| Tuesday, 13th October 2020, 10:46 pm

"സിനിമ നിങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല"; ഇടവേള ബാബുവിനോട് രേവതി സമ്പത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി രേവതി സമ്പത്ത്. കൂടെയുണ്ടായിരുന്ന മനുഷ്യര്‍ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത ഇടവേള ബാബു രാജിവെച്ചൊഴിയണമെന്ന് രേവതി പറഞ്ഞു.

‘സിനിമ നിങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല. സിനിമ സ്വപ്നം കാണുന്ന ആര്‍ക്കു വേണമെങ്കിലും സൃഷ്ടിക്കാവുന്നതും ഇടപെടാവുന്നതുമായ കലയാണ്’, രേവതി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ രേവതി സമ്പത്തിന്റെ ആരോപണങ്ങളെ ഇടവേള ബാബു പരിഹസിച്ചിരുന്നു. നടന്‍ സിദ്ദിഖിനെതിരെ രേവതി സമ്പത്ത് ഉന്നയിച്ച ആരോപണത്തില്‍ അദ്ദേഹത്തോട് അമ്മ വിശദീകരണം തേടിയോ എന്നായിരുന്നു മീറ്റ് ദ എഡിറ്റേഴ്‌സില്‍ ഇടവേള ബാബുവിനോട് ചോദിച്ച ചോദ്യം.

സിദ്ദിഖ് അതിന് മുന്‍പേ തങ്ങളോട് അക്കാര്യം പറഞ്ഞിട്ടുണ്ട് എന്ന് ഇടവേള ബാബു മറുപടി നല്‍കി. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇക്കാര്യം വളരെ വിശദമായി ചര്‍ച്ച ചെയ്തതാണ് എന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

സിനിമ മോഹിച്ച് കിട്ടാത്തവര്‍ അസൂയകൊണ്ട് പുറത്തു ചെന്നുനിന്ന് കുറ്റം പറഞ്ഞ് സുഖം തേടുന്നുവെന്നൊക്കെയായിരുന്നു ഇടവേള ബാബുവിന്റെ പരാമര്‍ശം.

നേരത്തെ നടി ഭാവനയെക്കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ മറുപടി.

ഭാവന അമ്മയുടെ അംഗമല്ലാത്തതിനാല്‍ പുതിയ ചിത്രത്തില്‍ റോളുണ്ടാവില്ലെന്നും മരിച്ചുപോയവരെ എങ്ങനെയാണ് തിരിച്ചുകൊണ്ടുവരികയെന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം.

ഇതിന് പിന്നാലെ ഇടവേള ബാബുവിനതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍വതി രംഗത്തെത്തിയിരുന്നു. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്ന് പാര്‍വതി പറഞ്ഞു.

അമ്മയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

‘ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ങൃ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്’, പാര്‍വതി പറഞ്ഞു.

അമ്മയുടെ ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.

നേരത്തെ സംഘടനയില്‍ നിന്ന് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇടവേളയില്ലാത്ത വീഢിത്തരങ്ങള്‍!

??’സിനിമ മോഹിച്ച് കിട്ടാത്തവര്‍ അസൂയകൊണ്ട് പുറത്തു ചെന്നുനിന്ന് കുറ്റം പറഞ്ഞ് സുഖം തേടുന്നു’

സിനിമ നിങ്ങളുടെ കടയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കപ്പലണ്ടി മിഠായിയല്ല. സിനിമ സ്വപ്നം കാണുന്ന ആര്‍ക്കു വേണമെങ്കിലും സൃഷ്ടിക്കാവുന്നതും ഇടപെടാവുന്നതുമായ കലയാണ്. സിനിമയിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത എല്ലാവരും നിങ്ങളെ കുറ്റം പറഞ്ഞ് സുഖം തേടുന്നു എന്നൊക്കെ തോന്നുന്നത് മനോനിലയുടെ പ്രശ്‌നമാണ്. ഞങ്ങളാണ് സിനിമ എന്നൊക്കെ സ്വയം തീരുമാനിക്കുന്നതിന്റെ പ്രശ്‌നമാണ്. സിനിമ മറ്റു കലകളും ജോലികളും പോലെ തന്നെയാണ്.

??’ഞാനറിയുന്ന ദിലീപ് ഇത് ചെയ്യില്ല’

അപ്പോള്‍ അറിയാത്ത ദീലിപോ? ഒരാള്‍ അറിയുന്ന മറ്റൊരാള്‍ എന്നത് എത്രമാത്രം അബദ്ധജഡിലമായ വാദമാണെന്ന് അറിയാമോ? വസ്തുതകളും അറിയുന്ന സത്യങ്ങളും ആധാരമാക്കി വേണം സംസാരിക്കാനും വിശകലനം ചെയ്യാനും. ഇല്ലെങ്കില്‍ നുണകള്‍ ഇടവേളകളില്ലാതെ ഇതുപോലെ പൊളിഞ്ഞു പോകും.

??’മരിച്ചു പോയവരെ നമുക്ക് തിരിച്ചുകൊണ്ട് വരാന്‍ പറ്റില്ലല്ലോ’

നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്ന ബോധം ഉള്ള ഏതൊരാള്‍ക്കും നിങ്ങള്‍ ഉദേശിച്ചത് എന്താണ് എന്ന് വ്യക്തമായി മനസിലാകും. നിങ്ങള്‍ അലിഖിതമായി എന്തൊക്കെ ചെയ്തു കൊണ്ടിരുന്നോ അത് അറിയാതെ സംസാരത്തില്‍ വന്നു പോയി എന്നതാണ് സത്യം. നിങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അടിമപ്പെട്ടില്ലെങ്കില്‍ നിങ്ങളെ സംബന്ധിച്ചടുത്തോളം അവര്‍ മരിച്ചുപോകുന്നവരാണ്.

