| Tuesday, 16th October 2018, 4:08 pm

സിദ്ദീഖിനെ തള്ളി 'അമ്മ' നേതൃത്വം; വാര്‍ത്താസമ്മേളനം നേതൃത്വം അറിയാതെ; ഡബ്ല്യു.സി.സിയുമായി ചര്‍ച്ച നടത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ സിദ്ദീഖിനെ തള്ളി അമ്മ നേതൃത്വം. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനം “അമ്മ നേതൃത്വം അറിയാതെയെന്നും അമ്മ നേതൃത്വം വ്യക്തമാക്കി.

സിദ്ദീഖിന്റെ പത്രസമ്മേളനം സമൂഹത്തില്‍ അമ്മയുടെ പ്രതിച്ഛായ മോശമാക്കിയെന്നും സിദ്ദീഖിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായിട്ടാണ് കെ.പി.എ.സി ലളിതയെ പത്ര സമ്മേളനത്തില്‍ ഇരുത്തിയതെന്നും അമ്മ നേതൃത്വം വ്യക്തമാക്കി.

വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. ഈ മാസം 19ന് അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് ചേരുമെന്നും നേതൃത്വം വ്യക്തമാക്കി.

പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്തേക്ക് പോകുന്നതിന് മുന്നോടിയായിട്ടാണ് ഇത്. സംഘടനയുടെ ഔദ്യോഗിക വക്താവ് ജഗദീഷ് ആണെന്നും അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പറഞ്ഞു.

Also Read അമ്മയില്‍ ആഭ്യന്തര കലഹം രൂക്ഷം; മോഹന്‍ലാലിന് പകരം സിദ്ധീഖിനെ വര്‍ക്കിംഗ് പ്രസിഡന്റാക്കാന്‍ നീക്കവുമായി ദീലീപ് പക്ഷം

ഇതോടെ അമ്മയിലെ അംഗങ്ങള്‍ തമ്മിലുള്ള കലഹം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ദിലീപിനെ പുറത്തക്കണമെന്ന ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ താര സംഘടനയായ “അമ്മയിലും ഭിന്നതരൂക്ഷമായിരുന്നു. സംഘടനയിലെ ദിലീപ് അനുകൂല കക്ഷികളും മോഹന്‍ലാല്‍ പക്ഷവും തമ്മിലാണ് അഭിപ്രായ ഭിന്നത ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സംഘടനയില്‍ നിന്ന് ദിലീപ് രാജി വെച്ച കാര്യം പുറത്തുവിടാതിരുന്നതും പ്രസിഡന്റ് മോഹന്‍ലാല്‍ ഡബ്ല്യൂ.സി.സി അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചതുമാണ് ദിലീപ് അനുകൂലികളെ ചൊടിപ്പിച്ചത്. ഇതിനിടെ അമ്മയുടെ ഔദ്യോഗിക വക്താവായി ജഗദീഷ് ഇറക്കിയ പത്രകുറിപ്പിലും ദിലീപിന്റെ രാജിക്കാര്യം പുറത്തുവിടാത്തതാണ് ഭിന്നത മറ നീക്കി പുറത്തുവരാന്‍ കാരണം.

ഇതിനെതുടര്‍ന്നാണ് ഇന്ന് അമ്മയുടെ സെക്രട്ടറിയും നടനുമായ സിദ്ദീഖും മുതിര്‍ന്ന നടിയായ കെ.പി.എ.സി ലളിതയും പത്രസമ്മേളനം നടത്തിയത്. ജഗദീഷ് ഇറക്കിയ പത്രകുറിപ്പിനെ കുറിച്ച് അറിയില്ലെന്നും അമ്മയുടെ സെക്രട്ടറിയായ താന്‍ പറയുന്നതാണ് ഔദ്യോഗികമായി അമ്മയുടെ നിലപാടെന്നും സിദ്ദീഖ് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ അമ്മ നേതൃത്വം തള്ളി പറഞ്ഞിരിക്കുന്നത്.

Doolnews Video

We use cookies to give you the best possible experience. Learn more