അഹമ്മദബാദ്: ഗുജറാത്തിലെ പ്രമുഖ സഹകരണ സ്ഥാപനമായ ഇഫ്‌കോയുടെ ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അമിത് ഷായുടെ സ്ഥാനാര്‍ത്ഥിക്ക് തോല്‍വി. ബി.ജെ.പിയുടെ സഹകരണ സെല്‍ കോര്‍ഡിനേറ്റര്‍ ബിപിന്‍ പട്ടേലാണ് പരാജയപ്പെട്ടത്. ഗുജറാത്തിലെ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ജയേഷ് റഡാദിയയാണ് വിജയിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ഗുജറാത്ത് ബി.ജെ.പിയില്‍ ഉടലെടുത്ത വിഭാഗീയതയുടെ ഭാഗമായാണ് അമിത്ഷായും സംസ്ഥാന ബി.ജെ.പി അധ്യക്ഷനും പിന്തുണച്ച സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. റഡാദിയയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ വേണ്ടി അമിത് ഷാ റഡാദിയയുടെ വീട്ടിലെത്തി കണ്ടിരുന്നെങ്കിലും അദ്ദേഹം സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ അമിത്ഷായുടെ സ്ഥാനാര്‍ത്ഥി ബിപിന്‍ പട്ടേലിന് വേണ്ടി നേരിട്ടിറങ്ങിയിരുന്നെങ്കിലും വലിയ ഭൂരിപക്ഷത്തിന് എതിര്‍സ്ഥാനാര്‍ത്ഥി ജയിക്കുകയാണുണ്ടായത്. ഇതോടെ ഗുജറാത്തിലെ ബി.ജെ.പിയില്‍ രൂപപ്പെട്ട വിഭാഗീയത കൂടുതല്‍ രൂക്ഷമായിരിക്കുകയായണ്.
ഇഫ്‌കോ പ്രസിഡന്റും മുന്‍ എം.പിയുമായ ദിലീപ് സംഗാനിയുടെ പിന്തുണ ജയേഷ് റഡാദിയക്കുണ്ടായിരുന്നു. റഡാദിയക്ക് 113 വോട്ടും അമിത്ഷായുടെ സ്ഥാനാര്‍ത്ഥി ബിപിന്‍ പട്ടേലിന് 64 വോട്ടുകളുമാണ് ലഭിച്ചത്. സൗരാഷ്ട്ര മേഖലയിലെ കാര്‍ഷിക സഹകരണ സംഘങ്ങളാണ് റഡാദിയയെ പിന്തുണച്ചത്. ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് അമിത് ഷാ ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കളോടുള്ള പ്രതിഷേധം വോട്ടുകളില്‍ പ്രതിഫലിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ റഡാദിയ പിന്തുണച്ച നേതാക്കള്‍ക്കതിരെ രംഗത്തെത്തി. ചില നേതാക്കള്‍ ബി.ജെ.പിയുടെ താത്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ക്ക് മാത്രം സ്ഥാനമാനങ്ങള്‍ നല്‍കുന്ന ബി.ജെ.പിയുടെ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ഇഫ്‌കോ തെരഞ്ഞെടുപ്പിലെ തോല്‍വിയെന്ന് റഡാദിയയെ പിന്തുണച്ച ദിലീപ് സംഗാനി പറഞ്ഞു. അമിത്ഷായുടെ പിന്തുണയുള്ള ബിപിന്‍ പട്ടേലിന്റെ സ്ഥാനാര്‍ത്ഥിത്വം ആരാണ് അംഗീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് വരുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനെതിരെ ഗുജറാത്തിലെ കോണ്‍ഗ്രസില്‍ കലാപം ഉടലെടുത്തിരുന്നു. ഇഫ്‌കോ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഈ കലാപത്തിന് ആക്കം കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തില്‍ മോദി-അമിത് ഷാ കൂട്ടുകെട്ടിന് തിരിച്ചടിയേറ്റ് തുടങ്ങിയിരിക്കുന്നു എന്നാണ് ഇഫ്‌കോ തെരഞ്ഞെടുപ്പിലെ തോല്‍വി സൂചിപ്പിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
content highlights: Amitsha’s setback in Gujarat; His own candidate lost the election for the head of the co-operative society