സിനിമയില്‍ നിന്ന് നിങ്ങള്‍ക്കവരെ കൊന്നുകളയാമെന്നാണ് നിങ്ങള്‍ കരുതുന്നത്. ചെഗുവേരയുടെ ഒരു വാചകമുണ്ട് ‘കൊല്ലാനായേക്കും പക്ഷേ തോല്‍പ്പിക്കാനാവില്ല’. ഞങ്ങള്‍ അതുപോലും നിങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നില്ല. നിങ്ങള്‍ക്ക് കൊല്ലാനുമാകില്ല, തോല്‍പ്പിക്കാനുമാകില്ല. കാലമൊക്കെ മാറിപോയി.

പിന്നെ പറഞ്ഞശേഷം ഫിക്ഷന്‍ എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുന്നത് കാണുമ്പോള്‍ വീണടുത്ത് കിടന്ന് ഉരുളുക എന്ന പ്രയോഗം ഓര്‍മ വരുന്നുണ്ട്. 20 20 ഒന്ന് റീവൈന്റ് ചെയ്ത് കണ്ടാല്‍ ആരാണ് മരിച്ചത് എന്നൊക്കെ വ്യക്തമാകും.

??’20 20 എന്ന സിനിമ ദിലീപിന് മാത്രമേ ഗുണം ചെയ്തിട്ടുള്ളു, ബാക്കി എല്ലാരും തെണ്ടി തെണ്ടി ആയി’

ഒന്നിച്ചു ചേര്‍ന്ന് നിന്ന് കൊണ്ട് കെട്ടിപ്പടുത്ത ഒരു സിനിമയില്‍ ഒരാള്‍ക്കു മാത്രമാണ് ഗുണം ഉണ്ടായത് എന്നാണ് ഇദ്ദേഹം പറയുന്നത്. അറിയാതെ വായില്‍ നിന്ന് സത്യങ്ങള്‍ വീണു പോയത് ആണെന്നാണ് തോന്നുന്നത്. സൂപ്പര്‍ ഹിറ്റ് ആയെന്നു അവകാശപെടുന്നൊരു സിനിമയില്‍ നിര്‍മാതാവിന് മാത്രമാണ് ഗുണം കിട്ടിയത് എന്ന് പറയുമ്പോള്‍ സിനിമ എന്നത് സാമ്പത്തികം എന്ന് മാത്രമായാണ് അവര്‍ ഉള്‍ക്കൊള്ളുന്നത് എന്ന് വ്യക്തമാണ്.

??’ആര്‍ക്കും എന്തും പറയാമെന്നൊക്കെയായി. സ്‌നേഹബന്ധം ഒക്കെ ഇല്ലാതായി’

സ്‌നേഹം ബന്ധം എന്നത് അവകാശങ്ങള്‍ നിഷേധിക്കാനും അടിച്ചമര്‍ത്താനും പീഡിപ്പിക്കാനുമുള്ള ലൈസന്‍സ് അല്ല. അങ്ങനെ നിങ്ങളുടെ തോന്ന്യവാസങ്ങള്‍ക്ക് എതിരെ ശബ്ദിക്കുമ്പോള്‍ പോകുന്നത് ആണ് സ്‌നേഹബന്ധമെങ്കില്‍ ഞങ്ങള്‍ അതങ്ങു പോട്ടെ എന്ന് വയ്ക്കും. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു, സഹിക്കാനാവാതെ സ്ത്രീകള്‍ ശബ്ദിച്ചു തുടങ്ങുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഈ സ്‌നേഹ ബന്ധം ഒക്കെ തകരുന്നതായി തോന്നുന്നുള്ളൂ അല്ലെ.

ആത്മാഭിമാനബോധത്തോടെ ഉള്ള സ്‌നേഹ ബന്ധങ്ങള്‍ നിലവിലുള്ളതുകൊണ്ടാണ് നിങ്ങളുടെ തീട്ടുരങ്ങളെ ഭയപ്പെടാതെ ണഇഇ രൂപപ്പെട്ടത്. വൈവിധ്യുള്ള അഭിപ്രായങ്ങളും വാക്‌പോരുകളും സംഘടനകളും ഒക്കെ ഇനിയും ഉയര്‍ന്നു വരണം. ജീര്‍ണിച്ച പലതും നിങ്ങള്‍ക്കു മാറ്റാതെ മുന്നോട്ട് പോകാന്‍ ആകില്ല. നിങ്ങളുടെ ഭയം ആണ് ഇതിലൂടെ എല്ലാം വ്യക്തമാകുന്നത്.

കൂടെയുണ്ടായിരുന്ന മനുഷ്യര്‍ക്ക് പോലും നീതി ഉറപ്പാക്കാന്‍ കഴിയാത്ത നിങ്ങള്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്നെങ്കിലും സ്വയം തിരിച്ചറിഞ്ഞ് രാജി വയ്ക്കാന്‍ തയ്യാറാകണം.

നിങ്ങളുടെ വിശ്വാസത്തിലെ ‘മരിച്ച മനുഷ്യര്‍’ ഇതുപോലെ കുതിച്ചുവരുമ്പോള്‍ നിങ്ങളൊക്കെ വല്ലാതെ ഭയപ്പെടുന്നുണ്ട് എന്നത് നന്നായി മനസ്സിലാകുന്നുണ്ട്.

Shame on you Mr.Edavela Babu-


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AMMA Idavela Babu Revathy Sampath Parvathy Thiruvoth Bhavana

We use cookies to give you the best possible experience. Learn more