കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ നിന്ന് സിനിമപ്രവര്‍ത്തകരുടെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി വിട്ടു നിന്നു. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ തുടര്‍ന്നുള്ള പ്രതിഷേധമാണ് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് സൂചന.
നടന്‍ പൃഥ്വിരാജും ഫഹദ് ഫാസിലും യോഗത്തില്‍ എത്തിയിട്ടില്ല. നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് അമ്മയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നത്.
കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. പകരം അമ്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റ് നടത്തുന്നുണ്ട്.
കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും സംഘടനയുടെ ഭാരവാഹിയുമായിരുന്ന ദിലീപുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയരുകയും വിവാദമുണ്ടാകുകയും ചെയ്തിരുന്നു.
അതേസമയം അമ്മയുടെ നേതൃസ്ഥാനത്തേക്ക് നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ചുമതലയേറ്റു. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എം.പിയും നടനുമായ ഇന്നസെന്റ് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ പ്രസിഡന്റായത്. നിലവിലെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയും ഈ സ്ഥാനമൊഴിഞ്ഞു പകരം ഇടവേള ബാബുവാണ് പുതിയ ജനറല്‍ സെക്രട്ടറി.
സംസ്ഥാന നിയമസഭയിലെ ഇടതുപക്ഷ എംഎല്‍എമാര്‍കൂടിയായ കെ.ബി.ഗണേഷ് കുമാറും മുകേഷും ആണ് വൈസ് പ്രസിഡന്റുമാര്‍. സിദ്ദീഖ് പുതിയ സെക്രട്ടറിയാവും. മുന്‍പു ട്രഷററായിരുന്ന ജഗദീഷ് ആ സ്ഥാനത്തേക്കു മടങ്ങിയെത്തി.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വനിതകളുടെ എണ്ണം നാലായി വര്‍ധിച്ചു. ശ്വേത മേനോന്‍, മുത്തുമണി, ഹണിറോസ്, രചന നാരാണന്‍ കുട്ടി, എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.
പ്രധാന സ്ഥാനങ്ങളിലെക്കൊന്നും മത്സരം നടക്കാത്തതിനാല്‍ നേരത്തെ തന്നെ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനല്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നേരത്തെ ഇന്നസെന്റിനു പകരം കുഞ്ചാക്കോ ബോബനെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി വനിതാ കൂട്ടായ്മ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് പൊതുസമ്മതനായ മോഹന്‍ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.