പണിതുടങ്ങി അമിത് ഷാ; ജമ്മു കശ്മീര്‍ അതിര്‍ത്തി പുതുക്കിപ്പണിയല്‍ ആദ്യ ഉദ്യമമെന്ന് സൂചന
Jammu and Kashmir
പണിതുടങ്ങി അമിത് ഷാ; ജമ്മു കശ്മീര്‍ അതിര്‍ത്തി പുതുക്കിപ്പണിയല്‍ ആദ്യ ഉദ്യമമെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2019, 7:34 pm

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭാ മണ്ഡലത്തിന്റെ അതിര്‍ത്തി മാറ്റിപ്പണിയാന്‍ കേന്ദ്ര പദ്ധതിയെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ നിരവധി നിര്‍ണായക പദ്ധതികളാണ് അമിത് ഷാ ആവിഷ്‌കരിക്കുന്നതെന്നും അതില്‍ ഏറ്റവും സുപ്രധാനമായതാണ് കാലങ്ങളായി അനിശ്ചിതാവസ്ഥയില്‍ തുടരുന്ന ജമ്മു കശ്മീര്‍ നിയമസഭാ മണ്ഡലത്തിന്റെ അതിര്‍ത്തി പുനഃരാവിഷ്‌കരണവുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ഷാ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലുമായും മൂന്നുദിവസമായി അടിക്കടി യോഗങ്ങള്‍ ചേരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

രാഷ്ട്രപതിയുടെ അധികാരത്തിലുള്ള സംസ്ഥാനത്ത് മാറ്റങ്ങള്‍ വരുത്തുന്നതിനായി ഷാ, ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി ചര്‍ച്ചകള്‍ നടത്തി. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ രാജീവ് ജെയ്‌നുമായും ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.

മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും, അതിര്‍ത്തി നിര്‍ണയ കമ്മീഷനെ നിയമിക്കാനുമാണ് ഷാ പദ്ധതിയിടുന്നത്. മണ്ഡലത്തിന്റെ സാധ്യതയും വലിപ്പവും വിലയിരുത്തിലാവും അതിര്‍ത്തികളില്‍ മാറ്റം വരുത്തുക. എത്ര സീറ്റുകള്‍ പട്ടിക ജാതി സംവരണമുണ്ടെന്നതും കണക്കിലെടുത്താണ് പുതിയ ആലോചനകള്‍.

1995 ലാണ് അവസാനമായി ജമ്മു കശ്മീരില്‍ അതിര്‍ത്തി മാറ്റങ്ങള്‍ വരുത്തിയത്. അന്നും സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന്റെ കീഴിലായിരുന്നു. പത്ത് വര്‍ഷം കൂടുമ്പോള്‍ മണ്ഡലങ്ങളുടെ അതിര്‍ത്തിയില്‍ പുതുക്കിപ്പണിയലുകള്‍ നടത്താം എന്നാണ് ഭരണഘടനയില്‍ അനുശാസിക്കുന്നത്. ഇതുവച്ച് നോക്കുകയാണെങ്കില്‍ ജമ്മു കശ്മീരില്‍ പിന്നീട് പുതുക്കിപ്പണിയേണ്ടത് 2005ല്‍ ആയിരുന്നു. എന്നാല്‍, 2002ല്‍ ഫാറൂഖ് അബ്ദുള്ള സര്‍ക്കാര്‍ 2026 വരെ അതിര്‍ത്തി നിര്‍ണയം മരവിപ്പിച്ചിരിക്കുകയായിരുന്നു. ജമ്മു കശ്മീര്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തിയായിരുന്നു സര്‍ക്കാര്‍ ഇത് സാധ്യമാക്കിയത്.

ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റെടുത്ത ഷാ, ആദ്യ ഉദ്യമമായി കശ്മീരിനെയാകും ഏറ്റെടുക്കുക എന്ന സൂചനകള്‍ ആദ്യംതന്നെ ഉയര്‍ന്നിരുന്നു. സംഘപരിവാറിന്റെ ദീര്‍ഘകാല ശ്രമമാണ് കശ്മീരിന്റെ പ്രത്യേക പദവിയും സ്വയംഭരണാവകാശവും എടുത്തുമാറ്റുക എന്നുള്ളത്. ഇത്തവണ പ്രകടനപത്രികയില്‍പ്പോലും ബിജെപി അത് ഉള്‍പ്പെടുത്തിയിരുന്നു.