ചി:സിനിമാ മേഖലയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യൂ.സി.സിയെ ചര്‍ച്ചയ്ക്കായി താരസംഘടനയായ എ.എം.എം.എ വിളിച്ചു. അടുത്ത മാസം ഏഴാം തിയ്യതി കൊച്ചിയില്‍ വെച്ചാണ് ചര്‍ച്ച നടക്കുക.
ഡബ്ല്യൂ.സി.സി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വം കാണുന്നെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ നേരത്തെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
താരസംഘടനയായ എ.എം.എം.എയുമായുള്ള പ്രശ്നങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് നടി രമ്യ നമ്പീശന്‍ നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എ.എം.എം.എയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തുല്യതയ്ക്ക് വേണ്ടിയാണ് ശബ്ദമുയര്‍ത്തിയതെന്നും രമ്യ വ്യക്തമാക്കിയിരുന്നു.
അതേസമയം എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നെന്ന് ഡബ്ല്യു.സി.സി നേരത്തെ പറഞ്ഞിരുന്നു.
കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപെട്ട് പറഞ്ഞ കാര്യങ്ങള്‍, ഈ വിഷയത്തില്‍ സംഘടന എവിടെ നില്ക്കുന്നു, ആരോടൊപ്പം നില്ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നെന്നും കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണെന്നും ഡബ്ല്യു.സി.സി പറഞ്ഞിരുന്നു.