എ.എം.എം.എയുമായുള്ള ചര്‍ച്ച ആരോഗ്യകരമെന്ന് നടിമാര്‍; പ്രശ്‌നപരിഹാരം ഉടനെന്ന് മോഹന്‍ലാല്‍
Kerala News
എ.എം.എം.എയുമായുള്ള ചര്‍ച്ച ആരോഗ്യകരമെന്ന് നടിമാര്‍; പ്രശ്‌നപരിഹാരം ഉടനെന്ന് മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th August 2018, 11:10 pm

കൊച്ചി: എ.എം.എം.എ എക്‌സിക്യൂട്ടിവ് അംഗങ്ങളുമായുള്ള ചര്‍ച്ച ആരോഗ്യകരമായിരുന്നുവെന്ന് നടിമാരായ രേവതിയും പാര്‍വതിയും പത്മപ്രിയയും. ചര്‍ച്ച തുടരുകയാണെന്നും ദിലീപ് വിഷയത്തില്‍ ചര്‍ച്ചയ്ക്കുശേഷം സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെ തീരുമാനം അറിയിക്കുമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി) അംഗങ്ങള്‍ കൂടിയായ പത്മപ്രിയ, പാര്‍വതി, രേവതി എന്നിവര്‍ക്ക് പുറമേ വിവിധ വിഷയങ്ങളുന്നയിച്ച് ജോയ് മാത്യു, ഷമ്മി തിലകന്‍ എന്നിവരും നേതൃത്വവുമായി ചര്‍ച്ച നടത്തി.

സംഘടനയ്ക്കുള്ളില്‍ പുന:പരിശോധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ബൈലോ മാറ്റുക, കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് പാനലുകള്‍ ഉണ്ടാക്കുക. അച്ചടക്ക സമിതിയുണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയ്ക്കു വന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: രണ്ട് മിനിറ്റില്‍ രണ്ട് ഗോള്‍; ഫുട്‌ബോളില്‍ വീണ്ടും ഇന്ത്യന്‍ വിജയഗാഥ

ചര്‍ച്ച അവസാനിച്ചിട്ടില്ലെന്നും തീരുമാനം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഡബ്ല്യു.സി.സിയുമായുള്ള ചര്‍ച്ചയും നടന്നു. ആ ചര്‍ച്ച ഇനിയും തുടരും. അവരുന്നയിച്ച കാര്യങ്ങള്‍ പുനപരിശോധിക്കേണ്ട കാര്യമാണ്. ഒരു എക്‌സിക്യൂട്ടിവ് മീറ്റിംഗ് ചേര്‍ന്ന് ജനറല്‍ബോഡി വിളിച്ചുചേര്‍ക്കും. അവരുമായി സംവദിക്കാനുള്ള അവസരമുണ്ടാക്കും.”

ജോയ് മാത്യുവും ഷമ്മി തിലകനും ഉന്നയിച്ച ആവശ്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എക്‌സിക്യൂട്ടിവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കേസില്‍ കക്ഷി ചേര്‍ന്നതെന്ന് ട്രഷറര്‍ ജഗദീഷ് പറഞ്ഞു. കേസിനെ ബാധിക്കുമെന്നുള്ളതിനാലാണ് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ ഇരുവരുടെയും ഹരജിയെ പിന്തുണയ്ക്കാതിരുന്നതെന്ന് ജഗദീഷ് പറഞ്ഞു.

അതേസമയം ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് നടി പാര്‍വതി പ്രതികരിച്ചു.

കടപ്പാട്-മാതൃഭൂമി