ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി താര സംഘടനയായ ‘അമ്മ’. ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചതാണെന്നും അത് സംഘടനയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നുമാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് പറഞ്ഞത്. ഇന്ന് ചേര്‍ന്ന അമ്മയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാതിക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ന്യായമുള്ളതാണെങ്കില്‍ പരിഹരിക്കപ്പെടണമെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് സംഘടന അന്വേഷിച്ചിട്ടില്ലെന്നും സിദ്ദിഖ് മാധ്യമങ്ങളോട് വ്യക്തമാക്കി. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും സിദ്ദിഖ് പറഞ്ഞു.
അതേസമയം ദിലീപ് ഇപ്പോള്‍ അമ്മയുടെ മെമ്പറല്ലെന്നും അയാള്‍ അമ്മ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. ‘ദിലീപ് ഇപ്പോള്‍ അമ്മയുടെ മെമ്പറല്ല. അമ്മയില്‍ നിന്ന് ദിലീപ് രാജി വെച്ചതാണ്. അതുകൊണ്ട് തന്നെ അമ്മ നടത്തുന്ന പരിപാടിയില്‍ ദിലീപ് പങ്കെടുക്കില്ല,’ സിദ്ദിഖ് പറഞ്ഞു.
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി നിയോഗിച്ച സമിതിയാണ് ഹേമ കമ്മീഷന്‍. 2019ലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, മുതിര്‍ന്ന നടി ശാരദ, വിരമിച്ച ഉന്നത ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവര്‍ അംഗങ്ങളായ ഹേമ കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്. ഈയിടെയായിരുന്നു ഹേമ കമ്മീഷന്‍റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്.
വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിവാക്കിയ ശേഷം റിപ്പോര്‍ട്ട് പറത്തുവിടണം എന്നായിരുന്നു നിര്‍ദേശം. വിലക്കപ്പെട്ടത് ഒഴികെയുള്ള വിവരങ്ങള്‍ സമൂഹം അറിയുന്നതില്‍ തെറ്റില്ലെന്നും വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2019 ഡിസംബര്‍ 31നായിരുന്നു കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ലിയു.സി.സി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
Content Highlight: Amma General Secretary Siddique Says Amma Has Nothing To Do With The Hema Committee