| Tuesday, 16th July 2024, 8:28 pm

ആസിഫിനൊപ്പം 'അമ്മ'യുണ്ട്, പിന്തുണയറിയിച്ച് താരസംഘടന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന മനോരഥങ്ങള്‍ ആന്തോളജി സീരിസിന്റെ ട്രെയ്‌ലര്‍ ലോഞ്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ചടങ്ങിനിടെ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടന്‍ ആസിഫ് അലി മൊമന്റോ നല്കിയതാണ് വിവാദത്തിന് കാരണം. ആസിഫില്‍ നിന്ന് മൊമന്റോ വാങ്ങിയ രമേശ് നാരായണന്‍ അതില്‍ നീരസം പ്രകടിപ്പിക്കുകയും പിന്നീട് സംവിധായകന്‍ ജയരാജിന്റെ കൈയില്‍ നിന്ന് ഉപഹാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

രമേശ് നാരായണന്റെ ഈ പ്രവര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തന്നെക്കാള്‍ ചെറിയവനില്‍ നിന്ന് ഉപഹാരം സ്വീകരിക്കില്ലെന്ന തരത്തിലുള്ള അഹന്തയാണ് രമേശ് നാരായണന്റേതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. രമേശ് നാരായണന്റെ പ്രവര്‍ത്തിയില്‍ ഒട്ടും പ്രകോപിതാനാകാതെ പുഞ്ചിരിയോടെ സമീപിച്ച ആസിഫിന്റെ ഹൃദയവിശാലതയെയും പലരും അഭിനന്ദിച്ചിരുന്നു.

ഇപ്പോഴിതാ ആസിഫിന് പിന്തുണയുമായി താരസംഘടനയായ അമ്മ (അസോസിയേഷന്‍ ഓഫ് മലയാളം സിനിമ ആര്‍ട്ടിസ്റ്റ്‌സ്) രംഗത്തെത്തിയിരിക്കുകയാണ്. സംഘടനയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആസിഫിനെ പിന്തുണച്ച് പോസ്റ്റിട്ടത്. ‘ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ത്ഥ സംഗീതം, അമ്മ ആസിഫിനൊപ്പം’ എന്ന എഴുത്തോടെയാണ് സംഘടന പോസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ രമേശ് നാരായണന്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആസിഫിനെ അപമാനിക്കാനോ വിവേചനം കാണിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് രമേശ് നാരായണന്‍ പറഞ്ഞു. തന്റെ പേര് തെറ്റായാണ് അവതാരക വിളിച്ചു പറഞ്ഞതെന്നും താന്‍ ആസിഫിനാണോ ആസിഫ് തനിക്കാണോ മൊമന്റോ നല്‍കേണ്ടതെന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായതെന്നുമാണ് രമേശ് നാരായണന്‍ പറഞ്ഞത്.

സീരീസില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും വേദിയിലേക്ക് വിളിച്ചപ്പോള്‍ തന്നെ വിളിച്ചില്ലെന്നും അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും രമേശ് നാരായണന്‍ കൂട്ടിച്ചേര്‍ത്തു. മനോരഥങ്ങള്‍ സീരീസില്‍ ജയരാജ് സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന സെഗ്മെന്റിന്റെ സംഗീത സംവിധായകനാണ് രമേശ് നാരായണന്‍.

Content Highlight: Amma Association give support to Asif Ali in Ramesh Narayanan issue

We use cookies to give you the best possible experience. Learn more