സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സി.സി.എല്‍) നിന്ന് അമ്മയും മോഹന്‍ലാലും പിന്‍മാറി. സി.സി.എല്‍. മാനേജ്‌മെന്റുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഈ സീസണില്‍ പിന്മാറിയതെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിലവില്‍ മോഹന്‍ലാലിന് ടീമില്‍ ചെറിയ ഒരു ശതമാനം ഓഹരി മാത്രമാണുള്ളത്. ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ലീഗെന്നും ഇടവേള ബാബു പറഞ്ഞു.
നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പിന്‍മാറിയെന്നും തന്റെ ചിത്രങ്ങള്‍ സി.സി.എല്ലിന് ഉപയോഗിക്കരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് സി.സി.എല്‍ 3 യുടെ ആദ്യ ഘട്ടത്തില്‍ ഉപയോഗിച്ച മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ടീം നീക്കം ചെയ്തു. കേരള സ്‌ട്രൈക്കേഴ്‌സുമായി താരസംഘടനയായ അമ്മയ്ക്ക് ഒരു ബന്ധവുമില്ലെന്നും മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഇടവേള ബാബു അറിയിച്ചു.
നേരത്തെ ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ ആയിരുന്നു മോഹന്‍ലാല്‍. ടീം ഓര്‍ഗനൈസ് ചെയ്തിരുന്നത് താരസംഘടനയായ അമ്മയായിരുന്നു. അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവായിരുന്നു കഴിഞ്ഞ എട്ട് വര്‍ഷം ടീം മാനേജര്‍. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സി.സി.എല്‍ ഒരിടവേളക്ക് ശേഷമാണ് വീണ്ടും ആരംഭിക്കുന്നത്.
അതേസമയം സി.സി.എല്‍ മൂന്നാം സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളും കേരള സ്‌ട്രൈക്കേഴ്‌സ് തോറ്റിരുന്നു. എട്ട് വിക്കറ്റിനാണ് കര്‍ണാടക ബുള്‍ഡോസേഴ്‌സ് കേരളത്തെ തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സ് 64 റണ്‍സിന് തെലുഗു വാരിയേഴ്‌സിനോട് തോറ്റിരുന്നു.
Content Highlight: Amma and Mohanlal have withdrawn from the Celebrity Cricket League