ഭുവനേശ്വർ: 77 വയസുള്ള ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനോട് വിരമിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത്ഷാ. അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങളെ മുൻനിർത്തിയാണ് വിരമിക്കാൻ നിർദേശം നൽകിയതെന്ന് അമിത്ഷാ പറഞ്ഞു.
എന്നാൽ ഇതിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ഉൾപ്പടെ കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വന്നിട്ടുണ്ട്. 73 വയസും ഏഴ് മാസവും പ്രായമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മുന്നറിയിപ്പാണോ ഇതെന്ന ചോദ്യവും കോൺഗ്രസ് ഉന്നയിച്ചു.
ഒഡിഷയിൽ മെയ് 25ന് ലോക്‌സഭ തെരഞ്ഞെടുപ്പും നിയമ സഭാതെരഞ്ഞെടുപ്പും ഒന്നിച്ചാണ് നടക്കുന്നത്. ഇതോടനുബന്ധിച്ച റാലിയിൽ പങ്കെടുക്കവെയാണ് അമിത്ഷാ നവീൻ പട്നായിക്കിനോട് വിരമിക്കാൻ ആവശ്യപ്പെട്ടത്. നവീൻ പട്നായ്കിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.ജെ. സർക്കാർ നശിപ്പിച്ച ഒഡിഷയുടെ പ്രതാപം വീണ്ടെടുക്കാൻ നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുക എന്നാണദ്ദേഹം ജനങ്ങളോടാഹ്വാനം ചെയ്തത്.
‘നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഒഡിയ സംസാരിക്കുന്ന യുവജനങ്ങളെ മുഖ്യമന്ത്രിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവീൻ ബാബുവിന് സുഖമില്ല, പ്രായം ആയില്ലേ. അതുകൊണ്ട് തന്നെ അദ്ദേഹം പല ജോലികളും ഇപ്പോൾ കൃത്യമായി ചെയ്യുന്നില്ല. 1.5 ലക്ഷം സർക്കാർ ഒഴിവുകളാണ് ആളുകളില്ലാതെ കിടക്കുന്നത്. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ ആ ഒഴിവുകളിൽ ഞങ്ങൾ അർഹതപ്പെട്ടവരെ നിയമിക്കും,’ അമിത്ഷാ പറഞ്ഞു.
ഇതിന് പിന്നാലെയാണ് അമിത്ഷായ്ക്കെതിരെ കോൺഗ്രസ് നേതാവ് പി.ചിദംബരം പ്രതികരിച്ചത്. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
’77 വയസുള്ള നവീൻ പട്നായിക്കിനോട് വിരമിക്കാൻ ആവശ്യപ്പെട്ട അമിത്ഷാ 73 വയസുള്ള നരേന്ദ്രമോദിക്ക് വിരമിക്കാനുള്ള സൂചന നൽകുകയാണോ? പുതിയ സർക്കാർ രൂപീകരിച്ചാൽ അമിത്ഷാ ആയിരിക്കും സന്തോഷിക്കുക, മോദി പ്രതിപക്ഷനേതാവായിരിക്കും,’ അദ്ദേഹം എക്സിൽ കുറിച്ചു.
അതോടൊപ്പം കാവി പാർട്ടിയുടെ നിയമപ്രകാരം 75 വയസായാൽ വിരമിക്കണം എന്നാണ്, അപ്പോൾ 2025 ൽ മോദി വിരമിക്കില്ലേ എന്നും ദൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പ്രസംഗത്തെ ഉദ്ധരിച്ച് അദ്ദേഹം ചോദിച്ചു.
പി. ചിദംബരത്തിന്റെ എക്സ് പോസ്റ്റിനു താഴെ മോദി അമിത്ഷായ്ക്ക് വേണ്ടിയാണ് വോട്ട് തേടുന്നതെന്ന് കെജ്‌രിവാൾ പറഞ്ഞു.
Content Highlight: Amitsha advises Nveen Patnaik to retire